20 January, 2008

വിശാല ഹിന്ദുത്വവും വര്‍ഗീയ ഹിന്ദുത്വവും

ജനുവരി 12 ന് സ്വാമി വിവേകാനന്ദന്റെ 145ം ജന്മദിനം കടന്നുപോയി. വിവേകാനന്ദന്റേത് ജാതിമതാതീത മാനവമൈത്രിക്കു വേണ്ടി കരളുരുകിയവന്റെ ഹിന്ദുത്വമായിരുന്നു. അദ്ദേഹം പറഞ്ഞു: "അന്യോന്യം ഉദാരമായി പരിഗണന ഇല്ലാത്തിടത്തോളം കാലം ഒരു പരിഷ്കാരത്തിനും തലയുയര്‍ത്താനേ തരപ്പെടില്ല. അത്യന്താപേക്ഷിതമായ ഈ ഔദാര്യത്തിലേക്ക് ഒന്നാമത്തെ ചുവടുവെപ്പ് മറ്റുള്ളവരുടെ മതശ്രദ്ധയെ സ്നേഹത്തോടും ഉദാരതയോടും കൂടി വീക്ഷിക്കലാണ്... നമ്മുടെ മതപരമായ ആശയങ്ങളും ശ്രദ്ധകളും എത്രയൊക്കെ ഭിന്നമാണെങ്കിലും നാം തികഞ്ഞ സഹായം കൂടി ചെയ്യുന്നവരാകണം... ഭാരതത്തില്‍ ഹിന്ദുക്കളാണ് ക്രിസ്ത്യാനികള്‍ക്കും മുസ്ലീംകള്‍ക്കും പള്ളികള്‍ പണിതുകൊടുത്തത്. ഇതുതന്നെയാണ് ചെയ്യേണ്ട കാര്യം.. ദ്വേഷമല്ല സ്നേഹമാണ് അതിജീവിക്കാന്‍ യോഗ്യമെന്നു ലോകത്തെ ബോധ്യപ്പെടുത്തുന്നവരെ, മൃഗീയതക്കും കായികശക്തിക്കുമല്ല സൗമൃതക്കാണ് തുടര്‍ന്ന് ജീവിക്കാനും സാഫല്യമടയാനും കരുത്തുള്ളതെന്നു കാട്ടുന്നതുവരെ ക്രിസ്ത്യാനിക്കും മുസ്ലീമിനും വേണ്ടി നാം പള്ളികള്‍ പണിതുകൊടുക്കും; പള്ളികള്‍ പണിതു കൊടുക്കുകതന്നെ വേണം (വിവേകാനന്ദ സാഹിത്യ സര്‍വസ്വം വാല്യം 3, പേജ് 80).

ക്രൈസ്തവര്‍ക്കും മുസ്ലീകള്‍ക്കും ഈശ്വരാരാധന നടത്താന്‍ പള്ളികള്‍ പണിതുകൊടുക്കണം എന്ന് ആഹ്വാനം നല്‍കിയ വിവേകാനന്ദന്റെ വിശാല ഹന്ദുത്വത്തിന്റെ സ്ഥാനത്ത് 'ഇന്നെന്താണ് ഹിന്ദുത്വത്തിന്റെ പേരില്‍ ഇന്ത്യയില്‍' നടന്നുവരുന്നത്? ഇന്നിവിടെ നടന്നുവരുന്നത് പള്ളി പൊളിക്കുന്ന ഹിന്ദുത്വമാണ്. വിവേകാനന്ദന്റെ ബഹുവര്‍ണചിത്രങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് സ്വാമികളുടെ വിശാലദര്‍‍ശങ്ങള്‍ക്ക് തീര്‍ത്തും നിരക്കാത്തവിധം, പള്ളി പൊളിക്കുന്നതില്‍ ഭ്രാന്തലഹരികൊള്ളുന്ന ഹിന്ദുരാഷ്ട്രവാദികളുടെ മുഷ്കിനെ വിവേകാനന്ദ വചനങ്ങള്‍ ബഹുജനങ്ങളിലേക്ക് പകര്‍ന്നുകൊടുത്തുകൊണ്ടുതന്നെ വേണം നേരിടാന്‍. ഈശ്വരന്‍ വെറും കല്ലല്ല എന്നതുപോലെ വിവേകാനന്ദന്‍ ശിവകാശി പ്രസ് അച്ചടിച്ചു വിറ്റഴിക്കുന്ന വെറുമൊരു സുന്ദരപുരുഷന്റെ ചിത്രമല്ല. വിവേകാനന്ദന്‍ ജീവിച്ചിരുന്നൊരു വ്യക്തിത്വമാണ് - സ്വന്തം ആശയാഭിലാഷങ്ങളെ അസൂയാവഹമായ ശൈലിയില്‍ ആവിഷ്കരിച്ചു കാണിച്ച ചരിത്രപുരുഷന്‍. അതിനാല്‍ അദ്ദേഹം വെറും ചിത്രമല്ലെന്നും വിവേക മുറ്റിയ വാക്കുകളാണെന്നും വര്‍ഗീയഭ്രാന്തന്മാരെ പറഞ്ഞു ബോധ്യപ്പെടുത്താന്‍ ബഹുജനങ്ങളെ പ്രാപ്തരാക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

സ്വാമി വിവേകാനന്ദനും അദ്ദേഹത്തിന്റെ ഗുരുവും കാളിഭക്തനുമായിരുന്ന ശ്രീരാമകൃഷണ പരമഹംസരും സര്‍വദേവാലങ്ങളിലും സര്‍വ നാമ-വേദ-രൂപങ്ങളിലും ഒരൊറ്റ ഈശ്വരമഹിയെ തന്നെ അനുഭവിച്ചിരുന്നു. ശ്രീരാമകൃഷണ, വിവേകാനന്ദന്മാരേക്കാള്‍ വലിയ ഭകതരോ ഹിന്ദുക്കളോ അല്ല ഗോള്‍വല്‍ക്കറും നരേന്ദ്രമോഡിയും ഉള്‍പ്പെടെയുള്ള 'ഹിന്ദുരാഷ്ട്ര്' വാദികള്‍ എന്നതിനേക്കാള്‍ ഇന്നാട്ടിലെ ഹിന്ദുക്കള്‍ മാതൃകയാക്കേണ്ട്ത് ശ്രീരാമകൃഷണ-വിവേകാനന്ദന്മാരുടെ വിശാലദര്‍ശങ്ങളെയാണ്. അവരുടെ വിശാല ഹിന്ദുത്വമാണ് ഗോള്‍വല്‍ക്കറുടെ വര്‍ഗീയ ഹിന്ദുത്വം എന്ന വിഷവിപത്തില്‍നിന്ന് ഇന്ത്യയെ വിമോചിപ്പിക്കുന്നതിനുള്ള സിദ്ധൗഷധം.

ഭൂമിയില്‍ 39 വര്‍ഷ (1863-1902)ത്തെ ജീവിതമേ വിവേകാനന്ദന് ഉണ്ടായിരുന്നുള്ളൂ. ഇക്കാലയളവില്‍ തന്നെ അദ്ദേഹം ചെയ്ത കാര്യങ്ങള്‍ അത്ഭുതകരങ്ങളും യഥാസ്ഥിതിക ഹിന്ദുത്വത്തെ എടുത്തുലക്കുന്നതുമായിരുന്നു. സന്ന്യാസിമാര്‍ കടല്‍ കടന്നു കൂടാ എന്ന പരമ്പരാഗത വിശ്വാസത്തെ അദ്ദേഹം ലംഘിച്ചു. അതുകൊണ്ടാണ് അമേരിക്കയില്‍ പോയി പ്രസംഗിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞത്. സന്ന്യാസം സ്വീകരിച്ചതും ഏതെങ്കിലും പുകള്‍പെറ്റ സന്ന്യാസമഠത്തില്‍നിന്ന് സാമ്പ്രദായികമായിട്ടല്ല. ശ്രീരാമകൃഷണ പരമഹംസരില്‍ നിന്ന് സ്വാംശീകരിച്ച ലൗകികഭോഗ വിരക്തിയെ സ്വന്തം ജീവിതമാര്‍ഗമാക്കുകയാണ് വിവേകാനന്ദന്‍ ചെയ്തത്. വിവേകാനന്ദന്‍ എന്ന പേര് അദ്ദേഹത്തിന് നല്‍കിയതും സന്ന്യാസിയല്ല; ശ്രീരാമകൃഷ്ണ പരമഹംസരുമല്ല; മറിച്ച് അങ്ങേയറ്റം ലൗകികനായ ഖേത്രി മഹാരജാവാണ്; ഇതേപ്പറ്റി വിവേകാനന്ദന്റെ ഔദ്യോഗിക ജീവിചരിത്രത്തില്‍ ഇങ്ങനെ കാണുന്നു: 'സ്വാമിജിയുടെ പ്രസിദ്ധമായ വിവേകാനന്ദ സ്വാമി എന്ന നാമധേയം രാജാജി ബഹദൂര്‍ നല്‍കിയതാണെന്ന സംഗതി വളരെ ചുരുക്കമാളുകളേ അറിഞ്ഞിരിക്കയുള്ളൂ. ഇതിനുമുമ്പ് സ്വാമിജി വിവിദിഷാനന്ദന്‍ എന്നാണ് തന്റെ പേര്‍ എഴുതിയിരുന്നത്' (ശ്രീമദ് വിവേകാനന്ദ സ്വാമികള്‍ - ജീവചരിത്രം, പേജ് 339) ആഹാര രീതികളിലും സാധാരണ സന്ന്യാസിമാരുടെ ശൈലിയായിരുന്നില്ല വിവേകാനന്ദന്റേത്. ധാരാളം മല്‍സ്യ-മാംസങ്ങള്‍ കഴിക്കാനും പുകവലികാനും താല്പര്യം കാണിച്ചിരുന്നു: 'തനിക്കു യോജിച്ചതും സഹായകവുമായ എന്തിനെയും അറിയാനും തെരഞ്ഞേടുക്കാനും അനുവര്‍ത്തിക്കാനും നാം എല്ലാവരും സ്വാതന്ത്ര്യം അനുവദിക്കുന്നു.. ഉദാഹരണത്തിനു മാംസഭക്ഷണം ഒരുവനെ സഹായിച്ചേക്കാം; മറ്റൊരുവനെ സസ്യാഹാരവും. ഒരോരുത്തനും തനതു സവിശേഷതയിലേക്കു സ്വാഗതം' (വിവേകാനന്ദ സാഹിത്യ സര്‍വസ്വം. വാല്യം 5, പേജ് 98). ഹിന്ദുസന്ന്യാസിയായ വിവേകാനന്ദന്റെ ഇത്തരം ജനാധിപത്യപരമായ സമീപനങ്ങള്‍ക്കു കടകവിരുദ്ധമായി, ഹിന്ദുത്വത്തിന്റെ മറവില്‍, മാംസാഹാരം കഴിക്കുന്നവര്‍ മ്മ്ലേഛന്മാരും സസ്യാഹാരികള്‍ മഹാന്മാരുമാണെന്ന് പ്രചരിപ്പിച്ച്, തീന്മേശയില്‍ പോലും വര്‍ഗീയ വിഷം തളിക്കുന്നവര്‍ അഴിഞ്ഞാടുന്ന ഇന്നത്തെ ഇന്ത്യയില്‍, വിവേകാനന്ദാദര്‍ശങ്ങളെ വിവേചിച്ചറിഞ്ഞ് പ്രചരിപ്പിക്കേണ്ട ബാധ്യത എല്ലാവര്‍ക്കുമുണ്ട്; വിശിഷ്യ യുവജനങ്ങള്‍ക്കുണ്ട്. സ്വാമി വിവേകാനന്ദന്‍ സ്വന്തം രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് വിശാലോന്നത സ്വപ്നങ്ങള്‍ കണ്ടിരുന്ന ഒരു യുവാവ് കൂടിയായിരുന്നു. അതിനാലാണ് അദ്ദേഹത്തിന്റെ ജന്മദിനം യുവജനദിനമായി രാഷ്ട്രം ആചരിച്ചുവരുന്നത്. വിവേകാനന്ദന്റെ ഭാവി ഭാരതസങ്കല്പം അദ്ദേഹം ഇങ്ങനെ വ്യക്തമാക്കിയിരിക്കുന്നു. 'സര്‍വ മനുഷ്യവര്‍ഗത്തെയും സ്വന്തം ആത്മാവായി കാണുകയും പെരുമാറുകയും ചെയ്യുന്ന പ്രായോഗികാദ്വൈതം ഒരു കാലത്തും ഹിന്ദുക്കളുടെ ഇടയില്‍ വികസിപ്പിക്കപ്പെട്ടിട്ടില്ല. നേരെമറിച്ച് ഗണ്യമായ രീതിയില്‍ ഏതെങ്കിലും ഒരു മതം ഈ സമത്വത്തിലേക്ക് എന്നെങ്കിലും അടുത്തെത്തിയിട്ടുണ്ടെങ്കില്‍ എന്റെ അനുഭവത്തില്‍ അത് ഇസ്ലാമാണ്. ഇസ്ലാം മാത്രം. അതുകൊണ്ട് പ്രായോഗിക ഇസ്ലാമിന്റെ സഹായം കൂടാതെ വേദാന്ത സിദ്ധാന്തങ്ങള്‍ ഭൂരിപക്ഷം മനുഷ്യരാശിക്കും തീരെ ഉപയോഗമില്ലാത്തതാണെന്ന് എനിക്ക് ഉറച്ച ബോധ്യം വന്നിട്ടുണ്ട്. നമ്മുടെ മാതൃഭൂമി തന്നെ ആഗ്രഹിക്കുന്നത് ഹിന്ദുമതവും ഇസ്ലാമും എന്ന രണ്ടു മഹാസ്മ്പ്രദായങ്ങളുടെ - വേദാന്തമസ്തിഷ്കത്തിന്റെയും ഇസ്ലാം ശരീരത്തിന്റേയും- യോഗമാണ്. ഈ കുഴക്കിലും കലഹത്തിലും നിന്ന് ഭാവിയിലെ പൂര്‍ണഭാരതം മഹനീയവും അജയ്യവുമായി വേദാന്ത മസ്തിഷ്കത്തോടും ഇസ്ലാം ശരീരത്തോടും കൂടി ഉയര്‍ന്നുവരുന്നത് ഞാനെന്റെ മനക്കണ്‍ മുമ്പാകെ കാണുന്നു.' (വിവേകാനന്ദ സാഹിത്യസര്‍വസ്വം. വാല്യം 5, പേജ് 566-567).

മോഡിയുടെ ഗുജറാത്തിനു പകരം ഗാന്ധിജിയുടെ ഗുജറാത്തു വീണ്ടെടുക്കാന്‍ മതേതര ജനാധിപത്യഭാരതത്തിലെ യുവമസ്തിഷ്കങ്ങള്‍ വിവേകാനന്ദദര്‍ശങ്ങള്‍ക്കു ശിഷ്യപ്പെടേണ്ടിയിരിക്കുന്നു.

കടപ്പാട്: സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി

10 comments:

താരാപഥം said...

ഈ പറയുന്ന കാര്യങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും ആദരിച്ചും സ്വീകരിച്ചും ചെയ്യേണ്ടതല്ലെ. അപ്പോള്‍ വേദാന്തം പഠിച്ച്‌ അറിവുണ്ടാവട്ടെ ആദ്യം. ഹിന്ദുക്കള്‍ എല്ലാം സ്വീകരിക്കുന്നവര്‍ ആണ്‌. ഇസ്ലാം ആദര്‍ശം അടിച്ചേല്‌പിക്കുന്നതും. എല്ലാവര്‍ക്കും പള്ളിപണിതുകൊടുത്തത്‌ ഹിന്ദുക്കള്‍ തന്നെയല്ലെ. താങ്കളുടെ പോസ്റ്റിലെ ചില വരികള്‍ മനസ്സിരുത്തി വായിച്ച്‌ താങ്കളുടെ മതവിശ്വാസം നിലനിര്‍ത്തി ജീവിക്കാന്‍ ശ്രമിക്കുക. പ്രധാനപ്പെട്ട വരികള്‍ :

അദ്ദേഹം പറഞ്ഞു: "അന്യോന്യം ഉദാരമായി പരിഗണന ഇല്ലാത്തിടത്തോളം കാലം ഒരു പരിഷ്കാരത്തിനും തലയുയര്‍ത്താനേ തരപ്പെടില്ല. അത്യന്താപേക്ഷിതമായ ഈ ഔദാര്യത്തിലേക്ക് ഒന്നാമത്തെ ചുവടുവെപ്പ് മറ്റുള്ളവരുടെ മതശ്രദ്ധയെ സ്നേഹത്തോടും ഉദാരതയോടും കൂടി വീക്ഷിക്കലാണ്... നമ്മുടെ മതപരമായ ആശയങ്ങളും ശ്രദ്ധകളും എത്രയൊക്കെ ഭിന്നമാണെങ്കിലും നാം തികഞ്ഞ സഹായം കൂടി ചെയ്യുന്നവരാകണം...

നമ്മുടെ മാതൃഭൂമി തന്നെ ആഗ്രഹിക്കുന്നത് ഹിന്ദുമതവും ഇസ്ലാമും എന്ന രണ്ടു മഹാസ്മ്പ്രദായങ്ങളുടെ - വേദാന്തമസ്തിഷ്കത്തിന്റെയും ഇസ്ലാം ശരീരത്തിന്റേയും- യോഗമാണ്. ഈ കുഴക്കിലും കലഹത്തിലും നിന്ന് ഭാവിയിലെ പൂര്‍ണഭാരതം മഹനീയവും അജയ്യവുമായി വേദാന്ത മസ്തിഷ്കത്തോടും ഇസ്ലാം ശരീരത്തോടും കൂടി ഉയര്‍ന്നുവരുന്നത് ഞാനെന്റെ മനക്കണ്‍ മുമ്പാകെ കാണുന്നു.'

പരിത്രാണം said...

സുഹൃത്തു പറഞ്ഞതിനോടു ഞാനു യോജിക്കുന്നു. പക്ഷേ "വേദാന്തം പഠിച്ച്‌ അറിവുണ്ടാവട്ടെ ആദ്യം" ഇതിനു വിവേകാനന്ദന്റെ ഭാവി ഭാരതസങ്കല്പം അദ്ദേഹം ഇങ്ങനെ വ്യക്തമാക്കിയിരിക്കുന്നു. 'സര്‍വ മനുഷ്യവര്‍ഗത്തെയും സ്വന്തം ആത്മാവായി കാണുകയും പെരുമാറുകയും ചെയ്യുന്ന പ്രായോഗികാദ്വൈതം ഒരു കാലത്തും ഹിന്ദുക്കളുടെ ഇടയില്‍ വികസിപ്പിക്കപ്പെട്ടിട്ടില്ല. നേരെമറിച്ച് ഗണ്യമായ രീതിയില്‍ ഏതെങ്കിലും ഒരു മതം ഈ സമത്വത്തിലേക്ക് എന്നെങ്കിലും അടുത്തെത്തിയിട്ടുണ്ടെങ്കില്‍ എന്റെ അനുഭവത്തില്‍ അത് ഇസ്ലാമാണ്" അദ്ദേഹത്തിന്റെ ഈ വരികള്‍ എന്റെ സുഹൃത്തു മനപൂ ര്‍ വ്വം മറന്നതായിരിക്കും എന്നു വിശ്വസിക്കുന്നു

താരാപഥം said...

പ്രായോഗികത എന്നാല്‍ - എന്നെന്നും നടപ്പില്‍ വരുത്താവുന്നത്‌ എന്നൊക്കെയാണ്‌ ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്‌. എല്ലാ മതഗ്രന്ഥങ്ങളിലെയും പൗരാണിക ധര്‍മ്മശാസ്ത്രങ്ങളിലെയും എല്ലാ വാഖ്യങ്ങളും എന്നെന്നും നിലനില്‌ക്കണം എന്ന വാശി എന്റെ പ്രായോഗിക ബുദ്ധിയില്‍ ഇല്ല. വേദങ്ങള്‍ പഠിക്കണം എന്ന് ഒരു ആവേശത്തിന്‌ പറഞ്ഞതാണ്‌. എളുപ്പം സാധിക്കുന്ന കാര്യമല്ല. ഹദീസുകളൊക്കെ താങ്കളും വായിച്ചിരിക്കുമലോ?

പരിത്രാണം said...

താരാപദം "ഈ" എന്നു എഴുതി എന്നെ കാണിക്കാന്‍ ഉദ്ദേശിച്ച ഹദീസിലേക്ക് എനിക്കു ഇവിടെ നിന്നു പ്രവേശിക്കാന്‍ കഴിയുന്നില്ല. പിന്നെ വേദങ്ങള്‍ മനുഷ്യനു വേണ്ടിയുള്ളതാണെങ്കില്‍ അതു പഠിക്കുക എന്നത് സാധിക്കാത്ത കാര്യം അല്ല. ഹദീസുകള്‍ മനുഷ്യനിര്‍മ്മിതമാണ് അതില്‍ സ്വീകരിക്കേണ്ടതും തള്ളിക്കളയേണ്ടതും ഉണ്ടാവാം എന്നാല്‍ ദൈവത്തിന്റെ ഗ്രന്ഥമായ വിശുദ്ധഖുര്‍ആനിലൂടെ അല്ലാഹു മനുഷ്യരോടായി പറഞ്ഞതു ഇങ്ങിനെയാണ്:

"നിനക്കും നിന്റെ മുന്‍ഗാമികള്‍ക്കും നല്‍കപ്പെട്ട സന്ദേശത്തില്‍ വിശ്വസിക്കുകയും, പരലോകത്തില്‍ ദൃഢമായി വിശ്വസിക്കുകയും ചെയ്യുന്നവരത്രെ അവര്‍ (സൂക്ഷമത പാലിക്കുന്നവര്‍) (സൂറ: അല്‍ബക്കറ 2:4)

"നിങ്ങളുടെ പക്കലുള്ള വേദഗ്രന്ഥങ്ങളെ ശരിവെച്ചുകൊണ്ട് ഞാന്‍ അവതരിപ്പിച്ച സന്ദേശത്തില്‍ (ഖുര്‍ആനില്‍) നിങ്ങള്‍ വിശ്വസിക്കൂ. അതിനെ ആദ്യമായി തന്നെ നിഷേധിക്കുന്നവര്‍ നിങ്ങളാകരുത്. തുച്ഛമായ വിലക്ക് (ഭൗതിക നേട്ടാത്തിനു) പകരം എന്റെ വചനങ്ങള്‍ നിങ്ങള്‍ വിറ്റുകളയുകയും ചെയ്യരുത് എന്നോട് മാത്രം നിങ്ങള്‍ ഭയഭക്തി പുലര്‍ത്തുക. (സൂറ: അല്‍ബക്കറ 2:41)

ഇത്തരം ദൈവിക വചനങ്ങള്‍ നില നില്‍ക്കേ ശരിയായ ഒരു മുസ്ലീം വിശ്വാസിക്കും ഒരിക്കലും ഖുര്‍ ആനിനു മുന്നെ അവതരിച്ച ഒരു ദൈവിക ഗ്രന്ഥങ്ങളേയും തള്ളി പറയാന്‍ അവകാശമില്ല എന്നു മാത്രമല്ല അതിലെല്ലാം വിശ്വസിക്കലും അവരുടെ വിശ്വാസത്തിന്റെ ഭാഗമാണു. പില്‍ക്കാലത്ത് താത്ക്കാലിക ഭൗതിക നേട്ടത്തിനു വേണ്ടി മനുഷ്യരുടെ കൈകടത്തലിന്റെ ഫലമായി ദൈവിക സന്ദേശങ്ങളില്‍ വ്യത്യസ്തങ്ങളായ ആശയങ്ങള്‍ കാണാന്‍ കഴിയും

അതിനാല്‍ നിങ്ങളുടെ പക്കലുള്ള വേദങ്ങള്‍ പഠിക്കുക അസാധ്യമാണെന്ന ചിന്ത ഒഴിവാക്കി അതു പഠിക്കാന്‍ ശ്രമിച്ചാല്‍ ഖുര്‍ആന്‍ എന്താണെന്നു എളുപ്പം മനസ്സിലാവും. അപ്പോള്‍ മനുഷ്യനന്മക്കും പുരോഗതിക്കും പരിഷ്കാരത്തിനും അവതീര്‍ണമായ വേദങ്ങളും തുടര്‍ന്ന് അവസാന ഗ്രന്ഥമായി അവതരിച്ച ഖുര്‍ആനും മനുഷ്യര്‍ക്ക് തന്ന ആ ഏകദൈവത്തില്‍ വിശ്വസിക്കുക എന്നതല്ലേ മനുഷ്യധര്‍മ്മം. അതും ഖുര്‍ആനിലൂടെ വ്യക്തമാക്കിയിട്ടുണ്ട്

"(മുഹമ്മദ് നബിയില്‍) വിശ്വസിച്ചവരോ, യഹൂദമതം സ്വീകരിച്ചവരോ, ക്രൈസ്തവരോ, സാബികളോ ആരാകട്ടെ, അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ളവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ അവര്‍ അര്‍ഹിക്കുന്ന പ്രതിഫലമുണ്ട്. അവര്‍ക്ക് ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല (സൂറ: അല്‍ബക്കറ 2:62)

താരാപഥം said...

സ്ഥലത്തേക്ക്‌ ഒന്നു കൂടി ക്ഷണിക്കുന്നു. ഇതും - ഇതും ഒന്ന് നോക്കുക.

Unknown said...

പ്രിയ താരാപഥം,

താങ്കള്‍ ചൂണ്ടിക്കാണിച്ച സൈറ്റ് സന്ദര്‍ശിച്ചു. അദ്ദേഹം അവിടെ ഉദ്ധരിച്ച ഒറ്റ ഹദീസുകള്‍ക്കും വെറും നമ്പര്‍ മാത്രമല്ലാതെ ഏത് ഹദീസ് പണ്ഡിതന്‍ തന്റെ ഏതു പുസ്തകത്തില്‍ അവ കൊടുത്തിരിക്കുന്നു എന്ന് വ്യക്തമാക്കിയിട്ടില്ല. ചുരുക്കിപ്പറഞ്ഞാല്‍ റഫറന്‍സ് ഇല്ല. കൊടുത്തിരിക്കുന്ന നമ്പര്‍ വെച്ച് പ്രധാന ഹദീസ് ഗ്രന്ഥങ്ങള്‍ പരിശോധിച്ചുവെങ്കിലും അദ്ദേഹം കൊടുത്തിരിക്കുന്നതും ഹദീസ് ഗ്രന്ഥങ്ങളിലെ ഹദീസുകളും തമ്മില്‍ ഒത്തുവരുന്നുമില്ല.

റഫറന്‍സ് ചോദിച്ചപ്പോള്‍ ‘സ്വയം കണ്ടെത്തിക്കോളൂ‘ എന്ന മറുപടിയാണ് ഒരു സഹോദരന് ലഭിച്ചത്! ഹദീസ് നമ്പര്‍ മാത്രം വെച്ച് എങ്ങനെയാണ് റഫര്‍ ചെയ്യുക?

തന്റെ ഉദ്ദേശ്യം വിമര്‍ശനമല്ല, മറിച്ച് മുസ്ലിംകളെ പ്രകോപിപ്പിക്കുക മാത്രമാണെന്ന് ഒരു കമെന്റില്‍ അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരിക്കെ അതിനൊന്നും മറുപടി പറയേണ്ട ആവശ്യവും മുസ്ലിംകള്‍ക്കില്ല. അദ്ദേഹത്തിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യം, പക്ഷേ ഖുര്‍‌ആന്‍ വിമര്‍ശനമോ മുസ്ലിംകളെ പ്രകോപിപ്പിക്കലോ അല്ല, വെറും വയറ്റിപ്പിഴപ്പാണെന്ന് അദ്ദേഹത്തിന്റെ മറ്റു സൈറ്റുകളും സന്ദര്‍ശിച്ചപ്പോള്‍ മനസ്സിലായി. എല്ലാറ്റിലും താന്‍ എഴുതിയ പുസ്തകങ്ങളുടെ ബഹുവര്‍ണ്ണ പരസ്യങ്ങളാണ്! ആ ഏഴാം കൂലി പുസ്തകങ്ങള്‍ വിറ്റുപോകണമെങ്കില്‍ എന്തു ചെയ്യണമെന്ന് നന്നായിട്ടറിയാം അയാള്‍ക്ക്.

ജോസഫ് ഇടമറുകിന്റെ ഖുര്‍‌ആന്‍ വിമര്‍ശന ഗ്രന്ഥങ്ങള്‍ വായിച്ചവര്‍ക്ക് അറിയാം ഇദ്ദേഹത്തിന് എവിടെ നിന്നാണ് തന്റെ ആശയങ്ങള്‍ കിട്ടുന്നതെന്ന്‌!

താങ്കളെപ്പോലുള്ള ശുദ്ധന്മാരെ തെറ്റിദ്ധരിപ്പിക്കാന്‍ അദ്ദേഹത്തിന്റെ വാറോലകള്‍ക്ക് കഴിയുന്നുവെന്നറിയുന്നതില്‍ ദുഃഖമുണ്ട്. എങ്കിലും ഒരു യഥാര്‍ത്ഥ സത്യാന്വേഷിയെ വഴിതെറ്റിക്കാന്‍ ഒരു ശക്തിയ്ക്കും കഴിയില്ലെന്ന ഉത്തമവിശ്വാസം എനിക്കുണ്ട്.

താങ്കളുടെ അറിവിലേക്കായി കുറച്ചു വസ്തുതകള്‍‌കൂടി എഴുതുന്നു. ഇതെല്ലാം വായിക്കാന്‍ ദയവുണ്ടാകണം.

(മുമ്പ് ‘കിരണ്‍’ എന്നു പേരുള്ള ഒരു സഹോദരന് ചില കാര്യങ്ങള്‍ വിശദീകരിച്ചുകൊടുത്തത് ഇവിടെയുണ്ട്. അതുകൂടി വായിക്കണമെന്ന് അപേക്ഷിക്കുന്നു.)

* * *

ഖുര്‍‌ആന്‍

പ്രവാചകന്‍ മുഹമ്മദിന് അവതരിക്കപ്പെട്ട വേദമാണ് വിശുദ്ധ ഖുര്‍‌ആനെന്ന് മുസ്ലിംകള്‍ വിശ്വസിയ്ക്കുന്നു. അതിന്റെ സംരക്ഷണം ദൈവം ബാദ്ധ്യതയായി ഏറ്റതിനാല്‍ അവതരിക്കപ്പെട്ട അതേ നിലയില്‍ ഇന്നും മാറ്റത്തിരുത്തലുകള്‍ക്കൊന്നും വിധേയമാകാതെ ഖുര്‍‌ആന്‍ നിലനില്‍ക്കുന്നു.

ഖുര്‍‌ആ‍ന്‍ വചനങ്ങള്‍ വിവിധ സന്ദര്‍ഭങ്ങളിലായാണ് അവതരിക്കപ്പെട്ടത്. അതില്‍ പ്രവാചകനുമാത്രം ബാധകമായ കല്‍പ്പനകളുണ്ട് മുഴുവന്‍ സത്യവിശ്വാസികള്‍ക്കും ഒരുപോലെ ബാധകമായ കല്‍പ്പനകളുമുണ്ട്. ഖുര്‍‌ആന്‍ അവതരിപ്പിക്കുകയും സംരക്ഷിയ്ക്കുകയും അത് യഥാവിധി വിശദീകരിക്കുകയും ചെയ്യുകയെന്ന ബാധ്യത ദൈവം നിറവേറ്റിയിട്ടുണ്ട്. ഖുര്‍‌ആന്‍ ജീവിതത്തില്‍ പകര്‍ത്തി വിശ്വാസികള്‍ക്ക് മാതൃകയായാണ് പ്രവാചകന്‍ ജീവിച്ചത്. ഖുര്‍‌ആന്‍ അനുസരിച്ച് ജീവിക്കാന്‍ ഒരു മുസ്ലിം ആഗ്രഹിക്കുന്നുവെങ്കില്‍ അവനു മുന്‍പില്‍ ഖുര്‍‌ആന്റെ കുറ്റമറ്റ ഒരു ജീവിതമാതൃകയുണ്ട്. അത് പ്രവാചകന്‍ മുഹമ്മദിന്റെ ജീവിതമാണ്. ആ മാതൃക അതേപടി അനുകരിക്കുകമാത്രമേ അവനുവേണ്ടൂ.

ഖുര്‍‌ആനില്‍ ചരിത്ര സൂചനകളുണ്ട്. വിശ്വാസികള്‍ക്ക് ഗുണപാഠമായിക്കൊണ്ടല്ലാതെ ഒരു ചരിത്ര സംഭവവും ഖുര്‍‌ആന്‍ വിവരിയ്ക്കുന്നില്ല. ഖുര്‍‌ആനുമാത്രം സ്വന്തമായ പ്രത്യേക ശൈലിയിലാണ് അതിന്റെ ചരിത്രവിവരണങ്ങള്‍. എന്നാലോ, അതൊരു ചരിത്ര ഗ്രന്ഥമല്ല!

ഖുര്‍‌ആനില്‍ ശാസ്ത്രസൂചനകളുണ്ട്, എന്നാലതൊരു ശാസ്ത്രഗ്രന്ഥമല്ല. അതിന്റെ ശൈലി അനനുകരണീയമാണ്. ചിന്താശേഷിയുള്ളവര്‍ക്കുവേണ്ടിയാണ് ഖുര്‍‌ആന്‍ അതിന്റെ വരിഷ്ഠമായ ആശയങ്ങള്‍ മുന്നോട്ടുവെയ്ക്കുന്നത്. ലോകാവസാനംവരേയ്ക്കുമുള്ള മനുഷ്യര്‍ക്കും മാര്‍ഗ്ഗദര്‍ശകമായിട്ടാണ് ഖുര്‍‌ആന്‍ അവതരിക്കപ്പെട്ടത്. അതിനാല്‍ത്തന്നെ എക്കാലത്തും പ്രായോഗികമായ കല്‍പ്പനകള്‍ മാത്രമേ അതിലുള്ളു.

സ്വയം ദൈവികമെന്ന് അവകാശപ്പെട്ട ഒരു മതഗ്രന്ഥവും ഇന്നില്ല, ഖുര്‍‌ആനല്ലാതെ. ഖുര്‍‌ആന്‍ ദൈവികമാണോ അല്ലയോ എന്ന് എങ്ങനെ ഒരുവന്‍ തിരിച്ചറിയും? അതിനുള്ളമാര്‍ഗ്ഗവും ഖുര്‍‌ആന്‍ തന്നെ മുന്നോട്ടു വെയ്ക്കുന്നു:

“അവര്‍ ഖുര്‍ആനിനെപ്പറ്റി ചിന്തിക്കുന്നില്ലേ? അത്‌ അല്ലാഹു അല്ലാത്തവരുടെ പക്കല്‍ നിന്നുള്ളതായിരുന്നെങ്കില്‍ അവരതില്‍ ധാരാളം വൈരുദ്ധ്യം ക‌ണ്ടെത്തുമായിരുന്നു.“ വിശുദ്ധ ഖുര്‍‌ആന്‍ അദ്ധ്യായം 4:82

അതെ! ഇതാണ് ഖുര്‍‌ആന്റെ ‘ആസിഡ് ടെസ്റ്റ്’! ചരിത്രവിവരണങ്ങളും ശാസ്ത്രസൂചനകളും നിയമങ്ങളും കല്‍പ്പനകളും ആവര്‍ത്തിച്ച് പ്രത്യക്ഷപ്പെടുന്ന ഖുര്‍‌ആനില്‍ ഒരുപാട് വൈരുദ്ധ്യങ്ങള്‍ ഉണ്ടാകുമായിരുന്നു, അത് താങ്കളെയോ, എന്നെയോ മുഹമ്മദ് നബിയെയോ പോലുള്ള മനുഷ്യരാണ് എഴുതിയുണ്ടാക്കിയതെങ്കില്‍!

ഹദീസുകള്‍

പ്രവാചകന്‍ മുഹമ്മദ് പറഞ്ഞതും ചെയ്തതും അനുവദിച്ചതുമായ കാര്യങ്ങള്‍ രേഖപ്പെടുത്തപ്പെട്ട ചരിത്ര രേഖകളാണ് ഹദീസുകള്‍. പ്രധാന ഹദീസ് ഗ്രന്ഥങ്ങള്‍ ഇമാം ബുഖാരി, ഇമാം മുസ്ലിം എന്നിവരുടേതാണ്. ഇവരുടെ ഹദീസ് ഗ്രന്ഥങ്ങളില്‍ authentic ആയതും അല്ലാത്തവയുമുണ്ട്. ഇത്തരം authentic ഹദീസുകളില്‍ പ്രവാചക വചനങ്ങളെന്ന് സംശയലേശംന്യേ മനസ്സിലാക്കാവുന്ന ഹദീസുകളാണ് പ്രവാചക‌ചര്യയുടെ(സുന്ന) അടിസ്ഥാനം.

ചുരുക്കിപ്പറഞ്ഞാല്‍ ഹദീസുകളില്‍ തള്ളേണ്ടവയും കൊള്ളേണ്ടവയുമുണ്ട്. പരസ്പര വിരുദ്ധമായ ഹദീസുകളുമുണ്ട്. കാരണം ഹദീസുകള്‍ മനുഷ്യ നിര്‍മ്മിതങ്ങളാണ്.

ഇസ്ലാം വിമര്‍ശകര്‍

കുരിശു യുദ്ധങ്ങള്‍ മുസ്ലിം ലോകവും യൂറോപ്പും തമ്മില്‍ അറിയുന്നതിന് സാധ്യതയൊരുക്കി. അതുവരേയ്ക്കും, അറബികള്‍ ആരാധിയ്ക്കുന്ന ത്രിമൂര്‍ത്തികളിലെ ഒരു വിഗ്രഹമാണ് മുഹമ്മദ് എന്നും മറ്റുമായ വികലമായ അറിവുകളാണ് ഇസ്ലാമിനെക്കുറിച്ച് യൂറോപ്യന്മാര്‍ക്കുണ്ടായിരുന്നത്. എങ്കിലും ഇസ്ലാമിനെക്കുറിച്ച് ക്രൈസ്തവലോകം പഠിച്ചതിനു പിന്നില്‍ 'know thy enemy' എന്ന ഒറ്റലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളു.

ഇന്നും ഇസ്ലാം വിമര്‍ശനത്തിന്റെ മുന്‍‌പന്തിയില്‍ നില്‍ക്കുന്നത് കുരിശുയുദ്ധങ്ങളുടെ ഹാങ്ങോവര്‍ മാറിയിട്ടില്ലാത്ത ക്രൈസ്തവ പാതിരിമാര്‍തന്നെയാണ്. അവരുടെ സാഹിത്യങ്ങളാണ് ഇന്നും മറ്റുള്ളവര്‍(യുക്തിവാദികളും നിരീശ്വരവാദികളും മറ്റും) ഉപയോഗിക്കുന്നത്.

എല്ലാ വിമര്‍ശകരും ചെയ്യാറുള്ള ചില കാര്യങ്ങളുണ്ട്. അവയില്‍ പ്രധാനം ഖുര്‍‌ആന്‍/ഹദീസ് വചനങ്ങള്‍ സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിമാറ്റി അവതരിപ്പിക്കുകയെന്നതാണ്.

ഉദാഹരണത്തിന് ഫാദര്‍ എ.പി. പൈലി (അങ്കമാലി) എഴുതിയ ‘ഇസ്ലാം മതപരി‌ശോധന’ എന്ന ഗ്രന്ഥത്തില്‍ ഒരു ഖുര്‍‌ആന്‍ വചനം ഇപ്രകാരമാണ് കൊടുത്തിരിക്കുന്നത്:

‘വേദക്കാരോട് നിങ്ങള്‍ വാദപ്രതിവാദം നടത്തരുത്’ (29:46)

ഒരു മുഴുവന്‍ വചനം മുറിച്ച് തെറ്റിദ്ധാരണാജനകമായി അവതരിപ്പിച്ചിരിക്കുന്നു! ഇനി അതിന്റെ പൂര്‍ണ്ണരൂപം നോക്കൂ:

“വേദക്കാരോട്‌ ഏറ്റവും നല്ല രീതിയിലല്ലാതെ നിങ്ങള്‍ സംവാദം നടത്തരുത്‌- അവരില്‍ നിന്ന്‌ അക്രമം പ്രവര്‍ത്തിച്ചവരോടൊഴികെ. നിങ്ങള്‍ ( അവരോട്‌ ) പറയുക: ഞങ്ങള്‍ക്ക്‌ അവതരിപ്പിക്കപ്പെട്ടതിലും നിങ്ങള്‍ക്ക്‌ അവതരിപ്പിക്കപ്പെട്ടതിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ ദൈവവും നിങ്ങളുടെ ദൈവവും ഒരുവനാകുന്നു. ഞങ്ങള്‍ അവന്‌ കീഴ്പെട്ടവരുമാകുന്നു.“ (29:46)

ഇത്തരം രീതികള്‍ അന്യായമാണെന്ന് പറയേണ്ടതില്ലല്ലോ. ഗീതയില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ അര്‍ജ്ജുനനെ യുദ്ധത്തിനു പ്രേരിപ്പിക്കുന്ന വാക്കുകള്‍ അതിന്റെ സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിയെടുത്ത് അവതരിപ്പിച്ചിട്ട് ശ്രീകൃഷണന്‍ ഒരു യുദ്ധക്കൊതിയനായിരുന്നെന്ന് പറഞ്ഞാല്‍ അത് നീതിപൂര്‍വ്വകമായ വിമര്‍ശനമാകുമോ? (പെരിയാര്‍ എഴുതിയ ഗീത, രാമായണ വിമര്‍ശന ഗ്രന്ഥങ്ങളില്‍ ഇപ്രകാരമുള്ള വചനങ്ങള്‍ ധാരാളമുണ്ട്. രാമനെയും സീതയെയും പോലും അങ്ങോര്‍ വൃത്തികെട്ട രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്.)

* * *

തല്‍ക്കാലം നിര്‍ത്തട്ടെ, താങ്കള്‍ക്ക് ഇസ്ലാമിനെക്കുറിച്ച് പഠിക്കാന്‍ ആഗ്രമുണ്ടെങ്കില്‍ അതിന്റെ സ്രോതസ്സില്‍ നിന്നുതന്നെ പഠിക്കാന്‍ ശ്രമിയ്ക്കുക. അത്തരത്തില്‍ ഒരു പഠനം നടത്തിയാല്‍ തീര്‍ച്ചയായും താങ്കളുടേതായ സംശയങ്ങളും കാണും. അവ ഇവിടെ പോസ്റ്റ് ചെയ്യുക. കഴിയും പ്രകാരം അതിന് മറുപടി നല്‍കുവാന്‍ ഞാനും എന്റെ മുസ്ലിം സഹോദരന്മാരും തയ്യാറാണ്. (ഇന്‍ശാ അല്ലാഹ്)

ദൈവത്തിങ്കല്‍ നിന്നുള്ള ശാന്തിയും സമാധാനവും താങ്കളുടെ ഹൃത്തടങ്ങളില്‍ ദൈവം നിറച്ചു തരുമാറാകട്ടെ! താങ്കള്‍ക്കും കുടുംബത്തിനും ദീര്‍ഘായുസ്സും ആരോഗ്യവും സമ്പല്‍ സ‌മൃതിയുമേകുവാന്‍ സര്‍വ്വശക്തനോട് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിയ്ക്കുന്നു.

താരാപഥം said...

Mr.MJ, നിര്‍ദ്ദേശങ്ങള്‍ക്ക്‌ നന്ദി. മനുഷ്യന്‍ എപ്പോഴും സംശയാലുവാണ്‌. സംശയ നിവൃത്തി വരുത്തുന്നത്‌ മനുഷ്യന്റെ വിവേചിച്ചറിയാനുള്ള കഴിവാണ്‌. അത്‌ ഈശ്വരന്‍ എല്ലാവര്‍ക്കും കൊടുത്തിട്ടും ഉണ്ട്‌. എല്ലാകാര്യവും മനസ്സിലാക്കി നിരീക്ഷിച്ചതിനുശേഷം ശരിയെന്നു തോന്നിയത്‌ തിരഞ്ഞെടുക്കാന്‍ ഭഗവത്‌ ഗീത അനുവാദവും തരുന്നുണ്ട്‌,അതില്‍ വിശ്വസിക്കുന്നവര്‍ക്ക്‌.
(മത പ്രവര്‍ത്തകര്‍ മറ്റുമതങ്ങളിലെ കാര്യങ്ങള്‍ ദുര്‍വ്യഖ്യാനം ചെയ്യാതെ , എല്ലാ മതങ്ങളിലെയും നന്മകള്‍ ഇതാണ്‌ എന്നുമാത്രം പ്രചരിപ്പിച്ചിരുന്നെങ്കില്‍ മനുഷ്യന്‍ എന്നേ നന്നാകുമായിരുന്നു.)

പരിത്രാണം said...

പ്രിയ താരപാഥം;
ദുര്‍ വ്യാഖ്യാനം നടന്നിട്ടുണ്ട് എന്ന കാര്യം സമ്മതിക്കുന്നു.
("മനുഷ്യന്‍ എപ്പോഴും സംശയാലുവാണ്‌. സംശയ നിവൃത്തി വരുത്തുന്നത്‌ മനുഷ്യന്റെ വിവേചിച്ചറിയാനുള്ള കഴിവാണ്‌. അത്‌ ഈശ്വരന്‍ എല്ലാവര്‍ക്കും കൊടുത്തിട്ടും ഉണ്ട്‌")
മനുഷ്യ സമൂഹത്തിനു അല്ലാഹു (ദൈവം) നല്‍കിയിട്ടുള്ള അപാരമായ അനുഗ്രഹമാകുന്നു സത്യവും അസത്യവും വേര്‍തിരിച്ച് മനസ്സിലാക്കാനുള്ള സവിശേഷബുദ്ധി എന്നുള്ളത്. അതുപയോഗിച്ച് മനുഷ്യന്‍ ആദ്യമായി കണ്ടെത്തേണ്ടത് അവന്റെ സൃഷ്ടാവിനെയാകുന്നു.

ആ കഴിവ് ഉപയോഗപ്പെടുത്തിയിരുന്നുവെങ്കില്‍ ദൈവത്തിന്റെ സൃഷ്ടിയായ മനുഷ്യന്റെ ആരാധന അവന്റെ സ്രഷ്ടാവിനോട് മാത്രം എന്ന് മനസ്സിലാക്കാന്‍ മനുഷ്യര്‍‍ക്കിടയില്‍ ഇത്തരം പരിത്രാണത്തിന്റെ ആവിശ്യം ഉണ്ടായിരുന്നില്ല. അത്തരം ദുര്‍വ്യാഖ്യാനങ്ങള്‍‍ നടന്നതുകൊണ്ടല്ലേ ഇത്തരം ചര്‍ച്ചകള്‍ ഉണ്ടാവാന്‍ തന്നെ കാരണം. ഇത്തരം ചര്‍ച്ചകളുടെ ആവശ്യകതയും അതു തന്നെയാണ്.

(മത പ്രവര്‍ത്തകര്‍ മറ്റുമതങ്ങളിലെ കാര്യങ്ങള്‍ ദുര്‍വ്യഖ്യാനം ചെയ്യാതെ, എല്ലാ മതങ്ങളിലെയും നന്മകള്‍ ഇതാണ്‌ എന്നുമാത്രം പ്രചരിപ്പിച്ചിരുന്നെങ്കില്‍ മനുഷ്യന്‍ എന്നേ നന്നാകുമായിരുന്നു.)

കാര്യം താരാപഥം ആഗ്രഹിക്കുന്നതുപോലെ ആയിരുന്നുവെങ്കില്‍ എന്നു തന്നെയാണ് എല്ലാവരും ആഗ്രഹിക്കുന്നതും പക്ഷേ സംശയാലുവായ മനുഷ്യനെ അവന്റെ സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്കു വേണ്ടി ദുര്‍ വിനിയോഗം ചെയ്യാനല്ലേ മനുഷ്യരില്‍ പലരും ഇപ്പോഴും ദുര്‍വ്യാഖ്യാനത്തിലൂടെ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സ്വന്തം ആശയം ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കാന്‍ വേണ്ടി എന്തും ദുര്‍വ്യാഖ്യാനം ചെയ്യാന്‍ ഇന്നും ആര്‍ക്കും ഒരു മടിയുമില്ല. ഈ സന്ദര്‍ഭത്തില്‍ ഖുര്‍ആനിലെ ഒരു അദ്ധ്യായം ഇവിടെ ചേര്‍ക്കുന്നു

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
കാലം തന്നെയാണ് സത്യം,
തീര്‍ച്ചയായും മനുഷ്യര്‍ നഷ്ടത്തില്‍ തന്നെയാകുന്നു;
വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, സത്യം കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ക്ഷമ കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ചെയ്തവരൊഴികെ.

സത്യവിശ്വാസികളെ പ്രകോപിപ്പിച്ച് അതില്‍ ആനന്ദം കണ്ടെത്തുന്ന മനുഷ്യര്‍ എപ്പോഴും ഭൂമിയില്‍ ഉണ്ട് അല്ലാഹു അവന്റെ അടിമകള്‍ക്ക് നല്‍കിയ മറ്റൊരു അനുഗ്രഹമാകുന്നു അവന്റെയടുക്കല്‍ സ്വീകാര്യമായ ഇസ് ലാം (സമര്‍പ്പണം, സമാധാനം)ഇസ് ലാം നിങ്ങളുടെ കൂടിയാണ്. ലോകത്ത് കഴിഞ്ഞുപോയ മുഴുവന്‍ പ്രവാചകന്മാരും പഠിപ്പിച്ച മതം ഇസ് ലാം (സമര്‍പ്പണം) മാത്രമായിരുന്നു.
ഇസ് ലാം പഠിപ്പിക്കുന്ന ദൈവം ഈ പ്രപഞ്ചത്തേയും അതിലെ സര്‍വ്വ ചരാചരങ്ങളേയും തങ്കളടക്കമുള്ള മുഴുവന്‍ മനുഷ്യരേയും മറ്റു ജീവജാലങ്ങളേയും സൃഷ് ടിച്ചവനായ പ്രപഞ്ചാധീതനായ ശക്തിയാകുന്നു.

ഇത് കഴിഞ്ഞാല്‍ അല്ലാഹു മനുഷ്യസമൂഹത്തിന് നല്‍കിയിട്ടുള്ള വലിയ അനുഗ്രഹമാണ് "ക്ഷമ" എന്നത്.
ഇസ്ലാമിന്റെ ഖലീഫയായ ഉമറുല്‍ ഫാറൂഖ് (റ) പറയുന്നു:(ഇസ് ലാമിനു ശേഷം ക്ഷമയേക്കാള്‍ വിശാലമായ ഒരനുഗ്രഹം ഞങ്ങള്‍ക്ക് ലഭിച്ചിട്ടില്ല).
ക്ഷമ സത്യവിശ്വാസിയുടെ അടയാളമാണു.

ചിന്തിക്കുക നശ്വരമായ ഐഹിക ജീവിതത്തേക്കാള്‍ പാരത്രിക ജീവിതത്തിന് പ്രാധാന്യം നല്‍കുക. ശാശ്വതമോക്ഷം തിരഞ്ഞെടുക്കുക: നാഥന്‍ അനുഗ്രഹിക്കട്ടെ (ആമീന്‍).

 graphixplanet said...

അസ്സലാമു അലൈക്കും.

ഞാന്‍ ഈ പോസ്റ്റിനുള്ള കമേന്‍റ് അല്ല എഴുതുന്നത്. മറിച്ച് എന്‍റെ ബ്ലോഗില്‍ നിങ്ങള്‍ എഴുതിയ കമേന്‍റിന് നന്ദി പറയാനാണ്. സത്യവും അസത്യവും തിരിച്ചറിഞ്ഞ് അസത്യത്തിന് എതിരെ പോരാടാന്‍ നമുക്ക് അല്ലാഹു തൗഫീഖ് ചെയ്യട്ടെ. വീണ്ടും നിങ്ങളുടെ നല്ല കമാന്‍റുകള്‍ പ്രതീക്ഷിക്കുന്നു. അതോടൊപ്പം ശിര്‍ക്കിനെതിരെ ഖുര്‍ആനും തിരുസുന്നത്തും മുറുകെ പിടിച്ചു പോരാടുക. അല്ലാഹു നമുക്ക് തൗഫീഖ് ചെയ്യട്ടെ. ആമീന്‍.

പരിത്രാണം said...

വഅലൈക്കുമുസ്സലാം

ഇത്രയും വിശാലമായി എഴുതണം എന്നു ഒരിക്കലും വിചാരിച്ചതല്ല പക്ഷേ പറ്റിപോയി ഇന്‍ശാ അല്ലാഹ് സുഹൃത്ത് പറഞ്ഞതുപോലെ സത്യവും അസത്യവും തിരിച്ചറിഞ്ഞ് അസത്യത്തിന് എതിരെ പോരാടാന്‍ നമുക്ക് അല്ലാഹു തൗഫീഖ് ചെയ്യട്ടെ. ആമീന്‍