യേശു ക്രിസ് തു ആരായിരുന്നു?
ക്രിസ് തു വ്യഭിചാര പുത്രനാണെന്നാണ് യഹൂദന്മാരുടെ വാദം.
യേശു ത്രിയേക ദൈവത്തിലെ ഒരു ആളത്വമായ ദൈവപുത്രനാണെന്നാണ് ക്രൈസ്തവര്‍ വിശ്വസിക്കുന്നത്.
ഈസാ മസീഹ് ഇസ്രായീല്യരിലേക്ക് അയക്കപ്പെട്ട ഒരു പ്രവാചകനാണെന്നാണ് ഇസ്ലാമിക പ്രമാണങ്ങള്‍ വ്യക്തമാക്കുന്നത്.
ക്രിസ്തു സ്വയം താനാരാണെന്നാണ് അവകാശപ്പെട്ടത്? ഇതാണ് ആദ്യമായി പരിശോധിക്കപ്പെടേണ്ട്ത്.
ത്രിയേക ദൈവത്തിലെ ഒരു വ്യക്തിത്വമാണ് താനെന്ന് ക്രിസ്തു വാദിച്ചിട്ടുണ്ടോ? വാദിച്ചിട്ടുണ്ടെന്നതിന് ബൈബിളില്‍ വല്ല തെളിവുമുണ്ടോ? നാം പരിശോധിക്കുക.
പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ്
മത്തായിയുടെ സുവിശേഷത്തിലെ താഴെ പറയുന്ന വചനം ത്രിത്വത്തിന് തെളിവായുദ്ധരിക്കപ്പെടാറുണ്ട്. 'ആകയാല്‍ നിങ്ങള്‍ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവര്‍ക്ക് ജ്ഞാനസ്നാനം നല്‍കുവിന്‍' (മത്തായി 28:19:20).
ഈ വചനം ത്രിത്വത്തിനുള്ള തെളിവല്ല, ത്രിത്വത്തെ വിമര്‍ശിക്കുവാനുതകുന്ന സൂക്തമത്രെ. ഈ വചനപ്രകാരം പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നിങ്ങനെ മൂന്ന് അസ്തിത്വങ്ങള്‍ ഉണ്ടെന്ന് മാത്രമാണ് തെളിയുന്നത്. അവര്‍ മൂന്നുപേരും ഒന്നാണെന്ന് മനസ്സിലാകുന്നില്ല അവര്‍ മൂന്നും ഏക ദൈവത്തിന്റെ ആളത്വങ്ങളാണെങ്കില്‍ പ്രസ്തുത വസ്തുത ഈ സൂക്തത്തിലൂടെ വ്യക്തമായും ക്രിസ്തു പ്രഖ്യാപിക്കുമായിരുന്നു. പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നിങ്ങനെ മൂന്ന് വ്യക്തിത്വങ്ങളെയും കുറിച്ച് പഠിപ്പിച്ച ക്രിസ്തു എന്തേ ഇവ മൂന്നും ഏകദൈവത്തിന്റെ ആളത്വങ്ങളാണ് എന്നു പറഞ്ഞില്ല? ഇവ മൂന്നും ഒന്നായിരുന്നുവെങ്കില്‍ ആ സത്യം ക്രിസ്തു ജനങ്ങളില്‍നിന്നും മറച്ചു വെച്ചുവെന്നോ? ഇല്ല, ഒരിക്കലും അതുണ്ടായിട്ടില്ല. സത്യത്തിന്റെ പ്രവാചകനായി വന്ന മിശിഹ ജനങ്ങളില്‍നിന്നും അദ്ദേഹത്തിനറിയാമായിരുന്ന, രക്ഷക്കുതകുന്ന ഒരു കാര്യവും മറച്ചുവെച്ചിട്ടില്ല. സത്യവും വഴിയും കാണിച്ചുതന്ന അദ്ദേഹം നിത്യജീവന്‍ നേടാനാവശ്യമായ ഒരു വിശ്വാസവും ജനങ്ങളോട് പറയാതിരുന്നിട്ടില്ല. എന്നാല്‍, ത്രിത്വത്തെക്കുറിച്ച്, ഒരിക്കല്‍ പോലും യാതൊരു സൂചനയും അദ്ദേഹം നല്‍കിയിട്ടില്ല. അതില്‍നിന്നുതന്നെ ത്രിത്വ സങ്കല്പം നിത്യജീവന്‍ നേടാനാവശ്യമായ വിശ്വാസപ്രമാണങ്ങളില്‍ പെടുന്നില്ലെന്ന വസ്തുത സുതാരം വ്യക്തമാകുന്നു.
ഞാനും പിതാവും ഒന്നുതന്നെ
'ഞാനും പിതാവും ഒന്നു തന്നെ'യെന്ന (യോഹന്നാന്‍ 10:30) ക്രിസ്തു പറഞ്ഞിട്ടില്ലേയെന്നും അതില്‍നിന്നും അദ്ദേഹവും പിതാവും ഏകദൈവത്തിന്റെ അംശങ്ങളാണെന്ന് മനസ്സിലാക്കിക്കൂടെയെന്നും ചിലര്‍ ചോദിക്കാറുണ്ട്. നമുക്ക് ഈ വചനം പൂര്‍ണമായി പരിശോധിക്കുക. 'എന്റെ ആടുകള്‍ എന്റെ സ്വരം ശ്രവിക്കുന്നു. എനിക്ക് അവയെ അറിയാം. അവ എന്നെ അനുഗമിക്കുന്നു. ഞാന്‍ അവക്ക് നിത്യജീവന്‍ നല്‍കുന്നു. അവ ഒരിക്കലും നശിച്ചുപോവുകയില്ല. അവയെ എന്റെ അടുക്കല്‍നിന്ന് ആരും പിടിച്ചെടുക്കുകയില്ല. അവയെ എനിക്ക് നല്‍കിയ പിതാവ് എല്ലാവരെയുംകാള്‍ വലിയവനാണ്. പിതാവിന്റെ കൈയില്‍നിന്ന് അവയെ പിടിച്ചെടുക്കാന്‍ ആര്‍ക്കും കഴിയില്ല. ഞാനും പിതാവും ഒന്നാണ്’.
ഈ വചനത്തിലെവിടെയും ദൈവികസത്തയുടെ ത്രിഭാവങ്ങളില്‍പെട്ടതാണ് യേശുവും പിതാവുമെന്ന വാദത്തിന് ഉപോല്‍ബലകമായ ഒരു സൂചനപോലുമില്ല പിന്നെ ഇവിടെ ഞാനും ദൈവവും ഒന്നാണ് എന്ന് പറഞ്ഞതെന്തിനാണ്?
യോഹന്നാന്‍ സുവിശേഷത്തില്‍ മറ്റൊരു വചനം ശ്രദ്ധിക്കുക.
'അവരെല്ലാവരും ഒന്നായിരിക്കാന്‍ വേണ്ടി പിതാവേ, അങ്ങ് എന്നിലും ഞാന്‍ അങ്ങയിലും ആയിരിക്കുന്നതുപോലെ അവരും നമ്മില്‍ ആയിരിക്കുന്നതിനും അങ്ങനെ അവിടുന്ന് എന്നെ അയച്ചുവെന്ന് ലോകം അറിയുന്നതിനും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. മഹത്വം അവക്ക് ഞാന്‍ നല്‍കിയിരിക്കുന്നു. അവര്‍ പൂര്‍ണമായും ഒന്നാകേണ്ടതിന് ഞാന്‍ അവരിലും അവിടുന്ന് എന്നിലും ആയിരിക്കുന്നു' (യോഹന്നാന്‍ 17:21-23)
ഈ വചനത്തില്‍ ദൈവവും ക്രിസ്തുവും മാത്രമല്ല അദ്ദേഹത്തിന്റെ അനുയായികളുംകൂടി ഒന്നാണെന്ന് പറഞ്ഞിരിക്കുന്നു. മുകളില്‍ പറഞ്ഞ 'ഞാനും പിതാവും ഒന്നുതന്നെ'യെന്ന ക്രിസ്തുവചന പ്രകാരം ക്രിസ്തു ദൈവിക വ്യക്തിത്വങ്ങളിലൊന്നാണെന്ന് വാദിക്കുകയാണെങ്കില്‍ മുകളില്‍ പറഞ്ഞ വചനപ്രകാരം ക്രിസ്തുശിഷ്യന്മാര്‍കൂടി ദൈവത്തിന്റെ സത്തയില്‍ സ്ഥിതി ചെയ്യുന്നവരാണെന്ന് പറയേണ്ടിവരും, അപ്പോള്‍ സത്തയിലുള്ള ഏകത്വമല്ല ഈ വചനങ്ങളൊന്നും വ്യക്തമാക്കുന്നത്. പ്രസ്തുത ആശയത്തിന്മേലുള്ള ഐകരൂപമത്രെ. ഇവിടെ ഒന്ന് എന്ന തര്‍ജ്ജമ നല്‍കിയിരിക്കുന്ന്ത് ഗ്രീക്കിലെ 'ഹെന്‍' (HEN) എന്ന പദത്തിനാണ്. പ്രസ്തുത പദം സത്തയിലെ ഏകത്വത്തെയല്ല. സഹകരണത്തിലെ (Co-operation) ഏകത്വത്തെയാണ് കുറിക്കുന്നത്.
'ഞങ്ങള്‍ രണ്ടുപേരും ഒറ്റക്കെട്ടാണ്' എന്ന് മലയാളത്തില്‍ പ്രയോഗിക്കാറുള്ളതുപോലുള്ള ഒരു പ്രയോഗം മാത്രമാണ്. 'ഞാനും ദൈവവും ഒന്നാണ്' എന്ന ക്രിസ്തുവിന്റെ വചനം ഉള്‍ക്കൊള്ളു ന്നത്. ദൈവത്തിന്റെ വചനങ്ങള്‍ പ്രബോധനം ചെയ്യുന്ന ക്രിസ്തുവും പിതാവും ഒന്നുംതന്നെ. അവ സ്വീകരിച്ച് നിത്യജീവന്‍ നേടിയെടുക്കുന്നതിലൂടെ ക്രിസ്തുശിഷ്യന്മാരും ആ കൂട്ടായ്മയിലെ അംഗങ്ങളാകുന്നു. പിതാവും പ്രവാചകനും അപ്പോസ്തല്‍ന്മാരും ചേര്‍ന്ന കൂട്ടായ്മയാണത്.
എന്നെക്കണ്ടവന്‍ പിതാവിനെ കണ്ടിരിക്കുന്നു.
'എന്നെക്കണ്ടവന്‍ പിതാവിനെ കണ്ടിരിക്കുന്നു'വെന്ന് (യോഹന്നാന്‍ 14:9) യേശു പറഞ്ഞതില്‍നിന്നും അദ്ദേഹം ദൈവമാണെന്ന് മനസ്സിലാക്കാമെന്ന് ചിലര്‍ വാദിക്കുന്നു. ദൈവത്തെ മനുഷ്യന് കാണാന്‍ കഴിയുമോ? ഇല്ലെന്നാണ് വസ്തുത. ഈ വസ്തുതയിലേക്ക് പുതിയ നിയമവും പഴയ നിയമവും വെളിച്ചം വീശുന്നുണ്ട്. യഹോവ മോശയോട് പറഞ്ഞതായി പുറപ്പാട് പുസ്തകം രേഖപ്പെടുത്തുന്നത് കാണുക: 'എന്നാല്‍ നിനക്ക് എന്റെ മുഖം കാണാനാവില്ല. എന്നെ കാണുന്ന മനുഷ്യന്‍ ജീവനോടെ ഇരിക്കയില്ല' (പുറപ്പാട് 33:20). ക്രിസ്തു ദൈവമാണെങ്കില്‍ അദ്ദേഹത്തെ ജനങ്ങള്‍ക്ക് കാണാന്‍ കഴിയുമായിരുന്നില്ല. ക്രിസ്തുവാകട്ടെ ജനങ്ങള്‍ കണ്ടും ജനങ്ങളെ കണ്ടുമാണ് ജീവിച്ചത്.
'എന്നെക്കണ്ടവന്‍ പിതാവിനെ കണ്ടിരിക്കുന്നു'വെന്ന് പറഞ്ഞതിന്റെ വിവക്ഷയെന്താണ്? ഈ വചനം പൂര്‍ണമായി പരിശോധിക്കുക. 'ഫിലിപ്പോസ് അവനോട് കര്‍ത്താവേ പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചു തരേണം. എന്നാല്‍ ഞങ്ങള്‍ക്കതുമതി എന്നു പറഞ്ഞു. യേശു അവനോട് പറഞ്ഞു: "ഞാന്‍ ഈ കാലം നിങ്ങളോട് കൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പോസെ! എന്നെ കണ്ടവന്‍ പിതാവിനെ കണ്ടിരിക്കുന്നു. പിന്നെ പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചു തരേണം എന്നു നീ പറയുന്നത് എങ്ങനെ? (യോഹന്നാന്‍ 14:8,9). ദൈവത്തെ ആര്‍ക്കും ഒരു നാളും കാണുവാന്‍ കഴിയില്ലെന്നതും യേശുവിലൂടെ ദൈവത്തെ അറിയുകയാണ് ചെയ്യേണ്ടതെന്നും വ്യക്തമാക്കുകയാണ് ക്രിസ്തു ഇവിടെ ചെയ്യുന്നത്.
യോഹന്നാന്‍ തന്നെ പറയുന്നത് നോക്കുക: 'ദൈവത്തെ ആരും ഒരു നാളും കണ്ടിട്ടില്ല. പിതാവിന്റെ മടിയില്‍ ഇരിക്കുന്ന ഏകജാതനായ പത്രന്‍ അവനെ വളിപ്പെടുത്തിയിരിക്കുന്നു' (യോഹന്നാന്‍ 1:18) വചനം പ്രത്യേകം ശ്രദ്ധിക്കുക: 'ദൈവത്തെ ആരും ഒരു നാളും കണ്ടിട്ടില്ല'യെന്നാണ് പ്രയോഗിക്കപ്പെട്ടിരിക്കുന്നത്. ഇത് ക്രിസ്തുവിനും ശേഷം നടന്ന രചനയാണെന്നതില്‍ രണ്ടിഭിപ്രായമില്ല. ക്രിസ്തുവിനെ ജനങ്ങള്‍ കണ്ടിരുന്നുവെന്ന് അറിയാവുന്ന യോഹന്നാന്‍ വിശ്വസിച്ചിരുന്നില്ലെന്നര്‍ത്ഥം. 'ദൈവത്തെ'യെന്ന പദപ്രയോഗത്തില്‍ ക്രിസ്തു ഉള്‍പ്പെടുന്നില്ല. തീര്‍ച്ച. യോഹന്നാന്‍ ത്രിയേക ദൈവ സങ്കല്പത്തെക്കുറിച്ച് ഒന്നുമറിയാത്തയാളായിരുന്നുവെന്ന് വ്യക്തം.
ദൈവിക സത്യങ്ങള്‍ വെളിപ്പെടുന്നത് യേശുവിലൂടെയാണ്. കാരണം അദ്ദേഹം ദൈവത്തിന്റെ പ്രവാചകനാണ്. അതുകൊണ്ടുതന്നെ, യേശുവിനെ അറിഞ്ഞവന്‍ ദൈവത്തെ അറിഞ്ഞിരിക്കുന്നു. 'പുത്രന്‍ അവനെ (ദൈവത്തെ) വെളിപ്പെടുത്തിയിരിക്കുന്നുവെന്നര്‍ത്ഥം (യോഹന്നാന്‍ 1:18). ഇതാണ് എന്നെക്കണ്ടവന്‍ പിതാവിനെ കണ്ടിരിക്കുന്നുവെന്ന ക്രിസ്തു വചനത്തിന്റെ പൊരുള്‍. നിങ്ങള്‍ കേള്‍ക്കുന്ന വചനം എന്റേതല്ല' എന്നെ അയച്ച പിതാവിന്റേതത്രെയെന്ന് (യോഹന്നാന്‍ 14:24) ക്രിസ്തു പറയുമ്പോഴും ഈ ആശയം മാത്രമാണുള്‍ക്കൊള്ളുന്നത്.
ദൈവപുത്രന്‍
ക്രിസ്തു ദൈവപുത്രനാണെന്ന് സ്വയം വിശേഷിപ്പിക്കുകയും ശിഷ്യന്മാര്‍ അങ്ങനെ വിളിക്കുന്നതിനെ നിരുല്‍സാഹപ്പെടുത്താതിരിക്കുകയും ചെയ്തുട്ടുണ്ടെന്നതിനാല്‍ അദ്ദേഹത്തില്‍ ദിവ്യത്വമുണ്ടെന്നാണ് മറ്റൊരു വാദം. ബൈബിള്‍ ദൈവപുത്രന്‍ എന്ന് സംബോധന ചെയ്യുമ്പോള്‍ അതെന്ത് അര്‍ത്ഥമാക്കുന്നുവെന്ന് ആദ്യമായി പരിശോധിക്കണം. ദൈവത്താല്‍ പ്രത്യേകം നിയുക്തനായ മനുഷ്യനെന്ന് മാത്രമാണ് ദൈവപുത്രനെന്ന പദത്തിന്റെ ബൈബിളിയമായ വിവക്ഷ. 'ദൈവാത്മാവ് നടത്തുന്നവര്‍ ഏവരും ദൈവത്തിന്റെ മക്കള്‍ ആകുന്നു' (റോമാ 8:14)വെന്നാണ് പൗലോസ് എഴുതുന്നത്.
'ദൈവപുത്രന്‍' എന്ന വിശേഷണം ദൈവത്തിന്റെ പ്രത്യേകക്കാരെ ഉദ്ദേശിച്ചുകൊണ്ടുമാത്രമാണ്. പുതിയ നിയമത്തിലും പഴയ നിയമത്തിലും പ്രയോഗിച്ചിരിക്കുന്നത്. ക്രിസ്തുതന്നെ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. 'ദൈവത്തിന്റെ വചനം ലഭിച്ചവരെ അവന്‍ ദേവന്മാര്‍ എന്നു വിളിച്ചുവെങ്കില്‍ ഞാന്‍ ദൈവപുത്രനാണ് എന്ന് പറഞ്ഞുകൊണ്ട് പിതാവ് അഭിഷേകം ചെയ്തു ലോകത്തിലേക്ക് അയച്ച എന്നെപ്പറ്റി, നീ ദൈവദൂഷണം നടത്തുന്നുവെന്ന് നിങ്ങള്‍ പറയുന്നുവോ? (യോഹന്നാന്‍ 10:35, 36) ദൈവവചനം നല്‍കപ്പെട്ട ഇസ്രായീല്യരെ ദൈവം ദേവന്മാര്‍ എന്നു സംബോധന ചെയ് തതുപോലെയാണ് ലോകത്തിലേക്ക് മാര്‍ഗദര്‍ശിയായി അയക്കപ്പെട്ട പ്രവാചകനായ ക്രിസ്തുവിനെ 'ദൈവപുത്രന്‍' എന്ന് വിളിക്കുന്നതെന്നര്‍ത്ഥം.
പഴയ നിയമം മുതല്‍ക്കേ 'ദൈവപുത്രന്‍' എന്ന സംബോധന രീതി നിലനിന്നിരുന്നതായി കാണാന്‍ കഴിയും യാക്കോബും സോളമനും എഫ്രയീമും ദാവീദുമെല്ലാം പഴയ നിയമത്തിന്റെ ഭാഷയില്‍ ദൈവപുത്രന്മാരാണ്.
'കര്‍ത്താവ് പറയുന്നു: ഇസ്രായീല്‍ എന്റെ പുത്രനാണ്. എന്റെ ആദ്യജാതന്‍ (പുറപ്പാട് 4:22).
'ഞാന്‍ അവന് (സോളമന്) പിതാവും അവന്‍ എനിക്ക് പുത്രനുമായിരിക്കും (സാമുവല്‍ 7:14).
'ഞാന്‍ ഇസ്രായീലിനു പിതാവാണ്. എഫ്രായീം എന്റെ ആദ്യജാതനും (യിരെമ്യാവ് 3:19)
'നീ (ദാവീദ്) എന്റെ പുത്രനാണ്: ഇന്ന് ഞാന്‍ നിനക്ക് ജന്മം നല്‍കി' (സങ്കീര്‍ത്തനങ്ങള്‍ 2:7)
ദൈവപുത്രനെന്ന് സംബോധന ചെയ്യപ്പെട്ടത് കൊണ്ടു മാത്രം ക്രിസ്തു ത്രിയേക ദൈവത്തിലെ ഒരു ആളത്വമാണെന്ന് വാദിക്കുകയാണെങ്കില്‍ പഴയ നിയമത്തില്‍ ദൈവപുത്രനെന്ന് സംബോധന ചെയ്യപ്പെട്ട പൂര്‍വ പ്രവാചകന്മാരെല്ലാം ദൈവിക സത്തയിലെ ആളത്വങ്ങളാണെന്ന് സമ്മതിക്കേണ്ടി വരും. ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ മുഴുവന്‍ ദൈവപുത്രന്മാരാണെന്നാണ് പുതിയ നിയമ ഭാഷ്യം യോഹന്നാന്‍ എഴുതുന്നു: ' എന്നാല്‍ തന്റെ കൈകൊണ്ട് തന്റെ നാമത്തില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും ദൈവമക്കള്‍ ആകുവാനുള്ള അവകാശം അവന്‍ കൊടുത്തു' (യോഹന്നാന്‍ 1:12) യേശു ദൈവപുത്രനായതിനാല്‍ ത്രിയേക ദൈവത്തിലെ വ്യക്തിത്വമാണെങ്കില്‍, ദൈവപുത്രന്മാരാകാന്‍ അവകാശം നല്‍കപ്പെട്ട അപോസ്തലന്മാരും പ്രസ്തുത സത്തയിലെ അംഗങ്ങളാവുമല്ലോ.
ദൈവപുത്രന്മാരെന്ന് അറിയപ്പെടുന്നവര്‍ ആരാണെന്ന് മത്തായി വ്യക്തമാക്കുന്നുണ്ട്. 'സമാധാനമുണ്ടാക്കുന്നവര്‍ ഭാഗ്യവാന്മാര്‍; അവര്‍ ദൈവപുത്രന്മാര്‍ എന്നു വിളിക്കപ്പെടും (മത്തായി 5:9) സമാധാനമുണ്ടാക്കുന്നവരെല്ലാം ദൈവിക സത്തയില്‍ ഉള്‍പ്പെടുന്നുവെന്ന് ആര്‍ക്കും വാദമില്ലല്ലോ.
അത്ഭുത ജനനം
ക്രിസ്തു താന്‍ ദൈവമാണെന്നോ ത്രിയേഗ ദൈവത്തിലെ ഒരു വ്യക്തിയാണെന്നോ ജഢികാര്‍ത്ഥത്തിലുള്ള ദൈവപുത്രനാണെന്നോ വാദിച്ചിട്ടില്ലെന്ന് നാം മനസ്സിലാക്കി. പിതാവില്ലാതെ ജനിച്ചതിനാലാണ് അദ്ദേഹം ദൈവപുത്രനെന്ന് പറയുന്നതെന്ന് വാദിക്കാറുണ്ട്. എങ്കില്‍, പിതാവും മാതാവുമില്ലാതെ ജനിച്ച ആദമാണല്ലോ യേശുവിനെക്കാള്‍ യോഗ്യനായ ദൈവപുത്രന്‍! ബൈബിള്‍ ആദമിനെ ദൈവപുത്രനാണെന്ന് (ലൂക്കോസ് 3:38) പരിചയപ്പെടുത്തുന്നുമുണ്ട്. ആദമിനെക്കൂടി ദൈവപുത്രനായി അംഗീകരിച്ചുകൊണ്ട് ദൈവത്തിന്റെ സത്തയിലെ വ്യക്തിയാക്കുവാന്‍ കഴിയുമോ?
മഹാപുരോഹിതനായ മെല്‍ക്കീസദേക്കിനെക്കുറിച്ച് ബൈബിള്‍ പരിചയപ്പെടുത്തുന്നത് ആദിയു അന്ത്യവുമില്ലാത്തവനായിട്ടാണ്. സലേമിന്റെ രാജാവും അത്യുന്നതനുമായ ദൈവത്തിന്റെ പുരോഹിതനുമായ മെല്‍ക്കീസേദക്കിനെക്കുറിച്ച് പൗലോസ് എഴുതുന്നത് നോക്കുക. 'അവന് പിതാവോ മാതാവോ വംശപരമ്പരയോ ഇല്ല. അവന്റെ ദിവസങ്ങള്‍ക്ക് ആരംഭമോ അവസാനമോ ഇല്ല. (ഹെബ്രായര്‍ 7:3) പിതാവില്ലാതെ ജനിച്ചതുകൊണ്ട് ക്രിസ്തു ദൈവപുത്രനാണെന്ന് വാദിക്കുകയാണെങ്കില്‍ പിതാവും മാതാവുമില്ലാത്ത ആദിയും അന്ത്യവുമില്ലാത്ത മെല്‍ക്കിസേദക്ക് ക്രിസ്തുവിനേക്കാള്‍ ദൈവപുത്രനാകാന്‍ അര്‍ഹനാണെന്ന് സമ്മതിക്കേണ്ടിവരും. ഇങ്ങിനെ പോയാല്‍ ദൈവികസത്തയിലെ വ്യക്തിത്വങ്ങളുടെ എണ്ണം കൂടും. ത്രിയേകത്വം മഹുഏകത്വമായി മാറും!
പരിശുദ്ധ പ്രവാചകന്‍
ആരായിരുന്നു ക്രിസ്തു? ഈ ചോദ്യം ഇനിയും അവശേഷിക്കുന്നു. ദൈവമാണെന്ന ജഢികാര്‍ത്ഥത്തിലുള്ള ദൈവപുത്രനാണെന്നോ അദ്ദേഹം അവകാശപ്പെട്ടിട്ടില്ല. പിന്നെന്താണദ്ദേഹം അവകാശപ്പെട്ടത്?
ക്രിസ്തുവിനെ സംബന്ധിച്ച് പുതിയ നിയമത്തില്‍ വന്ന പ്രസ്താവനകള്‍ വായിച്ചു നോക്കൂ. അദ്ദേഹത്തിനെക്കുറിച്ച് 'ദൈവപുത്രന്‍' എന്ന സംബോധന, സുവിശേഷങ്ങളില്‍ തുലോം വിരളമാണ്. പ്രസ്തുത പ്രയോഗം കൂടുതലായി കാണപ്പെടുന്നത്, പൗലോസിന്റെ ലേഖനങ്ങളിലാണ്. സുവിശേഷങ്ങളില്‍ യേശുവിനെ സംബന്ധിച്ച് 'മനുഷ്യപുത്രന്‍' എന്ന് 63 പ്രാവശ്യം സംബോധന ചെയ്തിരിക്കുന്നു.
അതെ...ക്രിസ്തു മനുഷ്യപുത്രനായിരുന്നു. നമ്മളെ എല്ലാവരെയുംപോലെ വിശപ്പും ദാഹവും വികാര വിചാരങ്ങളുമെല്ലാമുല്ല മനുഷ്യന്‍. ദൈവത്തിന്റെ പ്രീതിക്കു വേണ്ടി തന്റെ ഇച് ഛകളെയെല്ലാം ബലിയര്‍പ്പിക്കാന്‍ തയാറായ മഹാന്‍. ഇസ്രായീല്‍ മക്കളെ സത്യത്തിന്റെ പന്ഥാവിലൂടെ നയിക്കാന്‍ ആജീവനാന്തം കഠിനമായി പരിശ്രമിച്ച പ്രവാചകന്‍, അദ്ദേഹം സംസാരിച്ചത് ദൈവത്തിന്റെ ബോധനങ്ങളായിരുന്നു. അദ്ദേഹം അത്ഭുതങ്ങള്‍ ചെയ്തു. അവ ദൈവം കാണിച്ചവയായിരുന്നു. ദൈവം പഠിപ്പിച്ചതല്ലാതെ മറ്റൊന്നും സ്വമേധയാ ചെയ്യാന്‍ തനിക്കു സാധ്യമല്ലെന്ന വസ്തുത ക്രിസ്തു വ്യക്തമാക്കുന്നുണ്ട്. 'പിതാവ് ചെയ്തു കാണുന്നതല്ലാതെ പുത്രന് സ്വന്തം ഇഷ്ടമനുസരിച്ച് ഒന്നും ചെയ്യാന്‍ സാധിക്കുകയില്ല' (യോഹന്നാന്‍ 5:19).
മനുഷ്യനായ ഒരു പ്രവാചകനായിരുന്നു ക്രിസ്തു. അബ്രഹാമിനെയും ഇസ്മായേലിനേയും യാക്കോബിനെയും മോശേയെയും യോസഫിനെയും പോലുള്ള ഒരു പ്രവാചകന്‍. അദ്ദേഹം ഇസ്രായീല്‍ മക്കള്‍ക്ക് വഴികാട്ടിയായിരുന്നു. നിഷ് കളങ്കനായിരുന്നു. സ്വന്തം മാതൃകയിലൂടെ സമൂഹത്തെ സന്മാര്‍ഗത്തിലേക്ക് നയിക്കാന്‍ ശ്രമിച്ച മഹാനായിരുന്നു. ദൈവമല്ല, ദൈവപുത്രനല്ല, ത്രിയേക ദൈവങ്ങളില്‍ ഒരുവനല്ല, പ്രവാചകന്‍ മാത്രം, മനുഷ്യനായ പ്രവാചകന്‍!
പൂര്‍ണനായ മനുഷ്യന്‍
പുതിയ നിയമം പരിശോധിക്കുക. മനുഷ്യനായ ക്രിസ്തുവിനെയാണ് നമുക്കതില്‍ കാണാന്‍ കഴിയുക. അദ്ദേഹത്തിന്റെ ജനനം മുതല്‍ക്ക് പരിശോധിച്ചാല്‍ ഒരു മനുഷ്യന്റേതില്‍നിന്ന് വ്യത്യസ്ഥമായൊരു ചിത്രം നമുക്ക് ലഭിക്കില്ല.
- അബ്രഹാമിന്റെയും ദാവീദിന്റെയും പുത്രപരമ്പരയില്‍ യേശു ജനിക്കുന്നു (ലൂക്കോസ് 2:21).
- യേശു പരിച് ഛേദനയേല്‍ക്കുന്നു (ലൂക്കോസ് 2:21)
- യേശു മുലകുടിക്കുന്നു (ലൂക്കോസ് 11:27)
- യേശു കഴുതപ്പുറത്ത് യാത്ര ചെയ്യുന്നു (മത്തായി 21:5)
- യേശു ഭക്ഷണവും പാനീയവും ഉപയോഗിക്കുന്നു (മത്തായി 11:19)
- കിടപ്പാടമില്ലാത്ത യേശു (മത്തായി 8:20)
- യേശു വസ്ത്രങ്ങളുപയോഗിക്കുന്നു (യോഹന്നാന്‍ 19:23)
- യേശുവിന് സഹോദരി സഹോദരന്മാര്‍ (മത്തായി 13:35)
- യേശുവിന് വളര്‍ച്ചക്കനുസരിച്ച് ജ്ഞാനം വര്‍ധിക്കുന്നു (ലൂക്കോസ് 21:40)
- യേശുവിന് സ്വമേധയാ ഒന്നും ചെയ്യുവാന്‍ കഴിയില്ല (യോഹന്നാന്‍ 5:30)
- യേശുവിന് അത്തിമരത്തിന്റെ ഫലദായക സമയം എപ്പോഴാണെന്നറിയില്ല (മാര്‍ക്കോസ് 11:12)
- യേശു സഹനത്തിലൂടേ അനുസരണം അഭ്യസിക്കുന്നു. (എബ്രായര്‍ 5:8)
- യേശുവിന് വിശപ്പ് അനുഭവപ്പെടുന്നു (മാര്‍ക്കോസ് 11:12)
- യേശുവിന് ദാഹം അനുഭവപ്പെടുന്നു (യോഹന്നാന്‍ 19:28)
- യേശു ഉറങ്ങുന്നു (മത്തായി 8:24)
- യേശു യാത്ര ചെയ്താല്‍ ക്ഷീണീക്കുന്നു (യോഹന്നാന്‍ 4:6)
- യേശു അസ്വസ്ഥനായി നെടുവീര്‍പ്പിടുന്നു (യോഹന്നാന്‍ 11:33)
- യേശു കരയുന്നു (യോഹന്നാന്‍ 11:35)
- യേശു ദുഃഖിക്കുന്നു (മത്തായി 26:37)
- യേശു ശക്തി പ്രയോഗിക്കുന്നു (യോഹന്നാന്‍ 2:13)
- യേശു വാളെടുക്കാന്‍ ആഹ്വാനം ചെയ്യുന്നു (ലൂക്കോസ് 22:36)
- യേശു യഹൂദ്ന്മാരെ ഭയക്കുന്നു (യോഹന്നാന്‍ 18:12, 13)
-- യേശു ഒറ്റുകൊടുക്കപ്പെടുന്നു (യോഹന്നാന്‍ 18:2)
- യേശു ബന്ധിക്കപ്പെടുന്നു (യോഹന്നാന്‍ 18:12:13)
- യേശു അപമാനിക്കപ്പെടുന്നു (മത്തായി 26:67)
- യേശുവിന് അടി കിട്ടുന്നു (യോഹന്നാന്‍ 18:12)
- യേശു മരണത്തെ ഭയക്കുന്നു (മാര്‍ക്കോസ് 14:36)
- യേശു ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു (മത്തായി 26:42).
- യേശുവിനെ ശക്തിപ്പെടുത്താന്‍ സ്വര്‍ഗത്തില്‍ നിന്നും ദൂതന്‍ പ്രത്യക്ഷപ്പെടുന്നു (ലൂക്കോസ് 22:43).
ഇനി നാം ചിന്തിക്കുക. യേശു ദൈവമാണോ അതല്ല മനുഷ്യനാണോ?
സാമാന്യബുദ്ധി പറയുന്ന ഉത്തരം അദ്ദേഹം മനുഷ്യനായിരുന്നുവെന്നാണ്. മഹാനായ പ്രവാചകന്‍!
വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞതത്രെ ശരി 'വേദക്കാരെ നിങ്ങള്‍ മതകാര്യങ്ങളില്‍ അതിരുകവിയരുത്. അല്ലാഹുവിന്റെ പേരില്‍ വാസ്തവമല്ലാതെ നിങ്ങള്‍ പറയുകയും ചെയ്യരുതു. മര്‍യമിന്റെ മകനായ മസീഹ് ഈസ അല്ലാഹുവിന്റെ ഒരു ദൂതനും മര്‍യമിലേക്ക് അവന്‍ ഇട്ടുകൊടുത്ത അവന്റെ വചനവും അവങ്കല്‍നിന്നുള്ള ഒരു ആത്മാവും മാത്രമാകുന്നു. അതുകൊണ്ട് നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുക. ത്രിത്വം എന്ന് നിങ്ങള്‍ പറയരുത്. നിങ്ങളുടെ നന്മക്കായി നിങ്ങളതില്‍ നിന്ന് വരമിക്കുക. അല്ലാഹു ഏക ആരാധ്യന്‍ മാത്രമാകുന്നു. തനിക്ക് ഒരു സന്താനമുണ്ടായിരിക്കുക എന്നതില്‍ നിന്ന് അവനെത്രയോ പരിശുദ്ധനത്രേ. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം അവന്റെതാകുന്നു. കൈകാര്യകര്‍ത്താവായി അല്ലാഹുതന്നെ മതി (ഖുര്‍ആന്‍ 4:171).
ദൈവത്തിന്റെ സുവിശേഷം
യേശുക്രിസ്തു ഇസ്രായീല്യരിലേക്ക് അയക്കപ്പെട്ട ഒരു ദൈവദൂതനായിരുന്നു. 'ഇസ്രായീല്‍ ഭവനത്തിലെ നഷ്ടപ്പെട്ട ആടുകളുടെ അടുത്തേക്ക് മാത്രമാണ് ഞാന്‍ അയക്കപ്പെട്ടിരിക്കുന്നത് (മത്തായി 5:24) എന്നാണ് അദ്ദേഹം പറഞ്ഞത്. ദൈവിക മാര്‍ഗത്തില്‍നിന്ന് തെറ്റിപ്പോയ ഇസ്രായീല്യരെ സത്യമതത്തിലേക്ക് തിരിച്ചുകൊണ്ടുവരികയായിരുന്നു അദ്ദേഹത്തിന്റെ ദൗത്യം.
യേശുവിന് അവതരിപ്പിക്കപ്പെട്ട വേദഗ്രന്ഥമായിരുന്നു സുവിശേഷം (ഇന്‍ജീല്‍). 'സുവിശേഷം' പ്രസംഗിച്ചുകൊണ്ടാണ് അദ്ദേഹം ഇസ്രായീല്യരെ സത്യമാര്‍ഗത്തിലേക്ക് ക്ഷണിച്ചത്.
യേശു പഠിപ്പിച്ചു. 'കാലം തികഞ്ഞു. ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുതപിക്കൂ. സുവിശേഷത്തില്‍ വിശ്വ്വസിക്കൂ (മാര്‍ക്കോസ് 1:15).
'ആദ്യമേതന്നെ സുവിശേഷം എല്ലാ ജനങ്ങളോടും പ്രസംഗിക്കപ്പെടണം' (മാര്‍ക്കോസ് 14:9).
യേശുക്രിസ്തുവിന് ദൈവം അവതരിപ്പിച്ച സുവിശേഷം ഇന്ന് എവിടെ? ബൈബിള്‍ മുഴുവന്‍ പരതിയാല്‍ നമുക്ക് യേശു പ്രസംഗിച്ച സുവിശേഷത്തെക്കുറിച്ച് ഒരു പൂര്‍ണമായ ചിത്രം കിട്ടുമോ? ഇല്ല. മത്തായിയുടെയും മാര്‍ക്കോസിന്റെയും യോഹന്നാന്റേയും സുവിശേഷങ്ങളാണ് പുതിയ നിയമത്തിലുള്ളത്. യേശുക്രിസ്തു പ്രസംഗിച്ച 'ദൈവത്തിന്റെ സുവിശേഷം' ഇന്നെവിടേ?
യേശുക്രിസ്തു പ്രസംഗിച്ച 'ദൈവത്തിന്റെ സുവിശേഷം' ഇന്ന് ഉപലബധമല്ല. മുമ്പ് അവതരിപ്പിക്കപ്പെട്ട പല ദൈവിക ഗ്രന്ഥങ്ങളെയും പോലെ അത് വിസ്മരിക്കപ്പെട്ടുപോയി.
അവതരിപ്പിക്കപ്പെട്ട അതേ രൂപത്തില്‍ നിലനില്‍ക്കുന്ന ഒരേയൊരു വേദഗ്രന്ഥം മാത്രമേയുള്ളൂ. അതാണ് വിശുദ്ധ ഖുര്‍ആന്‍. സ്വയം ദൈവികമണെന്ന് പ്രഖ്യാപിക്കുന്ന ഏക ഗ്രന്ഥവും ഖുര്‍ആനാണ്. കഴിഞ്ഞ പതിനാല് നൂറ്റാണ്ടുകളായി ലോകം കണ്ട ശാസ്ത്ര-സാങ്കേതിക വിപ്ലവങ്ങള്‍ക്കു മുമ്പില്‍ അടിപതറാതെ അജയ്യമായി നിലനില്‍ക്കുന്ന ഗ്രന്ഥമാണ് ഖുര്‍ആന്‍.
തന്റെ പിന്‍ഗാമിയായി വരാനിരിക്കുന്നവനെന്ന് യേശു പ്രവചിച്ച മുഹമ്മദി(സ്വ)ലൂടെ (യോഹന്നാന്‍ 16:7-14) യാണ് ഖുര്‍ആന്‍ ലോകത്തിന് അവതരിപ്പിക്കപ്പെട്ടത്. യേശുവിനെ അനുസരിച്ച് കൊണ്ടു നിത്യജീവന്‍ നേടണമെന്ന് ആഗ്രഹിക്കുന്നവര്‍ ഖുര്‍ആനും അതു പ്രയോഗവത്കരിച്ച മുഹമ്മദി(സ്വ)ന്റെ ജീവിതവും പിന്‍പറ്റുകയാണ് വേണ്ടത്. അതാണ് ശാശ്വത വിജയത്തിന്റെ മാര്‍ഗം.
കൂടുതല്‍ പഠിക്കാന്‍
നിച്ച് ഓഫ് ട്രൂത്തുമായി ബന്ധപ്പെടുക
NICHE OF TRUTH
Kalabhavan Road, Cochin - 18
Ph: 367810
Fax: 91-484-380746.
Email: islam@nicheoftruth.org
website: www.nicheoftruth.org.
കടപ്പാട്: നിച്ച് ഓഫ് ട്രൂത്ത്
17 January, 2008
Subscribe to:
Posts (Atom)