നബി (സ) പഠിപ്പിക്കാത്ത ഒന്നും മതകര്‍മ്മമായി നാം ചെയ്യാന്‍ പാടില്ല. അത് നബിയോടുള്ള അനാദരവാണ്. മതകാര്യങ്ങളില്‍ പുതുതായി ഒന്നും കൂട്ടിച്ചേര്‍ക്കരുതെന്ന് നബി (സ) താക്കീത് ചെയ്തിട്ടുണ്ട്. അവിടുന്ന് തന്റെ മൗലീദോ മുന്‍ പ്രവാചകന്മാരുടെ മൗലീദോ ആഘോഷിച്ചിട്ടില്ല. റബീ ഉല്‍അവ്വല്‍ മാസത്തില്‍ മാത്രം പ്രത്യേകമായി ദാനധര്‍മ്മമോ ദിക്റോ സ്വലാത്തോ വേണമെന്ന് ഉപദേശിച്ചിട്ടില്ല.
ഉത്തമ നൂറ്റാണ്ടുകള്‍ക്ക് ശേഷം ചിലര്‍ പുതുതായി സൃഷ്ടിച്ച അനാചാരമാണ് മൗലീദാഘോഷം. മൗലീദുകള്‍ റസൂല്‍ (സ) യുടെ മദ്ഹുകളാണെന്നും അത് പാരായണം ചെയ്യല്‍ പുണ്യകര്‍മ്മമാണെന്നും മൗലീദ് കഴിക്കുന്ന പുത്തന്‍വാദികള്‍ ജല്പിക്കുന്നു. എന്നാല്‍ മൗലീദുകള്‍ പരിശോധിച്ചാല്‍ ഇസ്ലാമിന്റെ അടിത്തറയായ "ലാ ഇലാഹ ഇല്ലല്ലാഹു" വിന് വിരുദ്ധമായ ഭാഗങ്ങള്‍ പോലും ധാരാളം കാണാം. ഉദാഹരണത്തിന് ഒന്നു മാത്രം വ്യക്തമാക്കട്ടെ. മങ്കൂസ് മൗലീദില്‍ പറയുന്നു:
"നേതാക്കന്മാരുടെ നേതാവായ അങ്ങയെ ഉദ്ദേശിച്ചുകൊണ്ട് ഞാന്‍ വന്നിരിക്കുകയാണ്. അങ്ങയുടെ സംരക്ഷണം ഞാന്‍ അഭിലഷിക്കുകയും ചെയ്യുന്നു. എന്റെ ആഗ്രഹ സഫലീകരണത്തില്‍ എന്നെ നിരാശപ്പെടുത്തരുതേ".
ഇത് ആഗ്രഹ സഫലീകരണത്തിനുള്ള പ്രാര്‍ത്ഥനയാണ്. പ്രാര്‍ത്ഥിക്കുന്നത് പ്രവാചകനോടും. 'ആഗ്രഹസഫലീകരണത്തിനായി എന്നോട് പ്രാര്‍ത്ഥിക്കുവിന്‍' എന്ന് പ്രവാചകന്‍ അരുളിയിരുന്നുവെങ്കില്‍ നമുക്ക് അപ്രകാരം ചെയ്യാമായിരുന്നു. പക്ഷേ, പ്രവാചകന് പോലും സ്വശരീരത്തിന് ഉപകാരമോ ഉപദ്രവമോ വരുത്താന്‍ സാധ്യമല്ല എന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു.' നബിയെ! പറയുക എന്റെ സ്വന്തം ദേഹത്തനു തന്നെ ഉപകാരമോ ഉപദ്രവമോ വരുത്തുവാന്‍ എന്റെ അധീനത്തില്‍ പെട്ടതല്ല. അല്ലാഹു ഉദ്ദേശിച്ചതൊഴികെ. (സൂറ: അഅറാഫ് 188).
എങ്കില്‍ പിന്നെ ആഗ്രഹങ്ങള്‍ പൂവണിയാന്‍ എന്തു ചെയ്യണം? അല്ലാഹു പറയുന്നു 'നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കുവിന്‍, ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതാണ്.' (സൂറത്ത്: ഗാഫിര്‍ 60) ഇക്കാര്യം സൂറത്ത്: ജിന്നില്‍ ഒന്നു കൂടി വിശദീകരിക്കുന്നു. 'നബിയേ! പറയുക എന്റെ റബ്ബിനെ മാത്രമേ ഞാന്‍ വിളിച്ചു പ്രാര്‍ത്ഥിക്കുകയുള്ളൂ. അവനോട് ഞാന്‍ ആരെയും പങ്ക് ചേര്‍ക്കുകയില്ല' (സൂറ: ജിന്ന് 20) അപ്പോള്‍ ആഗ്രഹ സഫലീകരണത്തിന് വേണ്ടി പ്രാര്‍ത്ഥിക്കേണ്ടത് അല്ലാഹുവിനോട് മാത്രമാണ്. 'പ്രാര്‍ത്ഥന - അത് തന്നെയാണ് ആരാധന' എന്ന് തിരുനബി (സ) നമ്മെ പഠിപ്പിച്ചിട്ടുണ്ട്. അപ്പോള്‍ പ്രാര്‍ത്ഥന എന്ന ആരാധന അല്ലാഹുവിനോട് മാത്രമേ പാടുള്ളൂ എന്നതാണ് ഇസ്ലാം മതത്തിന്റെ അടിസ്ഥാനം.
ഇതിന് കടകവിരുദ്ധമായി മൗലീദ് കഴിക്കുന്നവര്‍ പ്രവാചകന്‍ (സ) യെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നു. ഇത് പുണ്യമാണെന്ന് നമ്മുടെ ഉസ്താദുമാര്‍ വാദിക്കുകയും ചെയ്യുന്നു. ഇത് എന്തൊരു മറിമായം! നമ്മുടെ സഹോദര സമുദായമായ കൃസ്ത്യാനികള്‍ ഈസാ നബി (അ) വിളിച്ച് പ്രാര്‍ത്ഥിക്കുന്നു. ഇത് ശിര്‍ക്കാണെന്ന് എല്ലാ പുരോഹിതന്മാരും സമ്മതിക്കുന്നു. എങ്കില്‍ മുസ്ലീങ്ങള്‍ മുഹമ്മദ് നബി (സ) വിളിച്ച് പ്രാര്‍ത്ഥിക്കുന്നത് പുണ്യകര്‍മ്മമാകുന്നത് എങ്ങിനെ? മൗലീദിനെ ന്യായീകരിക്കാന്‍ ശ്രമിച്ച സുയൂത്വി തന്നെ മാലിക്കി മദ്ഹബിലെ പ്രസിദ്ധ പണ്ഡിതനായ ഫാക്കിഹാനിയില്‍ നിന്നും ഇപ്രകാരം ഉദ്ദരിക്കുന്നു.
'പരിശുദ്ധ ഖുര്‍ആനിലോ നബി(സ) യുടെ സുന്നത്തിലോ ഈ മൗലീദാഘോഷത്തിന് ഒരടിസ്ഥാനമുള്ളതായി ഞാന്‍ അറിയുന്നില്ല. മതകാര്യങ്ങളില്‍ മാതൃകായോഗ്യന്മാരായ പൂര്‍വ്വീകന്മാരെ പിന്തുടരുന്ന ആരും തന്നെ ഇത് പ്രവര്‍ത്തിച്ചതായി ഉദ്ധരിക്കപ്പെടുന്നില്ല. അടിസ്ഥാനരഹിതമായ പലതും കെട്ടിച്ചമച്ച് ഉണ്ടാക്കുന്ന ചിലരുടെ നിര്‍മ്മിതിയും ഏതോ തീറ്റക്കൊതിയന്മാരുടെ ഇച്ഛയ്ക്കൊത്ത് കെട്ടിയുണ്ടാക്കിയ ബിദ്അത്തുമാണ് ഇത്' (ഇമാം സുയൂത്വിയുടെ അല്‍ഹാവിലില്‍ ഫതാവ 1/90, 191).
കേരളത്തിലെ ശാഫികള്‍ അംഗീകരിക്കുന്ന ലോക പ്രശസ്ത പണ്ഡിതനും ബുഖാരിയുടെ പ്രമുഖ വ്യാഖ്യാന ഗ്രന്ഥമായ ഫത്ഹുല്‍ബാരിയുടെ കര്‍ത്താവുമായ ഇബ്നുഹജറുല്‍ അസ്ഖലാനി പറഞ്ഞത് 'സുന്നി വോയ്സ്' പ്രസിദ്ധീകരണത്തില്‍ തന്നെ ഇങ്ങനെ കാണാം" ഒരാള്‍ മൗലീദാഘോഷത്തിനെപറ്റി ഇബിനുഹജര്‍ എന്നവരോട് ചോദിക്കുകയുണ്ടായി. ഇബ്നു ഹജര്‍ മറുപടി പറഞ്ഞു: അട്സ്ഥാനപരമായി മൗലീദ് ബിദ്അത്താണ്. ആദ്യ മൂന്ന് നൂറ്റാണ്ടുകളിലെ മഹത്തുക്കളായ മുസ്ലീങ്ങളില്‍ നിന്ന് കൈമാറി വന്ന ആചാരമല്ല അത് (സുന്നി വോയ്സ് 2000 ജൂലായ് 16 - 31, പേജ് 26).
വീണ്ടും കാണുക "നബി(സ) യുടെ ഉപദേശ നിര്‍ദ്ദേശങ്ങള്‍ ജീവിതത്തില്‍ അക്ഷരം പ്രതി പകര്‍ത്തിയ ആദ്യ നൂറ്റാണ്ടുകാരുടെ കാലത്ത് ഇങ്ങനെയൊരു ജന്മദിനം കൊണ്ടാടേണ്ടുന്ന ആവശ്യം ഉണ്ടായിരുന്നില്ല' ...." ഹിജ്റ നാലാം നൂറ്റാണ്ടുമുതല്‍ മുസ്ലീം ലോകത്ത് ഈ സമ്പ്രദായം നടപ്പിലാകുകയും തദ് വിഷയകമായി നിരവധി ഗ്രന്ഥങ്ങള്‍ വിരചിതമാവുകയും ചെയ്തു. (സുന്നിവോയ്സ് വാരിക - 1981 ഡിസംബര്‍ 18 പു. 5 ലക്കം 6).
"നിങ്ങളെ സ്വര്‍ഗ്ഗത്തിലേക്ക് അടുപ്പിക്കുന്ന ഒരു കാര്യവും നിങ്ങള്‍ക്ക് ഞാന്‍ പറഞ്ഞ് തരാതെ വിട്ട് പോയിട്ടില്ല., നിങ്ങളെ നരകത്തില്‍ നിന്ന് അകറ്റുന്ന ഒരു കാര്യവും പറഞ്ഞ് തരാതെ പോയിട്ടില്ല." (ത്വബ്റാനി) എന്നരുളിയ പ്രവാചക തിരുമേനി (സ) യുടെ വാക്കുകള്‍ക്ക് ഒരു വിലയും ഇവര്‍ കല്പ്പിക്കുന്നില്ലേ? "നബിദിനം മുസ്ലീങ്ങള്‍ക്ക് പെരുന്നാളിനെക്കാള്‍ വലിയ ആഘോഷമാണ്" (രിസാല നബിദിനപ്പതിപ്പ് 1987) എന്നെഴുതി വിട്ടവരുടെ പിഴച്ചമാര്‍ഗ്ഗത്തെ വലിച്ചെറിയുക എന്തുകൊണ്ടെന്നാല്‍..
- നബി (സ) ഉണര്‍ത്തി : "നമ്മുടെ ഈ കാര്യത്തില്‍ (മതത്തില്‍) വല്ലവനും എന്തെങ്കിലും പുതുതായി ഉണ്ടാക്കിയാല്‍ അത് തള്ളപ്പെടേണ്ടതാണ്." (ബുഖാരി, മുസ്ലീം).
- നബി (സ) പറഞ്ഞു : "കാര്യങ്ങളില്‍ ഏറ്റവും മോശമായത് മതത്തില്‍ പുതുതായി ഉണ്ടാക്കിയവയാണ്. മതത്തില്‍ പുതുതായി ഉണ്ടാക്കിയതെല്ലാം വഴികേടിലാണ്." (മുസ്ലീം)
ഇസ്ലാമിക പ്രമാണങ്ങളുടെ യാതൊരു പിന്‍ബലവുമില്ലാത്ത ഈ അനാചാരത്തിന് തെളിവുകള്‍ ഉണ്ടാക്കാന്‍ ഇനിയും മെനക്കെടുന്നവരോട് നിങ്ങള്‍ക്ക് ചോദിക്കാം നബി (സ) ക്കോ, സ്വഹാബിമാര്‍ക്കോ താബിഉകള്‍ക്കോ, താബീഉതാബിഉകള്‍ക്കോ നബിദിനം കൊണ്ടാടുവാന്‍ ഈ തെളിവുകള്‍ ഒന്നും പ്രേരണ നല്‍കാത്തത് എന്ത്?
ഇസ്ലാമിന്റെ രണ്ടാഘോഷങ്ങളായ ബലിപെരുന്നാളിന്റെയും, ചെറിയ പെരുന്നാളിന്റെയും സുന്നത്തുകള്‍ ഹദീസ് ഗ്രന്ഥങ്ങളില്‍ വ്യക്തമായി കാണാം. എന്നാല്‍ പ്രവാചകന്റെ ജന്മദിനത്തിന്റെ സുന്നത്തുകള്‍ ഏതൊക്കെയാണ്? അവ ഏത് ഹദീസ് ഗ്രന്ഥത്തിലാണുള്ളത്?.
നബി (സ) യെ സ്നേഹിക്കുന്നവര്‍ അവിടുത്തെ ഉപദേശം ഉള്‍ക്കൊള്ളുകയാണ് വേണ്ടത്. ഒരു പുതിയ കാര്യവും മതത്തില്‍ സൃഷ്ടിക്കരുത്. നബി (സ) യുടെ പേരില്‍ എപ്പോഴും സ്വലാത്ത് ചൊല്ലണം. അതിന് റബീഉല്‍ അവ്വല്‍ എന്ന മൗലീദ് ആഘോഷവുമായി യാതൊരു ബന്ധവുമില്ല. ബോധമുള്ള ഓരോ നിമിഷവും പ്രവാചക ചര്യകള്‍ ജീവിതത്തില്‍ പകര്‍ത്തി യഥാവിധി പ്രവാചകരെ സ്നേഹിക്കുന്നവരില്‍ നാം ഉള്‍പ്പെടുക.
അല്ലാഹുവെ ഞങ്ങളെ നീ അമ്പിയാക്കളുടെയും ഔലിയാക്കളുടേയും മാര്‍ഗ്ഗത്തില്‍ തന്നെ നടത്തേണമേ - ആമീന്‍
കടപ്പാട്: ദഅവാ വിഭാഗം (ജുബൈല്‍ ഇന്ത്യന്‍ ഇസ്വലാഹീ സെന്റര്‍, മക്കാസ്ട്രീറ്റ്)