13 September, 2007

ഒരേയൊരു സന്ദേശം

മനുഷ്യകുലത്തിന്റെ ആരംഭം തൊട്ട് മുഴുവന്‍ സമൂഹങ്ങള്‍ക്കും അല്ലാഹു തന്റെ സന്മാര്‍ഗ സന്ദേശം എത്തിച്ചിട്ടുണ്ട് ആദം, നൂഹ്, ഇബ്റാഹീം, മൂസാ, ഈസാ, തുടങ്ങി മുഹമ്മദ് നബി (സ്വ)യില്‍ അവസാനിക്കുന്ന പ്രവാചക ശൃംഖലയുടെ ദൈത്യം ഈ സന്മാര്‍ഗ സന്ദേശം എത്തിക്കലാണ്. പ്രവാചക ദൗത്യത്തിന്റെ സത്തയും സാരാംശവുമൊന്നാണ്.

പ്രപഞ്ചത്തിന്റെ സ്രഷ്ടാവും സരക്ഷകനും നിയന്താവും ഉടമസ്ഥനുമായ ദൈവം ഏകനാണ് അവന്‍ മാത്രമാണ് ആരാധിക്കപ്പെടാന്‍ അര്‍ഹതയുള്ളവന്‍ ആരാധനയുടെ യാതൊരംശവും ഏകദൈവമല്ലാത്ത ആര്‍ക്കും തന്നെ അര്‍പ്പിച്ചുകൂടാ അഖില സൃഷ്ടികളും ആ ദൈവത്തിന്റെ ആജ്ഞക്കൊത്ത് ജീവിതം നയിക്കാന്‍ ബാധ്യസ്ഥരാണ്.


ഇതാണ് ആ സന്ദേശത്തിന്റെ സാരാംശം


സ്രഷ് ടാവ് ദൈവം അവന്‍ ഏകനാണ്

ആദം പറഞ്ഞു: ദൈവം ഏകനാണ്
നോഹ പറഞ്ഞു: ദൈവം ഏകനാണ്
അബ്രഹാം പറഞ്ഞു : ദൈവം ഏകനാണ്
മോശെ പറഞ്ഞു: ദൈവം ഏകനാണ്
യേശു പറഞ്ഞു: ദൈവം ഏകനാണ്
മുഹമ്മദ് (സ്വ) പറഞ്ഞു: ദൈവം ഏകനാണ്

ഈ പ്രമുഖ നാമങ്ങളുള്‍പ്പെടെയുള്ള മുഴുവന്‍ ദൈവദൂതന്മാരും ഈ ലോകത്ത് നിയുക്തരായത്:
  1. ദൈവം ഏകനാണെന്നും അവന്‍ മാത്രമാണ് ആരാധ്യന്‍ എന്നുമുള്ള സന്ദേശം ജനങ്ങള്‍ക്കെത്തിക്കാന്‍.
  2. സ്വന്തം ജീവിതത്തിലൂടെ ജനങ്ങള്‍ക്ക് ഉത്തമ മാതൃക കാണിക്കാന്‍
  3. ദൈവത്തിന്റെ കല്‍പനകള്‍ അനുസരിച്ച്, അവനെ ഭയപ്പെട്ട് ജീവിതം നയിക്കണമെന്ന് ജനങ്ങളെ ഉത്ബോധിപ്പിക്കാന്‍.
  4. മതപരവും ധാര്‍മ്മികവുമായ കാര്യങ്ങള്‍ ജനങ്ങളെ പഠിപ്പിക്കാന്‍ മനുഷ്യ ജീവിതത്തില്‍ രക്ഷയും വിജയവുമുണ്ടാവണമെങ്കില്‍ അതനുസരിച്ച് ജീവിതം നയിക്കണമെന്ന് അവരെ തെര്യപ്പെടുത്താന്‍.
  5. ദൈവിക മതത്തില്‍നിന്ന് വഴിതെറ്റിപ്പോയ, അവന്റെ കല്‍പനകള്‍ അവഗണിച്ച് ജീവിതം നയിക്കുന്ന ആളുകളെ ദൈവിക പാതയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍. ദൈവത്തെവിട്ട് സൃഷ്ടിജാലങ്ങളെ ആരാധിക്കുന്ന, ദൈവത്തില്‍ പങ്കുചേര്‍ക്കുന്ന ആളുകള്‍ക്ക് ദൈവത്തിങ്കല്‍ നിന്ന് കടുത്ത ശിക്ഷ ലഭിക്കുമെന്ന് താക്കീതു നല്‍കാന്‍.
  6. മരണത്തിന് ശേഷം മറ്റൊരു ജീവിതമുണ്ടെന്നും ഈ ജീവിതത്തിലെ നന്മതിന്മകള്‍ക്കനുസരിച്ച് മരണശേഷം ഒന്നുകില്‍ സ്വര്‍ഗത്തിലേക്ക് അല്ലെങ്കില്‍ നരകത്തിലേക്ക് മനുഷ്യന്‍ നയിക്കപ്പെടുമെന്നും പിന്നീടുള്ള ജീവിതം ശാശ്വതമാണെന്നും അവിടെ പശ്ചാതാപത്തിനോ പ്രായശ്ചിത്തത്തിനോ അവസരമുണ്ടാവുകയില്ലെന്നും ജനങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കാന്‍.

പ്രപഞ്ചത്തെമുഴുവന്‍ സൃഷ്ടിച്ച, അതിലെ സകല ചരാചരങ്ങളേയും സൃഷ്ടിച്ച, ജീവിതത്തേയും മരണത്തേയും സൃഷ്ടിച്ച, ദൈവം തമ്പുരാന്‍ തന്നെയാണ് പ്രവാചകന്മാരേയും സൃഷ്ടിച്ചത് .ആ ദൈവം ഏകനാണ്. അവനാണ് ഈ ലോകത്തിന്റെ ആരാധ്യന്‍.

ദൈവത്തിന്റെ ഏകത്വം. അതാണ് മനുഷ്യന്റെ ബുദ്ധിയും പ്രകൃതിയും താത്പര്യപ്പെടുന്നത്. മാനവകുലത്തിന്റെ വിവിധ തലമുറകളിലായി പഠിപ്പിക്കപ്പെട്ട ദൈവിക സത്യവും അതാണ്.
ഈ ഏകത്വത്തിന് വിവിധ മതഗ്രന്ഥങ്ങളില്‍ തെളിവുകളുണ്ട്. നിഷ് പക്ഷവും നിസ്വര്‍ത്ഥവുമായി പഠനം നടത്തുന്ന ഏതൊരു സത്യാന്വേഷിക്കും അത് ബോധ്യപ്പെടാതിരിക്കില്ല.

  1. ഏകനായ ദൈവം സ്രഷ്ടാവാണ്; സൃഷ്ടിയല്ല
  2. അവന്‍ ഏകനാണ്, അല്ലതെ പലരും കൂടിച്ചേര്‍ന്നവനോ പങ്കുകാരുള്ളവനോ അല്ല
  3. ഏകദൈവം അദൃശ്യനാണ് അവനെ ആര്‍ക്കും ഈ ലോകത്തുവെച്ച് കാണാന്‍ കഴിയില്ല കാണപ്പെടുന്ന വസ്തുക്കളോ രൂപങ്ങളോ ദൈവമല്ല ദൈവത്തിന്റെ സത്തയോ സ്വരൂപമോ അല്ല. ദൈവത്തിന് യാതൊരുവിധ അവതാരവുമില്ല.
  4. അവന്‍ അനശ്വരനാണ്. മരിക്കാതെ എന്നെന്നും ജീവിക്കുന്നവന്‍.
  5. ഭക്ഷണമോ വെള്ളമോ അവന്നാവശ്യമില്ല ഉറക്കമോ ക്ഷീണമോ അവനെ ബാധിക്കുകയില്ല സൃഷ്ടികളില്‍ ആരുടേയും സഹായം ആവശ്യമില്ലാത്തവനണവന്‍. സൃഷ്ടികളെല്ലാം അവനെ ആശ്രയിച്ചാണിരിക്കുന്നത്.
  6. അവന്‍ സകല കാര്യങ്ങളിലും അതുല്യനാണ് സൃഷ്ടികളോട് അവന്‍ ഒരു വിധത്തിലും സദൃശനാവുകയില്ല. അവന്റെ നാമങ്ങളും ഗുണങ്ങളും അവന്റേതു മാത്രമാണ്. സൃഷ്ടിസഹജമായ യാതൊരു ദൗര്‍ബല്യവും അവനെ ബാധിക്കുകയില്ല.

ഈ തത്വങ്ങള്‍ മുമ്പില്‍ വെച്ചുകൊണ്ട് നമുക്ക് യഥാര്‍ത്ഥ ദൈവത്തേയും ദൈവമായി ചിത്രീകരിക്കപ്പെടുന്ന കപട ദൈവങ്ങളെയും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ കഴിയും.

ഇനി നമുക്ക് ദൈവത്തിന്റെ ഏകത്വത്തിന് ഉപോല്‍ബലകമായ ബൈബിള്‍ - ഖുര്‍ ആന്‍ വചനങ്ങള്‍ പരിശോധിക്കാം.

അതിന്നു മുമ്പായി ഒരു കാര്യം സൂചിപ്പിച്ചോട്ടെ.

"ദൈവം ഒന്നാണ്. ഞങ്ങളും ഒരേയൊരു ദൈവത്തിലാണ് വിശ്വസിക്കുന്നത്. പിന്നെ എന്താണതിത്ര എടുത്തു പറയാന്‍? എന്നിങ്ങനെ ചില ക്രിസ്ത്യാനികള്‍ക്ക് ആശ്ചര്യം തോന്നിയേക്കാം.!"

ചില ക്രിസ്താനികളുമായി സംസാരിക്കുകയും അവരുടെ ചില കൃതികള്‍ വായിക്കുകയും ചെയ്തപ്പോള്‍ മനസ്സിലാക്കാന്‍ സാധിച്ചത്, അവരുടെ ഏകദൈവ സങ്കല്‍പത്തില്‍:

  1. പിതാവായ ദൈവം.
  2. പുത്രനായ ദൈവം.
  3. പരിശുദ്ധാത്മാവായ ദൈവം.

എന്നിങ്ങനെ മൂന്നംശങ്ങളുണ്ടെന്നാണ് ഇതുവെച്ച് നിഷ് പക്ഷമായി ചിന്തിക്കുമ്പോള്‍ മനസ്സില്‍ ഒരു ചോദ്യമുയര്‍ന്നുവരുന്നുണ്ട്.

  • ഈ മൂന്ന് ദൈവങ്ങളെ അംഗീകരിക്കുമ്പോള്‍ ദൈവം ഏകനാണെന്ന വാദത്തിന് എന്താണര്‍ത്ഥമാണുള്ളത്?

മൂന്നിലും കൂടി ഒരു ദൈവമോ; അതോ ഒന്നില്‍ മൂന്ന് ദൈവങ്ങളോ?.

ക്രിസ്ത്യന്‍ സങ്കല്‍പമനുസരിച്ച് ഈ മൂന്ന് ദൈവസങ്കല്‍പങ്ങള്‍ക്കും വ്യത്യസ്തമായ വ്യക്തിത്വവും വ്യത്യസ്തമായ പദവിയുമാണുള്ളത്.

  1. പിതാവായ ദൈവം = സ്രഷ്ടാവ്
  2. പുത്രനായ ദൈവം = രക്ഷകന്‍.
  3. പരിശുദ്ധാത്മാവായ ദൈവം = ഗുണകാംക്ഷി.

ശരി, ഇവിടയൊന്നാലോചിക്കുക ബൈബിള്‍ പറയുന്നത്; ദൈവത്തെ ആര്‍ക്കും കാണാനോ ദൈവത്തിന്റെ സംസാരം ആര്‍ക്കും കേള്‍ക്കാനോ കഴിയില്ലെന്നാണ് പിന്നെയെങ്ങനെ യേശു ദൈവമാവും? അല്ലെങ്കില്‍ ദൈവത്തിന്റെ അംശമുള്ള പുത്രനാവും?

ബൈബിള്‍ പറയുന്നത് നോക്കൂ:

  • "നീ എന്റെ മുഖം കണ്ടുകൂടാ എന്തെന്നാല്‍ എന്നെ കാണുന്ന ഒരു മനുഷ്യനും ജീവനോടെ ഇരിക്കുകയില്ല" (പുറപ്പാട്। 33/20)
  • "...അവിടുന്ന് മാത്രമാണ് മരണമില്ലാത്തവന്‍ അപ്രാപ്യമായ പ്രകാശത്തില്‍ വസിക്കുന്ന അവിടുത്തെ ഒരുവരും കണ്ടിട്ടില്ല." (തിമോത്തെയോസ്. 6/16).
  • "ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല" (യോഹന്നാന്‍. 1/8).

------- ദൈവത്തെ ആര്‍ക്കും ഒരു നാളും കാണാന്‍ കഴിയില്ലെന്ന ബൈബിള്‍ വചനങ്ങള്‍ ഒരു വശത്തു നില നില്‍ക്കെ, മനുഷ്യനായി പിറന്ന് മനുഷ്യര്‍ക്കിടയില്‍ ജീവിച്ച്, മനുഷ്യര്‍ കണ്ണുകൊണ്ട് നേരില്‍ കണ്ട, അവര്‍ നേരില്‍ സംസാരം കേട്ട യേശു ദൈവമാണെന്ന ക്രൈസ്തവ സങ്കല്‍പം ഒരു വിധത്തിലും മനസ്സിലാവുന്നില്ല...!---------------

ദൈവത്തെക്കുറിച്ച സത്യത്തിന് ഒളിച്ചുവെക്കപ്പെട്ട വല്ല രഹസ്യവുമുണ്ടോ?

യഥാര്‍ത്ഥ ദൈവത്തെകുറിച്ച് ബൈബിള്‍ പറയുന്നത് നോക്കൂ:

"ഞാനാണ് കര്‍ത്താവ് ഞാനല്ലാതെ മറ്റൊരുവനില്ല എന്ന് ആകാശം സൃഷ്ടിച്ച കര്‍ത്താവ് അരുളിച്ചെയ്യുന്നു। അവിടുന്നാണ് ദൈവം. അവിടുന്ന് ഭൂമിയെ രൂപപ്പെടുത്തി. സ്ഥാപിച്ചു വ്യര്‍ത്ഥമായിട്ടല്ല. അധിവാസയോഗ്യമായിത്തന്നെ അവിടുന്ന് അത് സൃഷ്ടിച്ചു. അന്ധകാരം നിറഞ്ഞിടത്തുവെച്ച് രഹസ്യമായല്ല ഞാന്‍ സംസാരിച്ചത്. ശൂന്യതയില്‍ എന്നെ തിരയുവാന്‍ യാക്കോബിന്റെ സന്തതിയോട് ഞാന്‍ ആവശ്യപ്പെട്ടിട്ടില്ല. കര്‍ത്താവായ ഞാന്‍ സത്യം പറയുന്നു. ഞാന്‍ ശരിയായത് പ്രഖ്യാപിക്കുന്നു." (ഏശയ്യാ. 45/19).

ആകയാല്‍ എന്താണ് സത്യം?

ഈ സൂക്തം വീണ്ടും വീണ്ടും വായിക്കുക ശേഷം ചിന്തിക്കുക.

ഇനി നമുക്ക് സത്യദൈവത്തെക്കുറിച്ച് ബൈബിളിന്റേയും ഖുര്‍ആനിന്റേയും പരാമര്‍ശങ്ങള്‍ പരിശോധിക്കാം നിഷ് പക്ഷവും നിസ്വാര്‍ത്ഥവും ഗഹനവുമായ പഠനത്തിന് ശേഷം -വിശിഷ്യാ- താഴെ കൊടുത്ത വചനങ്ങളെക്കുറിച്ച് - പഠനം നടത്തിയ ശേഷം നിങ്ങളുടെ സംശുദ്ധമായ പ്രതികരണമെന്താണെന്നറിയാന്‍ നമുക്ക് താല്‍പര്യമുണ്ട്.

കാര്യം കഴിയുന്നത്ര വസതുനിഷ്ഠ്മായിരിക്കാന്‍ വേണ്ടി, സ്വന്തമായ യാതൊരു വിവരണവുമില്ലാതെ ബൈബിള്‍ വചനങ്ങള്‍ മാത്രം ഉദ്ധരിച്ചിരിക്കുകയാണിവിടെ. ഇനി നിങ്ങള്‍ ശ്രദ്ധാപൂര്‍വ്വം വായിച്ചുനോക്കുക എന്നിട്ട് നിഷ് പക്ഷമായി ചിന്തിക്കുക. യാതൊരു മുന്‍വിധിയുമല്ലാതെ.

പഴയ നിയമത്തിലെ ഏകദൈവം.

സത്തയിലും ഗുണങ്ങളിലും ഏകനായൊരു കര്‍ത്താവിന്റെ അസ്ത്വിത്വത്തെക്കുറിച്ച പരാമര്‍ശങ്ങള്‍ ബൈബിള്‍ പഴയ നിയമത്തിലുടനീളം കാണാം ചില ഉദാഹരണങ്ങള്‍ കാണുക.

  • അബ്രഹാമിനോട് കര്‍ത്താവ് പറഞ്ഞു:

"സര്‍വ്വശക്തനായ ദൈവമാണ് ഞാന്‍ എന്റെ മുമ്പില്‍ വ്യാപരിക്കുക" (ഉല്‍പ്പത്തി 17/1).

  • കര്‍ത്താവ്, കാരുണ്യവാനും കൃപാനിധിയുമായ ദൈവം കോപിക്കുന്നതില്‍ വിമുഖന്‍। സ്നേഹത്തിലും വിശ്വസ്തതയിലും അത്യുദാരന്‍. തെറ്റുകളും കുറ്റങ്ങളും പാപങ്ങളും ക്ഷമിച്ചുകൊണ്ട് ആയിരങ്ങളോട് കരുണ കാണിക്കുന്നവന്‍.... (പുറപ്പാട്. 34/6,7).ഇസ്രായേലേ കേള്‍ക്കുക നമ്മുടെ ദൈവമായ കര്‍ത്താവ് ഒരേയൊരു കര്‍ത്താവ് നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ പൂ ര്‍ണ്ണഹൃദയത്തോടും പൂ ര്‍ണ്ണാത്മാവോടും പൂ ര്‍ണ്ണശക്തിയോടും കൂടി സ്നേഹിക്കണം..." (നിയമാവര്‍ത്തനം 6/4-5)
  • "കര്‍ത്താവിനെ സ്തുതിക്കുവീന്‍ ആകാശത്തുനിന്ന് കര്‍ത്താവിനെ സ്തുതിക്കുവിന്‍....എന്തെന്നാല്‍, അവിടന്ന് കല്പ്പിച്ചു. അവ സൃഷ്ടിക്കപ്പെട്ടു....." (സങ്കീര്‍ത്തനങ്ങള്‍ 148/1-5).
  • "കര്‍ത്താവ് അരുളിച്ചെയ്യുന്നു നിങ്ങള്‍ എന്റെ സാക്ഷികളാണ്. എന്നെ അറിഞ്ഞു വിശ്വസിക്കാനും ഞാനാണ് ദൈവമെന്ന് ഗ്രഹിക്കാനും... എനിക്ക് മുമ്പ് മറ്റൊരു ദൈവം ഉണ്ടായിട്ടില്ല. എനിക്കു ശേഷം മറ്റൊരു ദൈവം ഉണ്ടാവുകയില്ല. ഞാന്‍ അതേ ഞാന്‍ തന്നെയാണ് കര്‍ത്താവ്. ഞാനല്ലാതെ മറ്റൊരു രക്ഷകനില്ല." (ഏശയ്യാ. 43/10,11).
  • "...ഞാന്‍ ആദിയും അന്ത്യവമാണ് ഞാനല്ലാതെ മറ്റൊരു ദൈവമില്ല. എനിക്കു സമാനായി ആരുണ്ട്? അവന്‍ അതെ ഉത്ഘോഷിക്കുകയും പ്രഖ്യാപിക്കുകയും തെളിയിക്കുകയും ചെയ്യാട്ടെ." (ഏശയ്യാ. 44/6-7).
  • "ജനതകളില്‍ അവശേഷിച്ചവരേ, ഒരുമിച്ചുകൂടി അടുത്തു വരുവീന്‍ തടികൊണ്ടുള്ള വിഗ്രഹം പേറി നടക്കുകയും രക്ഷിക്കാന്‍ കഴിവില്ലാത്ത ദേവനോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന അവര്‍ അജ്ഞരാണ്. നിങ്ങളുടെ ന്യായവാദം ഉന്നയിക്കുവീന്‍. അവര്‍ കൂടിയാലോചിക്കട്ടെ. പുരാതനമായ ഈ കാര്യങ്ങള്‍ പണ്ടുതന്നെ നിങ്ങളോട് പറഞ്ഞതാരാണ്? കര്‍ത്താവായ ഞാന്‍ തന്നെയല്ലേ? ഞനല്ലാതെ മറ്റൊരു ദൈവവുമില്ല. ഞാനല്ലാതെ നീതിമാനായ ദൈവവും രക്ഷകനുമായി മറ്റാരുമില്ല.... ഞാനാണ് ദൈവം. ഞാനല്ലാതെ മറ്റൊരു ദൈവം ഇല്ല. (ഏശയ്യാ. 45/20-23).
  • ഏക ശരീരവും ഏകാത്മാവുമായിട്ടല്ലേ ദൈവം നിങ്ങളെ സൃഷ്ടിച്ചത്...(മലാക്കി. 2/15).

പഴയനിയമത്തില്‍നിന്നുള്ള ചില ഉദ്ധരണികളാണിതത്രയും.

ഏകദൈവം പുതിയ നിയമത്തില്‍

‍ബൈബിള്‍ പഴയനിയമത്തിലെ പ്രവാചകന്മാര്‍ക്ക് പിന്‍ഗാമിയായി വന്ന യേശുക്രിസ്തു ജനങ്ങളെ പഠിപ്പിച്ച സന്ദേശവും സംശുദ്ധമായ ഏകദൈവ വിശ്വാസമായിരുന്നു. വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്ന ഈ യാഥാര്‍ത്ഥ്യത്തിന് ബൈബിള്‍ പുതിയ നിയമത്തിലെ വചനങ്ങള്‍ തന്നെ സാക്ഷ്യമേകുന്നുണ്ട് ചില ഉദാഹരണങ്ങള്‍ കാണുക:

  • "യേശു കല്പിച്ചു: സാത്താനേ ദൂരെപ്പോവുക എന്തെന്നാല്‍, നിന്റെ ദൈവമായ കര്‍ത്താവിനെ ആരാധിക്കണം. അവിടത്തെ മത്രമേ പൂജിക്കാവൂ എന്ന് എഴുതപ്പെട്ടിരിക്കുന്നു." (മത്തായി. 4/10).
  • "ഒരാള്‍ അവനെ സമീപിച്ച് ചോദിച്ചു: ഗുരോ നിത്യജീവന്‍ പ്രാപിക്കാന്‍ ഞാന്‍ എന്തു നന്മയാണ് പ്രവര്‍ത്തിക്കേണ്ടത്? അവന്‍ (യേശു) പറഞ്ഞു: നന്മയെപ്പറ്റി നീ എന്നോട് ചോദിക്കുന്നതന്തിന്? നല്ലവന്‍ ഒരുവന്‍ മാത്രം ജീവനില്‍ പ്രവേശിക്കാന്‍ അഭിലഷിക്കുന്നെങ്കില്‍ പ്രമാണങ്ങള്‍ അനുസരിക്കുക". (മത്തായി 19/16, 17).

ഏതാണ് പരമപ്രധാനമായ ദൈവകല്പനയെന്ന ഒരു നിയമജ്ഞന്റെ ചോദ്യത്തിന് യേശു നല്‍കിയ മറുപടിയില്‍ ഏക ദൈവത്വത്തിന്റെ വ്യക്തമായ വിവരണമുണ്ട് ബൈബിളില്‍ അത് ഇന്നും നിലനില്‍ക്കുന്നുണ്ട്.

  • "യേശു പ്രതിവചിച്ചു: ഇതാണ് ഒന്നാമത്തെ കല്പന: ഇസ്രായേലേ കേള്‍ക്കുക നമ്മുടെ ദൈവമായ കര്‍ത്താവാണ് ഏകകര്‍ത്താവ്. നീ നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണഹൃദയത്തോടും പൂര്‍ണാത്മാവോടും പൂര്‍ണമനസ്സോടും പൂര്‍ണ ശക്തിയോടും കൂടെ സ്നേഹിക്കുക..." (മാര്‍ക്കോസ്. 12/29, 30).
  • "ഏകസത്യദൈവമായ അവിടുത്തേയും അങ്ങ് അയച്ച യേശുക്രിസ്തുവിനേയും അറിയുക എന്നതാണ് നിത്യജീവന്‍" (യോഹന്നാന്‍. 17/3).

ദൈവവും യേശുവും ഒന്നല്ലെന്ന് ഈ വചനം സുതരാം വ്യകതമാക്കിയിരിക്കുന്നു സത്യന്വേഷികള്‍ക്ക് ചിന്തിക്കാന്‍ ഇതുതന്നെ മതി। ഇതേകാര്യം മറ്റൊരിടത്ത് ഇങ്ങനെ വിവരിക്കുന്നു.

"എന്തെന്നാല്‍ ഒരു ദൈവമേയുള്ളൂ. ദൈവത്തിനും മനുഷ്യര്‍ക്കുമിടയില്‍ മധ്യസ്ഥനായി ഒരുവനേയുള്ളൂ. മനുഷ്യനായ യേശുക്രിസ്തു." (1-തിമോത്തൊയോസ്. 2/5).

യേശു മനുഷ്യനാണെന്ന് മാത്രമല്ല, മനുഷ്യരിലേക്ക് നിയോഗിക്കപ്പെട്ട മനുഷ്യനായ ദൈവദൂതനായിരുന്നുവെന്ന് കൂടി വ്യക്തമാക്കിയിരിക്കയാണ് ഈ വചനം

ദൈവത്തിന്റെ ഏകത്വത്തിന് സാക്ഷ്യം നല്‍കുന്ന ഇത്തരം ബൈബിള്‍ വചനങ്ങള്‍ ഇനിയുമുണ്ട് നിങ്ങള്‍ പരിശോധിക്കുക്ക.

ഏകദൈവം ഖുര്‍ആനില്‍

കലര്‍പ്പില്ലാത്ത ഏകദൈവത്വമാണ് വിശുദ്ധ ഖുര്‍ആനില്‍ കാണാന്‍ കഴിയുന്നത് ഈ ലോകത്തിന്റെ സൃഷ്ടാവും ഉടമസ്ഥനും നിയന്താവുമായ ഒരുവന്‍ മത്രമേ ആരധനക്കര്‍ഹനായിട്ടുള്ളൂ അവന്നു പുറമെ പൂജിക്കപ്പെടുന്ന വിഗ്രഹങ്ങളോ വ്യക്തികളോ ശക്തികളോ ഒന്നും തന്നെ യഥാര്‍ത്ഥത്തില്‍ ആരാധനക്കര്‍ഹതയുള്ളവയല്ല. മനുഷ്യന്റെ ബുദ്ധിയോ പ്രകൃതിയോ സമ്മതിക്കാത്ത, പ്രപഞ്ചനാഥന്‍ പഠിപ്പിക്കാത്ത, മിഥ്യയായ ചില സങ്കല്പങ്ങള്‍ മത്രമാണ് മനുഷ്യനെ അത്തരം വഴികേടുകളിലേക്ക് നയിച്ചിരിക്കുന്നത്. അര്‍ത്ഥശങ്കക്കിടമില്ലാത്തവിധം ഖുര്‍ആന്‍ ഇക്കാര്യം തുറന്നുകാട്ടുന്നുണ്ട്. ചില ഉദാഹരണങ്ങള്‍ കാണുക.

"നബിയേ പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു. അവന്‍ (ആര്‍ക്കും) ജന്മം നല്‍കിയിട്ടില്ല. (ആരുടേയും സന്താനമായി) ജനിച്ചിട്ടുമില്ല. അവന്ന് തുല്യനായി ആരും തന്നെയില്ല. (വി.ഖു. 112/1-4).

"ഞാനല്ലാതെ യാതൊരു ദൈവവുമില്ല. അതിനാല്‍ എന്നെ നിങ്ങള്‍ ആരാധിക്കൂ എന്ന് ബോധനം ന‍ല്‍കിക്കൊണ്ടല്ലാതെ നിനക്ക് മുമ്പ് ഒരു ദൂതനേയും നാം അയച്ചിട്ടില്ല" (വി.ഖു. 21/25).

"അല്ലാഹു മൂവരില്‍ ഒരാളാണ് എന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളായിരിക്കുന്നു ഏക ആരാധ്യനല്ലാതെ യാതൊരാരാധ്യനുമില്ല തന്നെ. അവര്‍ ആ പറയുന്നതില്‍നിന്ന് വിരമിച്ചില്ലെങ്കില്‍ അവരില്‍നിന്ന് അവിശ്വസിച്ചവര്‍ക്ക് വേദനയേറിയ ശിക്ഷ ബാധിക്കുക തന്നെ ചെയ്യും. (വി.ഖു. 5/73).

"അഥവാ- ഭൂമിയെ നിവാസയോഗ്യമാക്കുകയും അതിനിടയില്‍ നദികളുണ്ടാക്കുകയും അതില്‍ ഉറപ്പുനല്‍കുന്ന പര്‍വ്വതങ്ങളുണ്ടാക്കുകയും രണ്ടുതരം ജലാശയങ്ങള്‍ക്കുമിടയില്‍ ഒരു തടസ്സം ഉണ്ടാക്കുകയും ചെയ്തവനോ (അതോ അവരുടെ ദൈവങ്ങളോ) അല്ലാഹുവോടൊപ്പം മറ്റുവല്ല ദൈവവുമുണ്ടോ? അല്ല, അവരില്‍ അധിക പേരും അറിയുന്നില്ല" (വി. ഖു. 27/61).

അഥവാ- കരയിലേയും കടലിലേയും അന്ധകാരങ്ങളില്‍ നിങ്ങള്‍ക്ക് വഴികാണിക്കുകയും തന്റെ കാരുണ്യത്തിന് മുമ്പില്‍ സന്തോഷ സൂചകമായി കാറ്റുകള്‍ അയക്കുകയും ചെയ്യുന്നവനോ? (അതല്ല, നിങ്ങളുടെ ദൈവങ്ങളോ?) അല്ലാഹുവോടൊപ്പം മറ്റു വല്ല ദൈവവുമുണ്ടോ? അവര്‍ പങ്കുചേര്‍ക്കുന്നതിനെല്ലാം അല്ലാഹു അതീതനായിരിക്കുന്നു" (വി. ഖു. 27/63).

"അഥവാ- സൃഷ്ടി ആരംഭിക്കുകയും പിന്നീട് അത് ആവര്‍ത്തിക്കുകയും, ആകാശത്തുനിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് ഉപജീവനം നല്‍കുകയും ചെയ്യുന്നവനോ? (അതല്ല, അവരുടെ ദൈവങ്ങളോ?) അല്ലാഹുവോടൊപ്പം വേറെ വല്ല ദൈവവുമുണ്ടോ? (നബിയേ), പറയുക: നിങ്ങള്‍ സത്യവന്മാരാണെങ്കില്‍ നിങ്ങള്‍ക്കുള്ള തെളിവ് നിങ്ങള്‍ കൊണ്ടുവരിക" (വി.ഖു. 27/64).

അതെ, ദൈവത്തിന്റെ ഏകത്വമാണ് - അഥവാ- തൗഹീദാണ് ഈ വചനങ്ങളത്രയും ഉള്‍ക്കൊള്ളുന്നത് അതാണ് ഖുര്‍ആനിന്റെ മൗലിക പ്രമേയം. വിശുദ്ധ ഖുര്‍ആന്റെ ഈ മൗലിക തത്വത്തിന് അടിവരയിടുന്ന ബൈബിള്‍ പഴയനിയമത്തിലേയും പുതിയനിയമത്തിലേയും വചനങ്ങള്‍ നാം നേരത്തെ ഉദ്ധരിച്ചല്ലോ."ഭൂമിയുടെ അതിര്‍ത്തികളേ എന്നിലേക്ക് തിരിഞ്ഞ് രക്ഷപ്പെടുക. ഞാനാണ് ദൈവം. ഞാനല്ലാതെ മറ്റൊരു ദൈവമില്ല" (ഏശയ്യാ. 45/22).

"...ഞാന്‍ ആദിയും അന്ത്യവുമാണ്. ഞനല്ലാതെ മറ്റൊരു ദൈവമില്ല എനിക്കു സമാനായി ആരുണ്ട്? അവന്‍ അത് ഉല്‍ഘോഷിക്കുകയും പ്രഖ്യാപിക്കുകയും തെളിയിക്കുകയും ചെയ്യട്ടെ". (ഏശയ്യാ. 44/6-7).
ദൈവം ഏകനണെന്ന് മത്രമല്ല അവന്‍ മത്രമാണ് യഥാര്‍ത്ഥ ദൈവമെന്നും അവന് തുല്യനായി ആരുമില്ലെന്നും അവന്‍ മാത്രമാണ് രക്ഷകനെന്നുമുള്ള യഥാര്‍ത്ഥ്യം വ്യക്തമാക്കുന്ന വചനങ്ങളാണിവ.

ഇത്തരം പ്രമാണങ്ങളുടെ അടിസ്ഥനത്തില്‍ നമുക്ക് ഒരു കാര്യം ഉറപ്പിച്ചു പറയാന്‍ കഴിയും; യേശുവോ പരിശുദ്ധാത്മാവോ പുത്രന്മാരോ അവതാരങ്ങളോ ദൈവികാംശമുള്ളവരോ അല്ല, അതെല്ലാം മിഥ്യയായ സങ്കല്പങ്ങള്‍ മത്രമാണ്.

ആരോടാണ് പ്രാര്‍ത്ഥിക്കേണ്ടത്?

തന്റെ ഭൗതികമായ കഴിവുകള്‍ അവസാനിക്കുന്നേടത്ത്, മനുഷ്യന്‍ തന്റെ ഉദ്ദേശ്യങ്ങള്‍ സഫലീകരിച്ചുകിട്ടാനായി പ്രാര്‍ത്ഥനയെ ആശ്രയിക്കുന്നു। ഐഹിക ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കും മരണാനന്തര ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കും മനുഷ്യന്‍ പ്രാര്‍ത്ഥിക്കാറുണ്ട്। പ്രാര്‍ത്ഥന കേള്‍ക്കാനും അതിന്നനുസൃതമായി ഉത്തരം ചെയ്യാനും കഴിവുള്ളവനോട് മത്രമേ പ്രാര്‍ത്ഥന നടത്താവൂ. തന്നേയും താനുള്‍ക്കൊള്ളുന്ന പ്രപഞ്ചത്തേയും സൃഷ്ടിച്ച സര്‍വ്വശക്തനും സര്‍വ്വജ്ഞനുമായ ദൈവത്തിന് മത്രമേ അതിന്ന് കഴിവുള്ളൂ. അതിനാല്‍, അവനോട് മത്രമേ പ്രാര്‍ത്ഥിക്കാവൂ. ഇതാണ് ദൈവപ്രോക്തമായ യഥാര്‍ത്ഥ മതം പറയുന്നത്. മനുഷ്യബുദ്ധി താല്പര്യപ്പെടുന്നതും അതു തന്നെയാണ്.

പള്ളികള്‍ അല്ലാഹുവിന്നുള്ളതാണ്। ആകയാല്‍ അല്ലാഹുവിനോടൊപ്പം നിങ്ങള്‍ മറ്റൊരാളേയും വിളിച്ചു പ്രാര്‍ത്ഥിക്കരുത്' എന്ന് വിശുദ്ധ ഖുര്‍ആന്‍ (72/18) പറയുമ്പോള്‍ 'എന്നോട് കര്‍ത്താവേ കര്‍ത്താവേ എന്ന് വിളിച്ചപേക്ഷിക്കുന്നവനല്ല, എന്റെ സ്വര്‍ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാണ് സ്വര്‍ഗ രാജ്യത്തില്‍ പ്രവേശിക്കുന്നത്' എന്ന് യേശു പറഞ്ഞതായി മത്തായി സുവിശേഷത്തി (7/21) ല്‍ കാണാം.

അതുപോലെത്തന്നെ യേശു പറഞ്ഞതായി മത്തായി തന്നെ പറയുന്നു:

"നിങ്ങളുടെ സ്വര്‍ഗസ്ഥനായ പിതാവ് തന്നോട് ചോദിക്കുന്നവര്‍ക്ക് എത്രയോ കൂടുതല്‍ നന്മ നല്‍കും" (മത്തായി। 7/11).


---ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളിലെല്ലാം തന്നെ യേശു സ്രഷ്ടാവായ ദൈവത്തെ മാത്രം വിളിച്ചുപ്രാര്‍ത്ഥിക്കുന്നതായാണ് നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്. ദുഷ്ട്പുരോഹിതന്മാരെരുക്കിയ മരക്കുരുശില്‍നിന്നും, തന്നെ രക്ഷിക്കാനായി യേശു പറഞ്ഞതായി മത്തായി സുവിശേഷത്തില്‍ ഇങ്ങനെ വായിക്കുക:---

"എന്റെ പിതാവേ, സധ്യമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്നകന്നുപോകട്ടെ. എങ്കിലും എന്റെ ഹിതം പോലെയല്ല അവിടുത്തെ ഹിതം പോലെയാകട്ടെ." (മത്തായി. 26/39).

യേശുവിന്റെ വാക്കുകള്‍ വിശ്വസിക്കുന്ന ഒരു യഥാര്‍ത്ഥ ക്രിസ്ത്യാനിയെ സംബന്ധിച്ചേടത്തോളം ഈ വചനം തന്നെ മതി തെറ്റായ ത്രിത്വ സിദ്ധാന്തത്തില്‍ നിന്ന് പിന്തിരിയാന്‍ കാരണം, പ്രതിസന്ധിഘട്ടത്തില്‍ പോലും യേശു തനിക്കു മുമ്പു കഴിഞ്ഞു പോയ ഏതെങ്കിലുമൊരു മഹാപുരുഷനെ വിളിച്ചു പ്രാര്‍ത്ഥിച്ചിട്ടില്ല മറിച്ച്, കര്‍ത്താവനെ നേരിട്ട് വിളിച്ചു തേടാനാണ് ശ്രമിച്ചിട്ടുള്ളത്। എന്നുമാത്രമല്ല, താന്‍ ദൈവമാണെന്ന് യേശു ഒരിക്കലും കരുതിയിരുന്നില്ലെന്നതിന്റെ വ്യക്തമായ തെളിവുകൂടിയാണ് ഈ വചനം കാരണം, ഇവിടെ യേശു 'എന്റെ ഹിതം നിന്റെ ഹിതം' എന്നിങ്ങനെ രണ്ടായി വേര്‍തിരിച്ചു പറയുന്നുണ്ട്. താന്‍ ദൈവമാണെന്ന് യേശു ഒരിക്കലും മനസ്സിലാക്കിയിരുന്നില്ല എന്നതിന്ന് ഇതില്‍പരം എന്തു തെളിവാണ് വേണ്ടത്? തന്റെ ഉദ്ദേശ്യങ്ങള്‍ സഫലമാവാന്‍ പോലും യേശു ദൈവത്തോട് പ്രാര്‍ത്ഥിക്കുകയാണ് ചെയ്തിരിക്കുന്നത്. സ്വയം ദൈവമാണെന്നോ തന്നില്‍ ദൈവത്തിന്റെ എന്തെങ്കിലും അംശമുണ്ടെന്നോ അദ്ദേഹം കരുതിയിരുന്നെങ്കില്‍ ഇങ്ങനെ ദൈവത്തെ വിളിച്ചു പ്രാര്‍ത്ഥിക്കേണ്ട ആവശ്യമില്ലായിരുന്നല്ലോ? അതിനാല്‍ യേശുവിനെക്കുറിച്ച് ഇന്ന് ക്രൈസ്തവ ലോകം വെച്ചുപുലര്‍ത്തുന്ന വിശ്വാസസങ്കല്പങ്ങളില്‍ പലതും യേശു പഠിപ്പിക്കാത്ത, മറ്റുള്ളവരാല്‍ കെട്ടിച്ചമക്കപ്പെട്ട കാര്യങ്ങളാണെന്ന്‍ നമുക്ക് മനസ്സിലാക്കാം.

ആദം, നോഹ, അബ്രഹാം, മോശെ, യേശു, മുഹമ്മദ് തുടങ്ങിയ മുഴുവന്‍ ദൈവദൂതന്മാരും നിയോഗിക്കപ്പെട്ടത് ഒരേയൊരു സത്യം - സ്രഷ്ടാവും നിയന്താവും സംരക്ഷകനുമായ ദൈവം മത്രമാണ് ആരാധാനക്കര്‍ഹനായിട്ടുള്ളത് യഥാര്‍ത്ഥ ദൈവമെന്ന സന്ദേശം ജനങ്ങളിലേക്കെത്തിക്കാന്‍ വേണ്ടിയായിരുന്നു.

'ജനങ്ങളേ, നിങ്ങള്‍ നിങ്ങളുടെ സ്രഷ്ടാവായ ദൈവത്തെ ആരാധിക്കുക। അവനല്ലാതെ നിങ്ങള്‍ക്ക് ആരാധ്യനില്ല. നിങ്ങള്‍ അവന്റെ കല്പനകള്‍ കാത്തുസൂക്ഷിക്കുക' എന്നായിരുന്നു അവരോരുത്തരും തങ്ങളുടെ ജനതകളോട് പറഞ്ഞത്. അതുകൊണ്ട് തന്നെ ആ ദൈവദൂതന്മാരെല്ലാം പ്രബോധനം ചെയ്ത മതം ഒന്നായിരുന്നു. അതെ - ദൈവിക കല്പനകള്‍ക്ക് കീഴൊതുങ്ങി, അവന്ന് സര്‍വ്വാര്‍പ്പണം നടത്തി ജീവിതം നയിക്കുക, അവനെ മാത്രം ആരാധിക്കുക എന്നതാണ് ദൈവദൂതന്മാര്‍ പ്രബോധനം ചെയ്ത മതത്തിന്റെ സാരാംശം.

ദൈവത്തിന് കീഴൊതുങ്ങുക, സര്‍വ്വസ്വം സമര്‍പ്പിക്കുക എന്ന അര്‍ത്ഥത്തില്‍ അറബിയില്‍ പറയുന്ന വാക്കാണ് ഇസ് ലാം.

സകല ദൈവദൂതന്മാരുടേയും സന്ദേശം ഇസ് ലാമായിരുന്നുവെന്ന് വിശുദ്ധ ഖുര്‍ആന്‍ വിവിധ സ്ഥലങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട് ഉദാഹരണമായി ഖുര്‍ആന്‍ പറയുന്നു:

"എനിക്ക് ശേഷം ഏതൊരു ദൈവത്തെയാണ് നിങ്ങള്‍ അരാധിക്കുക എന്ന് യഅഖൂബ്(അ) മരണം ആസന്നമായ സന്ദര്‍ഭത്തില്‍ തന്റെ സന്തതികളോട് ചോദിച്ചപ്പോള്‍ നിങ്ങളവിടെ സന്നിഹതരായിരുന്നോ? അവര്‍ പറഞ്ഞു: താങ്കളുടെ ആരാധ്യനായ, താങ്കളുടെ പിതാക്കളായ ഇബ്റാഹീമിന്റെയും ഇസ്മായിലിന്റേയും ഇസ് ഹാഖിന്റേയും ആരാധ്യനായ ഏകദൈവത്തെ മാത്രം ഞങ്ങള്‍ ആരാധിക്കും ഞങ്ങള്‍ അവന്ന്‍ കീഴ്പ്പെട്ട് (മുസ് ലീംകളായിക്കൊണ്ട്) ജീവിക്കുന്നവരുമായിരിക്കും." (വി.ഖു. 2/133).

യേശു പറഞ്ഞതായി ഖുര്‍ആന്‍ രേഖപ്പെടുത്തുന്നതും ഇതു തന്നെയാണ്:

"തീര്‍ച്ചയായും അല്ലാഹു എന്റേയും നിങ്ങളുടേയും രക്ഷിതാവാകുന്നു അതിനാല്‍ അവനെ നിങ്ങള്‍ അരാധിക്കുക ഇതാകുന്നു നേരായ മാര്‍ഗം" (വി.ഖു 3/51).

യേശുവിന്റെ ഉത്തമ ശിഷ്യന്മാരായ ഹവാരികള്‍ക്ക് യേശു മുഖേനെ അല്ലാഹു നല്‍കിയ സന്ദേശത്തെപ്പറ്റി മറ്റൊരിടത്ത് ഖുര്‍ആന്‍ പറയുന്നു:

"നിങ്ങള്‍ എന്നിലും എന്റെ ദൂതനിലും വിശ്വസിക്കൂ എന്ന് ഞാന്‍ ഹവാരികള്‍ക്ക് ബോധനം നല്‍കിയ സന്ദര്‍ഭത്തിലും അവര്‍ പറഞ്ഞു: ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങള്‍ മുസ് ലീംകളാണെന്നതിന്‍ നീ സാക്ഷ്യം വഹിച്ചുകൊള്ളുക" (വി.ഖു. 5/111).

അതുകൊണ്ടു തന്നെ മോക്ഷമാഗ്രഹിക്കുന്ന ഏതൊരാളും ദൈവിക ദൗത്യത്തിന്റെ മൗലികതയിലും മുഴുവന്‍ ദൈവദൂതന്മാരിലും അവര്‍ കൊണ്ടുവന്ന യഥാര്‍ത്ഥ സന്ദേശത്തിലും വിശ്വസിച്ചേ തീരൂ.

മാനവകുലത്തിന്റെ മുഴുവന്‍ സ്രഷ് ടാവ് ഒന്ന്.

സംരക്ഷനൊന്ന്, ആരാധ്യനും ഒന്ന്.

അവന്‍ നിയോഗിച്ച ദൂതന്മാരുടെ ദൗത്യവും ഒന്ന്.

അതുകൊണ്ടുതന്നെ ഒരാള്‍ മുസ് ലീമാവണമെങ്കില്‍ അവന്‍ മുഹമ്മദ് നബിയില്‍ മാത്രം വിശ്വസിച്ചാല്‍ പോരാ. മറിച്ച് മോശെ പ്രവാചകനും യേശു പ്രവാചകനുമടക്കമുള്ള മുഴുവന്‍ ദൈവദൂതന്മാരിലും പ്രവാചകന്മാരിലും അവര്‍ക്ക് ദൈവം നല്‍കിയ വേദഗ്രന്ഥങ്ങളുടെ മൗലിക ഭാവത്തിലും വിശ്വസിച്ചേ പറ്റൂ. അങ്ങനെ വിശ്വസിക്കുന്ന, മുഴുവന്‍ മനുഷ്യരേയും ഒരേ ദൈവത്തിന്റെ അടിമകളായി കാണുന്ന, ആ ദൈവത്തെ മാത്രം വിളിച്ചുപ്രാര്‍ത്ഥിക്കാനും ആരാധിക്കാനും അഖില മനുഷ്യരോടും ആവശ്യപ്പെടുന്നവനാണ് മുസ് ലീം. ഖുര്‍ആന്‍ പറയുന്നത് കാണുക:

"അല്ലാഹുവിലും അവങ്കല്‍ നിന്ന് ഞങ്ങള്‍ക്ക് അവതരിപ്പിച്ചുകിട്ടിയതിലും ഇബ്റാഹീമിനും ഇസ്മാഈലിനും ഇസ് ഹാഖിനും യഅഖൂബിനും യഅഖൂബ് സന്തതികള്‍ക്കും അവതരിപ്പിച്ചുകൊടുത്തതിലും മൂസാ, ഈസാ എന്നിവര്‍ക്ക് നല്‍കപ്പെട്ടതിലും സര്‍വ്വ പ്രവാചകന്മാര്‍ക്കും അവരുടെ രക്ഷിതാവിങ്കല്‍ നിന്ന് നല്‍കപ്പെട്ടതി (സന്ദേശങ്ങളി)ലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അവരില്‍ ആര്‍ക്കിടയിലും ഞങ്ങള്‍ വിവേചനം കല്‍പ്പിക്കുന്നില്ല। ഞങ്ങള്‍ അവന്ന് (അല്ലാഹുവിന്ന്) കീഴ്പ്പെട്ട് ജീവിക്കുന്നവരുമാകുന്നു." (വി. ഖു. 2/236).

മറ്റൊരു ഖുര്‍ ആന്‍ വചനം കാണുക.

"തന്റെ രക്ഷിതാവിങ്കല്‍ നിന്ന് തനിക്ക് അവതരിപ്പിക്കപ്പെട്ടതില്‍ റസൂല്‍ വിശ്വസിച്ചിരിക്കുന്നു. (അതിനെത്തുടര്‍ന്ന്) സത്യവിശ്വാസികളും. അവരെല്ലാവരും അല്ലാഹുവിലും അവന്റെ മലക്കുകളിലും അവന്റെ വേദഗ്രന്ഥങ്ങളിലും അവന്റെ ദൂതന്മാരിലും വിശ്വസിച്ചിരിക്കുന്നു. അവന്റെ ദൂതന്മാരില്‍ ആര്‍ക്കുമിടയില്‍ ഒരു വിവേചനവും ഞങ്ങള്‍ കല്പിക്കുകയില്ല (എന്നതാകുന്നു അവരുടെ നിലപാട്.)" (വി. ഖു. 2/285)

അതുകൊണ്ടു തന്നെ താങ്കള്‍ ഒരു സത്യാന്വേഷിയാണെങ്കില്‍, പക്ഷപാതിത്വത്തിന്റെ വിലങ്ങുകളില്ലാത്ത സത്യമാണ് താങ്കള്‍ ആഗ്രഹിക്കുന്നതെങ്കില്‍.... സ്വന്തം കുടുംബവും സമൂഹിക സാഹചര്യങ്ങളുമൊരുക്കുന്ന മുന്‍ വിധികള്‍ മാറ്റിനിര്‍ത്തി ചിന്തിക്കാന്‍ കഴിയുമെങ്കില്‍, താങ്കള്‍ക്ക് മുമ്പില്‍ മോക്ഷത്തിന്റെ മാര്‍ഗമിതാ തുറന്നു കിടക്കുന്നു.

ഇനി താങ്കള്‍ തീരുമാനിക്കുക സമയം ആരേയും കാത്തിരിക്കുകയില്ല. മരണം കണ്‍ മുമ്പിലെത്തും മുമ്പ് കലര്‍പ്പില്ലാത്ത സത്യത്തിന്റെ സന്ദേശം സ്വീകരിച്ചുകൊണ്ട് ദൈവത്തിന്റെ അനുസരണമുള്ള അടിമയായിത്തീരുക. ദൈവം തങ്കളെ അനുഗ്രഹിക്കട്ടെ.


(ബൈബിള്‍ ഉദ്ധരണികള്‍: കെ.സി.ബി.സി യുടെ മലയാളം ബൈബിളില്‍ നിന്ന്.

FROM:

http://www.truesayings.org/

ഒരേയൊരു സന്ദേശം

അബുമുബീന്‍

ഇസ് ലാമിക് ഇന്‍ഫര്‍മേഷന്‍ സെന്റര്‍. - ദുബൈ.

12 September, 2007

ഭൂതകാലത്തിലേക്കൊരെത്തിനോട്ടം

അന്നു നിലാവുള്ള ഒരു രത്രിയില്‍ ആകാശത്തെ മിന്നിതിളങ്ങുന്ന കുഞ്ഞു നക്ഷത്രങ്ങളെ നോക്കി ഞാനും എന്റെ ബാല്യകാല സുഹൃത്തും വീടിനു പുറത്തു ഒരു പുല്ലായയില്‍ മലര്‍ന്നു കിടന്നു ആസ്വദിക്കുകയായിരുന്നു. കൂടെ സ്വന്തം സഹോദരിമാരും അയല്‍വാസികളായ കുടുംബക്കാരും ഒരു ഭാഗത്ത്. അവരും അവരുടെ ലോകവും, ഞങ്ങളും ഞങ്ങളുടെ ലോകവും, പൊടികുഞ്ഞുങ്ങള്‍ അവരുടെ ലോകവും ആയി നിലാവു കൊള്ളൂകായാണു. കൂടെയുള്ള കുസൃതികളായ കുഞ്ഞുമക്കള്‍ ഞങ്ങള്‍ക്കു ചുറ്റും ഓടി തിമര്‍ക്കുന്നുണ്ടായിരുന്നു. ഏതു നിമിഷവും അവരുടെ ഓട്ടം ഞങ്ങള്‍ക്കുമുകളിലൂടെ ഉണ്ടാവും എന്ന ഒരു ഉള്‍ഭയത്തോടെയാണു കിടക്കുന്നതു. അങ്ങിനെ പ്രതീക്ഷിക്കാനും കാരണം ഉണ്ട് ഇന്നലത്തെ അവരുടെ ഓട്ട പന്തയം അവസാനിച്ചതു എന്റെ നെഞ്ചത്താണേയ്. നൊയമ്പ് തുറന്നതിനു ശേഷം ഭക്ഷണത്തിനു മുന്നെ വീടിനു പുറത്തു കുറച്ചു സമയം കാറ്റുകൊള്ളാന്‍ കിടക്കുക എന്ന ഒരു പതിവിണ്ടായിരുന്നു. പക്ഷേ അപ്പോഴും നോമ്പു തുറന്നതിന്നു ശേഷം ബാക്കി വന്ന പലഹാരങ്ങള്‍ ചിലവായിക്കോട്ടെ എന്നു കരുതി ഉമ്മ അതെല്ലാം കൂടി ഒരു പാത്രത്തിലാക്കി പുറത്തു വെക്കുമായിരുന്നു. അതികപക്ഷം ആ പാത്രം കാലിയാകാറുണ്ട് അതു കൊണ്ടു തന്നെയാണു ഉമ്മ ആ സമ്പ്രദായം നടപ്പാക്കിയതും. എന്തായാലും സ്വന്തം മക്കളല്ലെ പോരാത്തതിനു നോമ്പും എങ്ങനെയെങ്കിലും എന്തെങ്കിലും ഒക്കെ ആയിട്ടു അകത്തേക്കു ചെല്ലട്ടെ എന്നു ചിന്തിച്ചു കാണും. തൊട്ടടുത്തുള്ള ചാക്കപ്പന്റെ പീടികയില്‍ ക്രിസ്തുമസ്സിനു മരത്തിനു മുകളില്‍ കുഞ്ഞു കുഞ്ഞു നക്ഷത്രങ്ങള്‍ ഉണ്ടാക്കി അലങ്കരിക്കുമായിരുന്നു. അന്നു ഏറ്റവും കൂടുതല്‍ നക്ഷത്രം കാണാറും ആ മരത്തിലാണു. അതിലും എത്രയോ കൂടുതല്‍ ഞാന്‍ അപ്പോള്‍ ഞാന്‍ ആകാശത്തു കണ്ടു. അതെല്ലാം ഒന്നു എണ്ണി കണക്കാക്കാം എന്നു കരുതി എണ്ണാന്‍ തുടങ്ങായിരുന്നു. അപ്പോഴാണു ഒരു വിളി കേട്ടതു. "ടാ...ദേ.. അങ്ങോട്ടു നോക്ക്യേ... ദാണ്ടേ..ഒരു "നച്ചത്രം നീങ്ങി നീങ്ങി പോണു". തൊട്ടടുത്ത് കിടന്നു ഞാന്‍ കാണാത്ത എന്തോ അവന്‍ കണ്ടുപിടിച്ചിരിക്കുന്നു. "എവിടെ.. എവിടെ.." ഞാനും ഉത്സാഹത്തോടെ അതിനെ നോക്കി. ശരിയാ അവന്‍ പറഞ്ഞതു. ആ നക്ഷത്രത്തിന്റെ ധൃതി പിടിച്ചുള്ള പാച്ചലു കണ്ടപ്പോള്‍ എനിക്കു മനസ്സിലായി അതു നക്ഷത്രമല്ല ഒരു വിമാനം ആണെന്നു. ഞാനാ കണ്ടുപിടുത്തം വളരെ ഗൗരവത്തില്‍ അവനു പറഞ്ഞു മനസ്സിലാക്കി. അപ്പോഴേക്കും തരിക്കഞ്ഞിയുമായി ഉമ്മ പുറത്തേക്കു എത്തിയിരുന്നു. അതു എന്റെ ഒരു ആഗ്രഹ സഫലീകരണത്തിന്റെ ഭാഗമായിരുന്നു. ഇന്നലേ പറഞ്ഞതു നോക്കിയതാണു നടന്നില്ല. പക്ഷേ അതു വേറെ ചില പലഹാരങ്ങള്‍ ആദ്യമേ പറഞ്ഞതു കൊണ്ടു ഈ ആഗ്രഹം ഇന്നത്തേക്കു മാറ്റി വെച്ചതാണു. നോമ്പു തുറക്കാനായാല്‍ അതുവരെ കണ്ണില്‍ കണ്ട എല്ലാ പലഹാരങ്ങളും ഉണ്ടാക്കാന്‍ ഉമ്മാനെ നിര്‍ബന്ധിക്കും, പക്ഷേ നിര്‍ബന്ധം മത്രമേ ഉള്ളൂ. ഒന്നും കഴിക്കാന്‍ കഴിയാറില്ല കാരണം ആദ്യമേ കുറേ വെള്ളം കുടിച്ചു വയറു നിറക്കും, പിന്നെ എല്ലാം കാണാനെ കഴിയൂ. അതു ഉമ്മാക്കും അറിയാമായിരുന്നു. അതിനാല്‍ രണ്ടോ മൂന്നോ തരം പലഹാരം മാത്രമേ ഉണ്ടാക്കാറുള്ളൂ. പിന്നെ അടുത്ത വീട്ടിലെ പലഹാരം ഇങ്ങോട്ടും ഇവിടുത്തേത് അങ്ങോട്ടും പോകും അങ്ങിനെ ആകുമ്പോള്‍ പലഹാരത്തിന്റെ എണ്ണം വീണ്ടും കൂടും. അങ്ങിനെ ആഗ്രഹം എന്റേതും ആസ്വദിച്ചു കഴിക്കുന്നതു വീട്ടുകാരും ആയിരുന്നു. മദ്രസ്സയില്‍ പോയാലും, സ്കൂളില്‍ പോയാലും നോമ്പു സമയത്തു ക്ഷീണം മാറ്റാന്‍ വേണ്ടി മുഖം കഴുകുന്ന ഒരു ഏര്‍പ്പാടുണ്ടേയ്. അതാണു ഏക ആശ്വാസം. കാരണം അപ്പോഴാണു എന്റെ ദാഹം ഞാന്‍ തീര്‍ക്കാറുള്ളതു. മുഖം കഴുകി കഴിയുമ്പോഴേക്കും എന്റെ ദാഹം തീരാനുള്ള വെള്ളം അകത്തേക്കു എത്തിയിരിക്കും. അപ്പോള്‍ എന്റെ ക്ഷീണവും തീരാറുണ്ടായിരുന്നു. ചില ദിവസങ്ങളില്‍ മുഖം കൂടുതല്‍ കഴുകേണ്ടി വരും. ആദ്യത്തെ പത്തു ദിവസം കഴിഞ്ഞാല്‍ പിന്നെ ഇടക്കിടക്കു നൊയമ്പു തുറപ്പിക്കുന്നൊരു ഏര്‍പ്പാടുണ്ടു. ആ ദിവസങ്ങള്‍ എല്ലം സന്തോഷത്തിന്റെ ദിവസങ്ങള്‍ ആയിരുന്നു കാരണം അന്ന് വീട്ടില്‍ പലരും വരുന്നതല്ലേ അപ്പോള്‍ പ്രത്യേകമായ പലഹാരങ്ങളും എല്ലാ തരം പഴവര്‍ഗ്ഗങ്ങളും അവര്‍ക്കു വേണ്ടി ഒരിക്കിയിരിക്കും. കട്ടു തിന്നുതില്‍ ഒരു പ്രത്യേക രുചിയുണ്ടെന്നു മനസ്സിലാക്കിയ നാളുകള്‍. ഞാനും എന്റെ അയല്‍ വാസിയായ കൂട്ടുകാരനും ഒരുമിച്ചിരുന്നു കഴിക്കാന്‍ രണ്ടു മൂന്നു സ്ഥലങ്ങള്‍ വീടിനു പല ഭാഗത്തായി കണ്ടു വെച്ചിരുന്നു. വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ ഓരോന്നായി തെയ്യാറാവുന്നതിനനുസരിച്ച് അതില്‍ നിന്നും ഒരോന്നും അടിച്ചു മാറ്റി നേരത്തെ തീരുമാനിച്ച സ്ഥലങ്ങളില്‍ കൊണ്ടു വെക്കും, പിന്നെ അവന്‍ എന്നെ തപ്പും ഞാന്‍ അവനെ തപ്പും. അങ്ങിനെ ഞങ്ങള്‍ രണ്ടു പേരും ആശിച്ചു അതു കഴിക്കാന്‍ വേണ്ടി ആരും കാണാതെ അവിടെയെത്തും, അപ്പോഴല്ലേ അത്ഭുതം അവിടെ ശൂന്യമായ പാത്രം മാത്രം എനിക്കും അവനും ദേഷ്യമാണോ സങ്കടമാണോ അങ്കലാപ്പാണോ ഒന്നും തിരിച്ചറിയാത്ത ഒരു അവസ്ഥ ഇനി എന്തു ചെയ്യും ആരായിരിക്കും ആ ക്രൂര കൃത്യം ചെയ്തിരിക്കുക. വീട്ടില്‍ വേറെ ആര്‍ക്കും അറിയാന്‍ വഴിയില്ല. അപ്പോഴാണു ഞങ്ങള്‍ക്കു അതു ശ്രദ്ധയില്‍പ്പെട്ടതു അവിടെയുള്ള പീക്കിരി കൂട്ടം അവിടെ പൊരിഞ്ഞ അടി എന്തിനാണു അവര്‍ അവിടെ വഴക്കു എന്നന്വേഷിക്കാന്‍ വേണ്ടി പോയപ്പോളല്ലേ മനസ്സിലായതു അവര്‍ക്കു കിട്ടിയ വീതം പോരാ അതിനാണു അവര്‍ തമ്മില്‍ വഴക്കു. ഞങ്ങള്‍ക്കറിയാം അവര്‍ക്കൊന്നും അടുക്കളയിലേക്കു പ്രവേശനം ഇല്ലെന്നു. പിന്നെ എവിടുന്നു ഇവര്‍ക്കിതു കിട്ടി ഞങ്ങള്‍ അവരോടു വളരെ സ്നേഹത്തില്‍ ചോദിച്ചു. അങ്ങിനെ ചോദിച്ചാലെ കാര്യം നടക്കൂ. കാരണം അവരെ ഞങ്ങള്‍ക്കറിയാവുന്ന പോലെ ആര്‍ക്കും അറിയില്ല. അത്രക്കു വലിയ കുസൃതികളാണു. അപ്പോള്‍ അവരുടെ കണ്ണൂകളില്‍ ഒരു നിധി കിട്ടിയപ്രതീതി ഞാന്‍ കണ്ടു. അവരതു വളരെ സന്തോഷത്തോടെ അവതരിപ്പിച്ചെങ്കിലും അവരുടെ ഓരോ വാക്കുകളും ഞങ്ങളെ വേദനിപ്പിക്കുകയാണെന്നു അവരുണ്ടോ അറിയുന്നു. ഞങ്ങള്‍ രണ്ടു പേരും മൗനമായി അതെല്ലാം കേട്ടു പിന്നീട് ഞങ്ങളാ പരിപാടി ഉപേക്ഷിച്ചു എനിക്കു കിട്ടുന്നതു ഞാനും അവനു കിട്ടുന്നതു അവനും അപ്പക്കപ്പോള്‍ വെടുപ്പാക്കുമായിരുന്നു. എന്നാലും ഇടക്കിടെ വീണു കിട്ടുന്ന അത്തരം ചെറിയ അവസരങ്ങള്‍ ഞങ്ങള്‍ ഒരുമിച്ചു ആഘോഷിക്കുമായിരുന്നു. ആ കാലം ഞങ്ങളെ വിട്ടു പിരിഞ്ഞു വര്‍ഷങ്ങള്‍ ഒരുപാടായി എന്നാലും ഇപ്പോഴും ഞങ്ങള്‍ രണ്ടുപേരും ഒന്നിച്ചാല്‍ ഞങ്ങളെ കൊണ്ടു കഴിയുന്ന കുസൃതി എന്തായാലും ആഘോഷമാക്കാന്‍ ഇപ്പോഴും ശ്രമിക്കാറുണ്ടു.