12 September, 2007

ഭൂതകാലത്തിലേക്കൊരെത്തിനോട്ടം

അന്നു നിലാവുള്ള ഒരു രത്രിയില്‍ ആകാശത്തെ മിന്നിതിളങ്ങുന്ന കുഞ്ഞു നക്ഷത്രങ്ങളെ നോക്കി ഞാനും എന്റെ ബാല്യകാല സുഹൃത്തും വീടിനു പുറത്തു ഒരു പുല്ലായയില്‍ മലര്‍ന്നു കിടന്നു ആസ്വദിക്കുകയായിരുന്നു. കൂടെ സ്വന്തം സഹോദരിമാരും അയല്‍വാസികളായ കുടുംബക്കാരും ഒരു ഭാഗത്ത്. അവരും അവരുടെ ലോകവും, ഞങ്ങളും ഞങ്ങളുടെ ലോകവും, പൊടികുഞ്ഞുങ്ങള്‍ അവരുടെ ലോകവും ആയി നിലാവു കൊള്ളൂകായാണു. കൂടെയുള്ള കുസൃതികളായ കുഞ്ഞുമക്കള്‍ ഞങ്ങള്‍ക്കു ചുറ്റും ഓടി തിമര്‍ക്കുന്നുണ്ടായിരുന്നു. ഏതു നിമിഷവും അവരുടെ ഓട്ടം ഞങ്ങള്‍ക്കുമുകളിലൂടെ ഉണ്ടാവും എന്ന ഒരു ഉള്‍ഭയത്തോടെയാണു കിടക്കുന്നതു. അങ്ങിനെ പ്രതീക്ഷിക്കാനും കാരണം ഉണ്ട് ഇന്നലത്തെ അവരുടെ ഓട്ട പന്തയം അവസാനിച്ചതു എന്റെ നെഞ്ചത്താണേയ്. നൊയമ്പ് തുറന്നതിനു ശേഷം ഭക്ഷണത്തിനു മുന്നെ വീടിനു പുറത്തു കുറച്ചു സമയം കാറ്റുകൊള്ളാന്‍ കിടക്കുക എന്ന ഒരു പതിവിണ്ടായിരുന്നു. പക്ഷേ അപ്പോഴും നോമ്പു തുറന്നതിന്നു ശേഷം ബാക്കി വന്ന പലഹാരങ്ങള്‍ ചിലവായിക്കോട്ടെ എന്നു കരുതി ഉമ്മ അതെല്ലാം കൂടി ഒരു പാത്രത്തിലാക്കി പുറത്തു വെക്കുമായിരുന്നു. അതികപക്ഷം ആ പാത്രം കാലിയാകാറുണ്ട് അതു കൊണ്ടു തന്നെയാണു ഉമ്മ ആ സമ്പ്രദായം നടപ്പാക്കിയതും. എന്തായാലും സ്വന്തം മക്കളല്ലെ പോരാത്തതിനു നോമ്പും എങ്ങനെയെങ്കിലും എന്തെങ്കിലും ഒക്കെ ആയിട്ടു അകത്തേക്കു ചെല്ലട്ടെ എന്നു ചിന്തിച്ചു കാണും. തൊട്ടടുത്തുള്ള ചാക്കപ്പന്റെ പീടികയില്‍ ക്രിസ്തുമസ്സിനു മരത്തിനു മുകളില്‍ കുഞ്ഞു കുഞ്ഞു നക്ഷത്രങ്ങള്‍ ഉണ്ടാക്കി അലങ്കരിക്കുമായിരുന്നു. അന്നു ഏറ്റവും കൂടുതല്‍ നക്ഷത്രം കാണാറും ആ മരത്തിലാണു. അതിലും എത്രയോ കൂടുതല്‍ ഞാന്‍ അപ്പോള്‍ ഞാന്‍ ആകാശത്തു കണ്ടു. അതെല്ലാം ഒന്നു എണ്ണി കണക്കാക്കാം എന്നു കരുതി എണ്ണാന്‍ തുടങ്ങായിരുന്നു. അപ്പോഴാണു ഒരു വിളി കേട്ടതു. "ടാ...ദേ.. അങ്ങോട്ടു നോക്ക്യേ... ദാണ്ടേ..ഒരു "നച്ചത്രം നീങ്ങി നീങ്ങി പോണു". തൊട്ടടുത്ത് കിടന്നു ഞാന്‍ കാണാത്ത എന്തോ അവന്‍ കണ്ടുപിടിച്ചിരിക്കുന്നു. "എവിടെ.. എവിടെ.." ഞാനും ഉത്സാഹത്തോടെ അതിനെ നോക്കി. ശരിയാ അവന്‍ പറഞ്ഞതു. ആ നക്ഷത്രത്തിന്റെ ധൃതി പിടിച്ചുള്ള പാച്ചലു കണ്ടപ്പോള്‍ എനിക്കു മനസ്സിലായി അതു നക്ഷത്രമല്ല ഒരു വിമാനം ആണെന്നു. ഞാനാ കണ്ടുപിടുത്തം വളരെ ഗൗരവത്തില്‍ അവനു പറഞ്ഞു മനസ്സിലാക്കി. അപ്പോഴേക്കും തരിക്കഞ്ഞിയുമായി ഉമ്മ പുറത്തേക്കു എത്തിയിരുന്നു. അതു എന്റെ ഒരു ആഗ്രഹ സഫലീകരണത്തിന്റെ ഭാഗമായിരുന്നു. ഇന്നലേ പറഞ്ഞതു നോക്കിയതാണു നടന്നില്ല. പക്ഷേ അതു വേറെ ചില പലഹാരങ്ങള്‍ ആദ്യമേ പറഞ്ഞതു കൊണ്ടു ഈ ആഗ്രഹം ഇന്നത്തേക്കു മാറ്റി വെച്ചതാണു. നോമ്പു തുറക്കാനായാല്‍ അതുവരെ കണ്ണില്‍ കണ്ട എല്ലാ പലഹാരങ്ങളും ഉണ്ടാക്കാന്‍ ഉമ്മാനെ നിര്‍ബന്ധിക്കും, പക്ഷേ നിര്‍ബന്ധം മത്രമേ ഉള്ളൂ. ഒന്നും കഴിക്കാന്‍ കഴിയാറില്ല കാരണം ആദ്യമേ കുറേ വെള്ളം കുടിച്ചു വയറു നിറക്കും, പിന്നെ എല്ലാം കാണാനെ കഴിയൂ. അതു ഉമ്മാക്കും അറിയാമായിരുന്നു. അതിനാല്‍ രണ്ടോ മൂന്നോ തരം പലഹാരം മാത്രമേ ഉണ്ടാക്കാറുള്ളൂ. പിന്നെ അടുത്ത വീട്ടിലെ പലഹാരം ഇങ്ങോട്ടും ഇവിടുത്തേത് അങ്ങോട്ടും പോകും അങ്ങിനെ ആകുമ്പോള്‍ പലഹാരത്തിന്റെ എണ്ണം വീണ്ടും കൂടും. അങ്ങിനെ ആഗ്രഹം എന്റേതും ആസ്വദിച്ചു കഴിക്കുന്നതു വീട്ടുകാരും ആയിരുന്നു. മദ്രസ്സയില്‍ പോയാലും, സ്കൂളില്‍ പോയാലും നോമ്പു സമയത്തു ക്ഷീണം മാറ്റാന്‍ വേണ്ടി മുഖം കഴുകുന്ന ഒരു ഏര്‍പ്പാടുണ്ടേയ്. അതാണു ഏക ആശ്വാസം. കാരണം അപ്പോഴാണു എന്റെ ദാഹം ഞാന്‍ തീര്‍ക്കാറുള്ളതു. മുഖം കഴുകി കഴിയുമ്പോഴേക്കും എന്റെ ദാഹം തീരാനുള്ള വെള്ളം അകത്തേക്കു എത്തിയിരിക്കും. അപ്പോള്‍ എന്റെ ക്ഷീണവും തീരാറുണ്ടായിരുന്നു. ചില ദിവസങ്ങളില്‍ മുഖം കൂടുതല്‍ കഴുകേണ്ടി വരും. ആദ്യത്തെ പത്തു ദിവസം കഴിഞ്ഞാല്‍ പിന്നെ ഇടക്കിടക്കു നൊയമ്പു തുറപ്പിക്കുന്നൊരു ഏര്‍പ്പാടുണ്ടു. ആ ദിവസങ്ങള്‍ എല്ലം സന്തോഷത്തിന്റെ ദിവസങ്ങള്‍ ആയിരുന്നു കാരണം അന്ന് വീട്ടില്‍ പലരും വരുന്നതല്ലേ അപ്പോള്‍ പ്രത്യേകമായ പലഹാരങ്ങളും എല്ലാ തരം പഴവര്‍ഗ്ഗങ്ങളും അവര്‍ക്കു വേണ്ടി ഒരിക്കിയിരിക്കും. കട്ടു തിന്നുതില്‍ ഒരു പ്രത്യേക രുചിയുണ്ടെന്നു മനസ്സിലാക്കിയ നാളുകള്‍. ഞാനും എന്റെ അയല്‍ വാസിയായ കൂട്ടുകാരനും ഒരുമിച്ചിരുന്നു കഴിക്കാന്‍ രണ്ടു മൂന്നു സ്ഥലങ്ങള്‍ വീടിനു പല ഭാഗത്തായി കണ്ടു വെച്ചിരുന്നു. വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ ഓരോന്നായി തെയ്യാറാവുന്നതിനനുസരിച്ച് അതില്‍ നിന്നും ഒരോന്നും അടിച്ചു മാറ്റി നേരത്തെ തീരുമാനിച്ച സ്ഥലങ്ങളില്‍ കൊണ്ടു വെക്കും, പിന്നെ അവന്‍ എന്നെ തപ്പും ഞാന്‍ അവനെ തപ്പും. അങ്ങിനെ ഞങ്ങള്‍ രണ്ടു പേരും ആശിച്ചു അതു കഴിക്കാന്‍ വേണ്ടി ആരും കാണാതെ അവിടെയെത്തും, അപ്പോഴല്ലേ അത്ഭുതം അവിടെ ശൂന്യമായ പാത്രം മാത്രം എനിക്കും അവനും ദേഷ്യമാണോ സങ്കടമാണോ അങ്കലാപ്പാണോ ഒന്നും തിരിച്ചറിയാത്ത ഒരു അവസ്ഥ ഇനി എന്തു ചെയ്യും ആരായിരിക്കും ആ ക്രൂര കൃത്യം ചെയ്തിരിക്കുക. വീട്ടില്‍ വേറെ ആര്‍ക്കും അറിയാന്‍ വഴിയില്ല. അപ്പോഴാണു ഞങ്ങള്‍ക്കു അതു ശ്രദ്ധയില്‍പ്പെട്ടതു അവിടെയുള്ള പീക്കിരി കൂട്ടം അവിടെ പൊരിഞ്ഞ അടി എന്തിനാണു അവര്‍ അവിടെ വഴക്കു എന്നന്വേഷിക്കാന്‍ വേണ്ടി പോയപ്പോളല്ലേ മനസ്സിലായതു അവര്‍ക്കു കിട്ടിയ വീതം പോരാ അതിനാണു അവര്‍ തമ്മില്‍ വഴക്കു. ഞങ്ങള്‍ക്കറിയാം അവര്‍ക്കൊന്നും അടുക്കളയിലേക്കു പ്രവേശനം ഇല്ലെന്നു. പിന്നെ എവിടുന്നു ഇവര്‍ക്കിതു കിട്ടി ഞങ്ങള്‍ അവരോടു വളരെ സ്നേഹത്തില്‍ ചോദിച്ചു. അങ്ങിനെ ചോദിച്ചാലെ കാര്യം നടക്കൂ. കാരണം അവരെ ഞങ്ങള്‍ക്കറിയാവുന്ന പോലെ ആര്‍ക്കും അറിയില്ല. അത്രക്കു വലിയ കുസൃതികളാണു. അപ്പോള്‍ അവരുടെ കണ്ണൂകളില്‍ ഒരു നിധി കിട്ടിയപ്രതീതി ഞാന്‍ കണ്ടു. അവരതു വളരെ സന്തോഷത്തോടെ അവതരിപ്പിച്ചെങ്കിലും അവരുടെ ഓരോ വാക്കുകളും ഞങ്ങളെ വേദനിപ്പിക്കുകയാണെന്നു അവരുണ്ടോ അറിയുന്നു. ഞങ്ങള്‍ രണ്ടു പേരും മൗനമായി അതെല്ലാം കേട്ടു പിന്നീട് ഞങ്ങളാ പരിപാടി ഉപേക്ഷിച്ചു എനിക്കു കിട്ടുന്നതു ഞാനും അവനു കിട്ടുന്നതു അവനും അപ്പക്കപ്പോള്‍ വെടുപ്പാക്കുമായിരുന്നു. എന്നാലും ഇടക്കിടെ വീണു കിട്ടുന്ന അത്തരം ചെറിയ അവസരങ്ങള്‍ ഞങ്ങള്‍ ഒരുമിച്ചു ആഘോഷിക്കുമായിരുന്നു. ആ കാലം ഞങ്ങളെ വിട്ടു പിരിഞ്ഞു വര്‍ഷങ്ങള്‍ ഒരുപാടായി എന്നാലും ഇപ്പോഴും ഞങ്ങള്‍ രണ്ടുപേരും ഒന്നിച്ചാല്‍ ഞങ്ങളെ കൊണ്ടു കഴിയുന്ന കുസൃതി എന്തായാലും ആഘോഷമാക്കാന്‍ ഇപ്പോഴും ശ്രമിക്കാറുണ്ടു.

7 comments:

സുല്‍ |Sul said...

മുജീബ്
കൊള്ളാം
സ്വാഗതം.
-സുല്‍

പരിത്രാണം said...

പ്രിയപ്പെട്ട സുഹൃത്തേ; സുല്‍ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഒരു പാടു നന്ദി.

സഹയാത്രികന്‍ said...

മുജീബ് ജി ... നന്നായിരിക്കുന്നു.

"മദ്രസ്സയില്‍ പോയാലും, സ്കൂളില്‍ പോയാലും നോമ്പു സമയത്തു ക്ഷീണം മാറ്റാന്‍ വേണ്ടി മുഖം കഴുകുന്ന ഒരു ഏര്‍പ്പാടുണ്ടേയ്. അതാണു ഏക ആശ്വാസം. കാരണം അപ്പോഴാണു എന്റെ ദാഹം ഞാന്‍ തീര്‍ക്കാറുള്ളതു. മുഖം കഴുകി കഴിയുമ്പോഴേക്കും എന്റെ ദാഹം തീരാനുള്ള വെള്ളം അകത്തേക്കു എത്തിയിരിക്കും. അപ്പോള്‍ എന്റെ ക്ഷീണവും തീരാറുണ്ടായിരുന്നു."....

ഉം ...കൊള്ളാലോ .... :)

പരിത്രാണം said...

അനുഭവിച്ചതു ഞാനല്ലേ സഹയാത്രികാ... എന്തായാലും നന്ദി വീണ്ടും വരിക

ശ്രീ said...

കൊള്ളാം...
സ്വാഗതം!
:)

മയൂര said...

നന്നായിട്ടുണ്ട്...സ്വാഗതം...ആശംസകള്‍:)

ബഷീർ said...

നന്നായിട്ടുണ്ട്‌... നോയമ്പ്‌ അല്ല.. നോമ്പ്‌.. അല്ലേ ?