30 September, 2007

രക്ഷാസരണി ഒന്നു മാത്രം

ഖുര്‍ആന്‍


ഈ ഭൂലോകത്തേക്ക് പിറന്നു വീഴുന്ന മനുഷ്യന്‍ ബുദ്ധിപരമായ വളര്‍ച്ചയെത്തി ചിന്തയുടെയും ആലോചനയുടെയും ലോകത്തേക്ക് പ്രവേശിക്കുമ്പോള്‍ അവന്റെ ഉള്ളില്‍ നിരവധി ചോദ്യങ്ങള്‍ ഇരമ്പിയാര്‍ക്കുന്നു:


  1. ആരാണ് എന്നെയും മനുഷ്യ വര്‍ഗത്തെയും സൃഷ്ടിച്ചത്? അതറിയാനുള്ള മാര്‍ഗമെന്താണ്? ഈ പ്രപഞ്ചത്തിന്റെയും സൃഷ്ടിജാലങ്ങളുടെയും സൃഷ്ടാവിനെ എങ്ങനെ കണ്ടെത്താം? എന്തിനാണ് ദൈവം എന്നെ സൃഷ്ടിച്ചത്? മറ്റു ജീവജാലങ്ങളില്‍ നിന്ന് ഭിന്നമായ സവിശേഷതകള്‍ എന്തിനാണ് അവന്‍ എനിക്ക് നല്‍കിയത്? എന്താണ് എന്നില്‍നിന്ന് അവന്‍ ആവശ്യപ്പെടുന്നത്?

  2. ആരാണ് പ്രവാചകന്മാര്‍? എന്താണ് അവരുടെ ദൗത്യം?

  3. ജനങ്ങള്‍ സമ്പത്തും ഭൗതികോപാധികളും ആര്‍ജിക്കാന്‍ കടുത്ത മത്സരത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നു. എന്നാല്‍ പലതും നേടാനാവാതെ പലരും ഈ ലോകത്തോട് വിടപറയുന്നു. പിന്നെ എന്തിനാണ് അവര്‍ ഈ മത്സരത്തില്‍ ഏര്‍പ്പെടുന്നത്?

  4. ചിലര്‍ക്ക് ഭൗതികസൗകര്യങ്ങള്‍ നിഷേധിക്കപ്പെടുന്നു. നിരവധി ക്ലേശങ്ങളും ബുദ്ധിമുട്ടുകളും നേരിടേണ്ടി വരുന്നു. ചിലര്‍ അകാലത്തില്‍ മരിക്കുന്നു. എന്താണ് ജനങ്ങളെല്ലാവരും തുല്യരാവാത്തത്?

  5. തെറ്റുകളിലേക്കു കുറ്റങ്ങളിലേക്കും അധര്‍മ്മത്തിലേക്കും നയിക്കുന്ന നിരവധി പ്രേരകശക്തികള്‍ അന്തരംഗത്ത് പ്രവര്‍ത്തിക്കുന്നു. അവയില്‍നിന്നെല്ലാം തടഞ്ഞുനിര്‍ത്തുന്ന വേറെയും ചില ചോദനകള്‍ ശക്തിയായി പിറകോട്ട് വലിച്ചുകൊണ്ടിരിക്കുന്നു. എന്താണ് ഇതിന്റെയെല്ലാം യാഥാര്‍ത്ഥ്യം?

  6. തെറ്റുകളിലും കുറ്റങ്ങളിലും ഏര്‍പ്പെടാന്‍ ശക്തിയായി പ്രേരിപ്പിക്കുകയും നന്മകളില്‍നിന്ന് നിരന്തരം തടഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു ശക്തി എന്നില്‍ പ്രവര്‍ത്തിക്കുന്നു. ആരാണ് ഈ ശത്രു?

  7. ഈ പ്രപഞ്ചത്തില്‍ സസ്യലതാദികളും പക്ഷിമൃഗാദികളുമായി നിരവധി സൃഷ്ടിജാലങ്ങളുണ്ട്. അവയുമായി എനിക്കെന്താണ് ബന്ധം? ദൃശ്യലോകത്ത് ഈ കാണുന്ന പ്രതിഭാസങ്ങള്‍ക്കപ്പുറം അദൃശ്യലോകത്ത് എന്തെങ്കിലും ഒളിഞ്ഞിരിപ്പുണ്ടോ?

  8. ഈ പ്രപഞ്ചം ഭദ്രമായ ഘടനയോടെ വളരെ കണിശമായ ചില നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ചലിച്ചു കൊണ്ടിരിക്കുന്നു. പ്രഭാതത്തില്‍ ഉദിച്ചുയരുന്ന സൂര്യന്‍ വൈകുന്നേരം അസ്തമിക്കുന്നു. ഋതുക്കള്‍ അങ്ങേയറ്റം കൃത്യതയോടെ മാറിമാറി വരുന്നു. മനുഷ്യന്റെ ജീവിതചക്രം സുസ്ഥിരമായ ചില വ്യവസ്ഥകള്‍ക്ക് വിധേയമായി കറങ്ങുന്നു. പ്രപഞ്ചത്തെ ആസകലം ചൂഴ്ന്നിരിക്കുന്ന ഈ നിയമങ്ങളുടെ നിര്‍മിതാവ് ആരാണ്? എന്താണ് അതിശകരമായ ആ വ്യവസ്ഥയുടെയും നിയമത്തിന്റെയും അകം പൊരുള്‍?

  9. ഞാന്‍ കണ്ണ് തുറന്നു നോക്കുമ്പോള്‍ സ്നേഹധനരായ മാതാപിതാക്കള്‍, കൂടപ്പിറപ്പുകള്‍, അയല്‍ക്കാര്‍, പിന്നെ ഭാര്യഭര്‍ത്താക്കന്മാര്‍, മക്കള്‍, ബന്ധുക്കള്‍, സഹപ്രവര്‍ത്തകര്‍ - ഇവരുമായുള്ള എന്റെ ബന്ധം നിര്‍വചിക്കുകയും നിര്‍ണയിക്കുകയും ചെയ്യാനുള്ള അടിസ്ഥാനങ്ങളെന്ത്?

  10. എനിക്ക് ചുറ്റും അനേകര്‍ വഴിയറിയാതെ വിഭ്രമിച്ച് നില്‍ക്കുകയും വേറെ ചിലര്‍ തെറ്റായ വഴികളിലൂടെ സഞ്ചരിച്ച് വിപത്ത് ഏറ്റുവാങ്ങുകയും ചെയ്യുന്നു. ചിലര്‍ ഈ പ്രപഞ്ചത്തിന് സ്രഷ്ടാവും ദൈവവുമുണ്ടെന്ന് സമ്മതിക്കുന്നു. ചിലര്‍ അനേകം ദൈവങ്ങളില്‍ വിശ്വസിക്കുന്നു. എന്താണ് ജനങ്ങള്‍ സത്യത്തെ അംഗീകരിക്കാത്തത്?

  11. എനിക്ക് മുമ്പും ജനങ്ങള്‍ ഇവിടെ ജനിച്ച് മരിച്ചുപോയിട്ടുണ്ട്. എന്താണ് അവരുടെ അവസ്ഥ? അവരില്‍ നിന്ന് എനിക്ക് പഠിക്കാനുള്ള പാഠമെന്താണ്?

ഇങ്ങിനെ മനസ്സിനെ മഥിക്കുന്ന നൂറുകൂട്ടം ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ മറുപടി നല്‍കുന്നു ഖുര്‍ആന്‍. രക്ഷാസരണയിലേക്ക് നയിക്കുന്ന ദൈവത്തിന്റെ വചനങ്ങളാകുന്നു അത്. ഖുര്‍ആന്‍ മാര്‍ഗദര്‍ശനം നല്‍കുന്നു എന്നു പറയുമ്പോള്‍ അര്‍ത്ഥമാക്കുന്നത് ഇത്തരം സങ്കീര്‍ണമായ ചോദ്യങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും മറുപടി നല്‍കി മനുഷ്യമനസ്സിന് സമാധാനമേകി സ്വര്‍ഗപാതയിലേക്ക് നയിക്കുന്നു എന്നാണ്.


"നിങ്ങളില്‍ അല്ലാഹുവിങ്കല്‍നിന്നുള്ള വെളിച്ചവും സുവ്യക്തമായ വേദവും വന്നിരിക്കുന്നു. അതുവഴി അല്ലാഹു തന്റെ പ്രീതി തേടുന്നവര്‍ക്ക് രക്ഷാസരണികാണിച്ചുകൊടുക്കുകയും അവന്റെ ഹിതത്താല്‍ അവരെ അന്ധകാരങ്ങളില്‍ നിന്ന് പ്രകാശത്തിലേക്ക് നയിക്കുകയും നേര്‍വഴിയിലേക്ക് മാര്‍ഗദര്‍ശനമരുളുകയും ചെയ്യുന്നു" (അല്‍മാഇദ 15, 16)

No comments: