മനുഷ്യ സമൂഹത്തിന് അല്ലാഹു നല്‍കിയിട്ടുള്ള അപാരമായ അനുഗ്രഹമാകുന്നു സത്യവും, അസത്യവും വേര്‍തിരിച്ച് മനസ്സിലാക്കുവാനുള്ള സവിശേഷബുദ്ധി എന്നുള്ളത്. അതുപയോഗിച്ച് കൊണ്ട് മനുഷ്യന്‍ ആദ്യമായി കണ്ടെത്തേണ്ടത് അവന്റെ സൃഷ്ടാവിനെയാകുന്നു. അല്ലാഹു അവന്റെ അടിമകള്‍ക്ക് നല്‍കിയ മറ്റൊരു അനുഗ്രഹമാകുന്നു അവന്റെയടുക്കല്‍ സ്വീകാര്യമായ ഇസ്ലാം (സമര്‍പ്പണം) എന്നത്. ഇത് കഴിഞ്ഞാല്‍ അല്ലാഹു മനുഷ്യസമൂഹത്തിന് നല്‍കിയിട്ടുള്ള വലിയ അനുഗ്രഹമാണ് ക്ഷമ എന്നത്. ഇസ്ലാമിന്റെ ഖലീഫയായ ഉമറുല്‍ ഫാറൂഖ്(റ) പറയുന്നു. (ഇസ്ലാമിന്ന് ശേഷം ക്ഷമയേക്കാള്‍ വിശാലമായ ഒരനുഗ്രഹവും ഞങ്ങള്‍ക്ക് ലഭിച്ചിട്ടില്ല).
എന്നാല്‍ ഈ മഹത്തായ അനുഗ്രഹത്തെപ്പറ്റി പലരും അജ്ഞതയിലാണ്, ക്ഷമയുടെ അമൂല്യതയെ പറ്റി മനസ്സിലാക്കിയവര്‍ വളരെ വിരളമാകുന്നു. ലോകരുടെ മോചനത്തിന് വേണ്ടി ലോകത്തേക്ക് നിയോഗിതരായ എല്ലാ പ്രവാചകന്മാരും തന്റെ പ്രബോധനപാതയില്‍ ഈ അനുഗ്രഹത്തിന്റെ മാധുര്യം രുചിച്ചറിഞ്ഞവരും, മറ്റുള്ളവര്‍ക്ക് അത് പഠിപ്പിച്ച് കൊടുത്തവരുമായിരുന്നു. ഉമര്‍(റ)നെ പോലെയുള്ള മഹാന്മാരായ സ്വഹാബാക്കള്‍ അതിനെ സംബന്ധിച്ച് വളരെ ബോധവാന്മാരായിരുന്നു. സച്ചരിതരായ സലഫി പണ്ഡിതന്മാരും ആപാതയില്‍ തന്നെയായിരുന്നു സഞ്ചരിച്ചിരുന്നത്.
നാം മനസ്സിലാക്കേണ്ട പ്രധാനപ്പെട്ട കാര്യമാണ് തനിക്ക് വരുന്ന പരീക്ഷണങ്ങളിലും, പ്രയാസങ്ങളിലും, ബുദ്ധിമുട്ടുകളിലും ഈ അനുഗ്രഹമല്ലാതെ വേറെ ഒരു പ്രതിവിധിയുമില്ലായെന്ന സത്യം. വിശുദ്ധഖുര്‍ആനിലും, തിരുസുന്നത്തിലും വളരെ ഗൗരവത്തില്‍ തന്നെ ക്ഷമയെപ്പറ്റി ഉണര്‍ത്തിയതായി നമുക്ക് കാണാനാവും.
സഹോദരാ,,,! അറിയുക, ക്ഷമ വിലയേറിയ ഒരു രത്നമാകുന്നു. മഹാത്മാക്കള്‍ അത് കരഗതമാക്കുവാന്‍ വേണ്ടി അത്യധികം പണിപ്പെട്ടിരുന്നു.
സഹോദരാ,,,! നീ അമൂല്യ സമ്പത്ത് കരസ്ഥമാക്കുവാന്‍ വേണ്ടി ശ്രമിച്ചിട്ടുണ്ടോ? അതോ നീ അതിനെ പാഴാക്കി കളഞ്ഞിരിക്കുകയാണോ??? എങ്കില്‍ അത് കരസ്ഥമാക്കുവാന്‍ ശ്രമിക്കേണ്ട സമയം അതിക്രമിച്ചില്ലേ???
വര്‍ണ്ണകടലാസുകള്‍ മിന്നിതിളങ്ങുന്നത് പോലെ ഇഹലോകത്തെ അനുഗ്രഹങ്ങള്‍ നിനക്ക് ചുറ്റും തത്തികളിക്കുകയാണ്, സഹോദരാ,,, നീ അതില്‍ വഞ്ചിതനാകാതിരിക്കുക, ഇഹലോകം വരുംലോകമായ പരലോകത്തേക്കുള്ള കൃഷിയിടമാകുന്നു. ഇവിടെ വിതച്ചാല്‍ മാത്രം പോരാ, തന്റെ വിളയെ നശിപ്പിക്കുന്ന കീടങ്ങളില്‍ നിന്നും, നാശകാരികളില്‍ നിന്നും അതിനെ പരിരക്ഷിച്ചെങ്കില്‍ മാത്രമേ നമ്മുടെ അദ്ധ്വാനത്തിന്റെ യഥാര്‍ത്ഥകൂലി നമുക്ക് ലഭിക്കുകയുള്ളൂ, ആയതിനാല്‍ ഇവിടെ നിന്നും അനുഭവിക്കേണ്ട പ്രയാസങ്ങളിലും, ബുദ്ധിമുട്ടുകളിലും ക്ഷമയവലംബിക്കുക. അതില്‍ അല്ലാഹുവിനോട് സദാ പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കുക, അല്ലാഹു പറയുന്നു, (സഹനവും, നമസ്കാരവുംമൂലം (അല്ലാഹുവിന്റെ) സഹായം തേടുക. അത്(നമസ്കാരം) ഭക്തന്മാരല്ലാത്തവര്‍ക്ക് വലിയ (പ്രയാസമുള്ള)കാര്യം തന്നെയാകുന്നു. തങ്ങളുടെ രക്ഷിതാവുമായി കണ്ടുമുട്ടേണ്ടിവരുമെന്നും, അവങ്കലേക്ക് തിരിച്ച് പോകേണ്ടി വരുമെന്നും വിചാരിച്ചുകൊണ്ടിരിക്കുന്നവരത്രേ അവര്‍(ഭക്തന്മാര്‍). അല്‍ബഖറ-45-46
ക്ഷമ പ്രവാചകന്മാരുടെ മുഖ മുദ്ര
കാലാകാലങ്ങളിലായി വ്യത്യസ്ത പ്രദേശങ്ങളിലേക്ക് നിയോഗിതരായ പ്രവാചകന്മാര്‍ക്ക് തങ്ങളില്‍ അര്‍പ്പിതമായ ഉത്തരവാദിത്വ നിര്‍വ്വഹണത്തിന്റെ പാതയില്‍ പരീക്ഷണങ്ങളുടെ നിലക്കാത്ത പ്രവാഹമായിരുന്നു നേരിടേണ്ടിവന്നത്. അതിലവര്‍ക്ക് നൂറുമേനി നേടുവാന്‍ സാധിച്ചത് ഈ മഹത്തായ അനുഗ്രഹം കൊണ്ടൊന്നു മാത്രമായിരുന്നു. എല്ലാ പ്രവാചകന്മാരുടേയും മുഖമുദ്ര തന്നെയായിരുന്നു ക്ഷമ. വിശുദ്ധ ഖുര്‍ആനിന്റെ ആയത്തുകളും, പ്രവാചക വചനങ്ങളും അതിന്ന് തെളിവാകുന്നു. അതില്‍ കൂടുതല്‍ കാലം ക്ഷമിച്ച നൂഹ്(അ)ന്റെ ചരിത്രം ഖുര്‍ആന്‍ നമുക്ക് വിവരിച്ച് തരുന്നുണ്ട്. അദ്ദേഹം 950 വര്‍ഷക്കാലം തന്റെ പ്രബോധന മാര്‍ഗ്ഗത്തില്‍ ക്ഷമയവലംബിച്ചു. മറ്റുള്ള പ്രവാചകരും ഇതിന്നപവാദമായിരുന്നില്ല.
(മൂസാക്ക് നാം ഗ്രന്ഥം നല്‍കി. അദ്ദേഹത്തിനു ശേഷം തുടര്‍ച്ചയായി നാം ദൂതന്മാരെ അയച്ചു കൊണ്ടിരുന്നു. മറ്യമിന്റെ മകനായ ഈസാക്ക് നാം വ്യക്ത്മായ ദൃഷ്ടാന്തങ്ങള്‍ നല്‍കുകയും, അദ്ദേഹത്തിന്ന് നാം പരിശുദ്ധാത്മാവിന്റെ പിന്‍ബലം നല്‍കുകയും ചെയ്തു. എന്നിട്ട് നിങ്ങളുടെ അടുത്ത് വരുമ്പോഴൊക്കെ നിങ്ങള്‍ അഹങ്കരിക്കുകയും, ചില ദൂതന്മാരെ നിങ്ങള്‍ തള്ളികളയുകയും, മറ്റു ചിലരെ നിങ്ങള്‍ വധിക്കുകയും ചെയ്യുകയാണോ?) അല്‍ബഖറ - 87 പ്രവാചകന്മാരില്‍ തന്നെ കൂടുതല്‍ പ്രയാസങ്ങള്‍ സഹിച്ചവരായിരുന്നു "ദൃഢമനസ്കരായ പ്രവാചകന്മാര്‍" അവര്‍ സഹിച്ച സഹനം സ്ത്യവിശ്വാസികളോട് ജീവിതത്തില്‍ പകര്‍ത്തുവാന്‍ വേണ്ടി അല്ലാഹു കല്പിക്കുന്നുണ്ട്.
(ആകയാല്‍ ദൃഢ മനസ്കാരായ ദൈവ ദൂതന്മാര്‍ ക്ഷമിച്ചത് പോലെ നീ ക്ഷമിക്കുക. അവരുടെ (സത്യ നിഷേധികളുടെ) കാര്യത്തിന് നീ ധൃതി കാണിക്കരുത്. അവര്‍ക്ക് താക്കീതു നല്‍കപ്പെടുന്നത് (ശിക്ഷ) അവരില്‍ നേരില്‍ കാണുന്നദിവസം പകലില്‍നിന്നുള്ള ഒരു നാഴിക നേരം മാത്രമേ തങ്ങള്‍ (ഇഹലോകത്ത്) താമസിച്ചിട്ടുളളൂവെന്ന പോലെ അവര്‍ക്ക് തോന്നും. ഇതൊരു ഉദ്ബോധനമാകുന്നു. എന്നാല്‍ ധിക്കാരികളായ ജനങ്ങളല്ലാതെ നശിപ്പിക്കപ്പെടുമോ?) അഹ്ഖാഫ്-35
പ്രവാചകന്മാരെല്ലാം തന്നെ പ്രബോധന മാര്‍ഗ്ഗത്തില്‍ ക്ഷമയവലംബിച്ചു, മുഹമ്മദ് നബിയും അനുചന്മാരും ഒരുപാട് ക്ഷമിച്ചു. അവസാനം സ്വന്തം നാടും, വീടും ഉപേക്ഷിക്കേണ്ടിവന്നപ്പോള്‍ എല്ലാം അല്ലാഹുവില്‍ അര്‍പ്പിച്ച് ക്ഷമിച്ച് കൊണ്ട് അതിനും തെയ്യാറായി, പ്രബോധനമാര്‍ഗ്ഗം അത്രയെളുപ്പമുള്ളതല്ല, അവിടെ പ്രയാസവും, ബുദ്ധിമുട്ടുകളും നേരിടേണ്ടിവരുമ്പോള്‍ പ്രവാചകന്മാരുടെ ജീവിതത്തില്‍ നിന്നും പാഠം ഉള്‍കൊണ്ട് ദൃഢമനസ്കരായി സ്ഞ്ചരിക്കുക.
ക്ഷമ സത്യ വിശ്വാസികളുടെ അടയാളം.
പരമകാരുണികന്റെ അടിമകളുടെ സ്വഭാവങ്ങള്‍ എണ്ണി പറയുന്നിടത്ത് അല്ലാഹു പറഞ്ഞ ഒരു സ്വഭാവമാകുന്നു ക്ഷമ, അതായത് അവര്‍ തങ്ങള്‍ക്ക് നേരടേണ്ടിവന്ന എല്ലാ പ്രയാസങ്ങളിലും ക്ഷമ അവലംബിച്ചതിന്റെ പേരില്‍ അവര്‍ക്ക് അല്ലാഹു മഹത്തായ പ്രതിഫലം നല്‍കുന്നതാകുന്നു. ആയതിനാല്‍ യഥാര്‍ത്ഥ സത്യവിശ്വാസി അത് തന്റെ ജീവിതത്തില്‍ പകര്‍ത്തുവാന്‍ ശ്രമിക്കേണ്ടതാകുന്നു. അല്ലാഹു പറയുന്നു (അത്തരക്കാര്‍ക്ക് തങ്ങള്‍ ക്ഷമിച്ചതിന്റെ പേരില്‍ (സ്വര്‍ഗ്ഗത്തില്‍) ഉന്നതമായ സ്ഥാനം പ്രതിഫലമായി നല്‍കപ്പെടുന്നതാണ്. അഭിവാദ്യത്തോടും, സമാധാനാശംസയോടും കൂടി അവര്‍ അവിടെ സ്വീകരിക്കപ്പെടുന്നതുമാണ്. അവര്‍ അതില്‍ നിത്യവാസികളായിരിക്കും. എത്ര നല്ല താവളവും, പാര്‍പ്പിടവും) ഫുര്‍ഖാന്‍ - 75-76
നാം ക്ഷമിക്കേണ്ട സമയം
നാം ക്ഷമിക്കേണ്ടത്, ക്ഷമിച്ചാല്‍ ഫലം കിട്ടുന്ന സമയത്താകുന്നു. കോപം മുഖേന വരേണ്ട എല്ലാ ദോഷങ്ങളും വന്നതിന് ശേഷം ക്ഷമിച്ചിട്ട് പ്രയോജനമില്ല. പ്രവാചകന്മാരില്‍ ഇതിന് നമുക്ക് ഒരുപാട് ഉദാഹരണങ്ങള്‍ കാണാന്‍ സാധിക്കുന്നതാണ്. മക്കയിലെ മുശ് രിക്കുകളുടെ ഉപദ്രവം സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ പ്രവാചകനും അവിടുത്തെ അനുചരന്മാരില്‍ ചിലരും കൂടി തന്റെ ബന്ധുക്കളും കൂടിയുള്ള ത്വാഇഫിലേക്ക് അല്പം അശ്വാസം ലഭിക്കുവാന്‍ വേണ്ടി ചെന്നപ്പോള്‍ തന്റെ ബന്ധുക്കളടക്കം തന്നെ അപമാനിക്കുക മാത്രമല്ല കല്ലെറിയുക പോലും ചെയ്തു, അതിനാല്‍ വളരെ വിഷമവും ദുഃഖവും മൂലം പ്രവാചകന്ന് തന്റെ ബോധം തന്നെ നിശിക്കുമാറായിരുന്നു. ഇത് ഏഴാനാകാശത്തുനിന്നും കണ്ട തന്റെ രക്ഷിതാവ് മലക്കുല്‍ ജിബാലിനെ പ്രവാചകന്റെ സംരക്ഷണത്തിനും, അക്രമികളെ ശിക്ഷിക്കുവാനും വേണ്ടി അയക്കുകയുണ്ടായി. പ്രവാചകന്‍ ഒന്ന് മൗനാനുവാദം നല്‍കിയാല്‍ മതി, അവരെ അല്ലാഹു ഒന്നടങ്കം നശിപ്പിക്കുമായിരുന്നു, എന്നാല്‍ പ്രവാചകന്‍ പറഞ്ഞ മറുപടി നമ്മുടെ എല്ലാവരുടേയും കണ്ണ് തുറപ്പിക്കേണ്ട്താകുന്നു. പ്രവാചകന്‍ പറഞ്ഞത് "വരും കാലങ്ങളില്‍ അവരുടെ തലമുറകളില്‍ ആരെങ്കിലും അല്ലാഹുവിനെ മാത്രം ആരാധിക്കുന്നവരുയുണ്ടായേക്കാം അവരെ ശിക്ഷിക്കേണ്ടതില്ല, അവര്‍ അറിവില്ലാത്ത ജനങ്ങളാകുന്നു." പ്രവാചകന്റെ ക്ഷമയിലെ അതുല്ല്യമായ മാതൃകയാണ് നമുക്കിവിടെ കാണുവാന്‍ കഴിഞ്ഞത്. ബുഖാരി ഉദ്ധരിക്കുന്നൊരു ഹദീസില്‍ നമുക്കിങ്ങനെ കാണാന്‍ സാധിക്കുന്നു. "അനസ്ബ്നുമാലിക്(റ)വില്‍ നിന്ന് നിവേദനം: (ഖബറിന്നരികില്‍ നിന്ന് കരഞ്ഞ് കൊണ്ടിരിക്കുന്ന ഒരു സ്ത്രീയുടെ അരികിലൂടെ പ്രവാചകന്‍ (സ) നടന്ന് പോകുകയുണ്ടായി, പ്രവാചകന്‍ ആ സ്ത്രീയോട് പറയുകയുണ്ടായി, "നീ അല്ലാഹുവിനെ സൂക്ഷിക്കുക, നീ ക്ഷമിക്കുക" അപ്പോള്‍ അവള്‍ പറഞ്ഞു, "എന്നെ ബാധിച്ച പ്രയാസം നിനക്ക് ബാധിച്ചിട്ടില്ല, നിനക്കതിനെപ്പറ്റി അറിയുകയുമില്ല" അവളോട് അത് പ്രവാചകനാണെന്ന് പറയപ്പെടുമ്പോള്‍ അവള്‍ പ്രവാചകന്റെ വാതിലിനടുത്ത് ചെന്ന് പറഞ്ഞു - പ്രവാചകന്റെ അടുത്ത് അവള്‍ പാറാവുകാരെ കണ്ടില്ല - (താങ്കളാണെന്ന് എനിക്ക് അറിയില്ലായിരുന്നു" അപ്പോള്‍ പ്രവാചകന്‍ പറയുകയുണ്ടായി, "ക്ഷമ അതിന്റെ പ്രഥമ ഘട്ടത്തിലാകുന്നു") ഇതില്‍ നിന്നും നമുക്ക് മനസ്സിലാകുന്നത്, ക്ഷമിക്കേണ്ടത് തന്നെ കോപവും, വ്യസനവും കീഴ്പ്പെടുത്തുന്ന അവസരത്തിലാകുന്നു. അതല്ലാതെ ക്ഷമ കൈവിട്ട് വരേണ്ട എല്ലാ കഷ്ടതകളും വന്നതിന്ന് ശേഷം ക്ഷമിച്ചിട്ട് പ്രയോജനമില്ല. തുടര്‍ന്ന് നാം ഖേദിക്കേണ്ടിവരും.
ക്ഷമയവലംബിക്കുവാനുള്ള കല്പന
വിശുദ്ധഖുര്‍ആന്‍ അടിക്കടി ക്ഷമ കൈകൊള്ളുവാന്‍ വേണ്ടി സത്യവിശ്വാസികളെ ഉണര്‍ത്തുന്നുണ്ട്. നമുക്കെന്തെങ്കിലും ബുദ്ധിമുട്ടുകളോ, പ്രയാസങ്ങളോ വരുമ്പോള്‍ അവിടെ നമ്മള്‍ അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് കൊണ്ട് ക്ഷമ അവലംബിച്ചാല്‍ നാം തിന്മയായി കരുതിയകാര്യം നന്മയായി ഭവിക്കുന്നതായി നമുക്ക് കാണാന്‍ സാധിച്ചേക്കാം. നമ്മുടെ ജീവിതത്തില്‍ നിന്ന് തന്നെ നമുക്കതിന്ന് ഒരുപാട് ഉദാഹരണങ്ങള്‍ നിരത്താന്‍ സാധിക്കും. അല്ലാഹു പറയുന്നു: (എന്നാല്‍ ഒരു കാര്യം നിങ്ങള്‍ വെറുക്കുകയും (യഥാര്‍ത്ഥത്തില്‍) അത് നിങ്ങള്‍ക്ക് ഗുണകരമായിരിക്കുകയും ചെയ്യാം. നിങ്ങളൊരു കാര്യം ഇഷ്ടപ്പെടുകയും (യഥാര്‍ത്ഥത്തില്‍) അത് നിങ്ങള്‍ക്ക് ദോഷകരമായിരിക്കുകയും ചെയ്തെന്നും വരാം. അല്ലാഹു അറിയുന്നു. നിങ്ങള്‍ അറിയുന്നില്ല.) അല്‍ബഖറ - 126.
അല്ലാഹുവിന്ന് വേണ്ടി പ്രയാസങ്ങളില്‍ ക്ഷമ അവലംബിച്ചാല്‍ ശത്രുക്കള്‍ക്കെതിരില്‍ അല്ലാഹു നമ്മെ സഹായിക്കുകയും, ശത്രുക്കളുടെ കുതന്ത്രങ്ങളെ അല്ലാഹു ഒരു പാഴ് വേലയാക്കുകയും ചെയ്തേക്കാം. അല്ലാഹു പറയുന്നു, (നിങ്ങള്‍ക്ക് വല്ല നേട്ടവും ലഭിക്കുന്ന പക്ഷം അതവര്‍ക്ക് മനപ്രയാസമുണ്ടാക്കും. നിങ്ങള്‍ക്ക് വല്ല ദോഷവും നേരിട്ടാല്‍ അവരതില്‍ സന്തോഷിക്കുകയും ചെയ്യും. നിങ്ങള്‍ ക്ഷമിക്കുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്യുന്ന പക്ഷം അവരുടെ കുതന്ത്രം നിങ്ങള്‍ക്കൊരു ഉപദ്രവവും വരുത്തുകയില്ല. തീര്‍ച്ചയായും അല്ലാഹു അവരുടെ പ്രവര്‍ത്തനങ്ങളുടെ എല്ലാ വശവും അറിയുന്നവനാകുന്നു) ആലു ഇംറാന്‍-120.
(സത്യ വിശ്വസികളെ, നിങ്ങള്‍ ക്ഷമിക്കുകയും, ക്ഷമയില്‍ മികവ് കാണിക്കുകയും, പ്രതിരോധ സന്നദ്ധരായിരിക്കുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിച്ച് ജീവിക്കുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം) ആലും ഇംറാന്‍-200.
ക്ഷമ കൈകൊള്ളുകയും പരസ്പരം ക്ഷമ കൈകൊള്ളുവാന്‍ ഉപദേശിക്കുകയും ചെയ്യാത്തവര്‍ മുഴുവനും നഷ്ടാത്തിലാണെന്ന് അല്ലാഹു സൂറത്തുല്‍ അസ്വറിലൂടെ പ്രഖ്യാപിക്കുന്നു. അല്ലാഹു പറയുന്നു: വിശ്വസിക്കുകയും സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, സത്യം കൈകൊള്ളുവാന്‍ അന്യോന്യം ഉപദേശിക്കുകയും ചെയ്യാത്തവരൊഴികെ) അല്‍ അസ്വര്‍-3 (സത്യവിശ്വാസികളെ, നിങ്ങള്‍ സഹനവും, നംസ്കാരവും മൂലം (അല്ലാഹവിനോട്) സഹായം തേടുക. തീര്‍ച്ചയായും ക്ഷമിക്കുന്നവരോടൊപ്പമാകുന്നു അല്ലാഹു) അല്‍ബഖറ-15.
(സഹനവും, നമസ്കാരവും മൂലം (അല്ലാഹുവിന്റെ) സഹായം തേടുക. അത്(നമസ്കാരം) ഭക്തനമാരല്ലാത്തവര്‍ക്ക് വലിയ (പ്രയാസമുള്ള) കാര്യം തന്നെയാകുന്നു) അല്‍ബഖറ-45.
പ്രവാചകന്മാരെല്ലാം തന്നെ തങ്ങളുടെ സ്വസമൂഹങ്ങളോട് പരസ്പരം ക്ഷമ കൈകൊള്ളുവാന്‍ ഉപദേശിച്ചിരുന്നു. മൂസാ നബി(അ) പറയുന്നതായി അല്ലാഹു പറയുന്നു: (മൂസാ തന്റെ ജനങ്ങളോട് പറഞ്ഞു; നിങ്ങള്‍ അല്ലാഹവോട് സഹായം തേടുകയും, ക്ഷമിക്കുകയും ചെയ്യുക. തീര്‍ച്ചയായും ഭൂമി അല്ലാഹുവിന്റെതാകുന്നു. അവന്റെ ദാസന്മാരില്‍ നിന്ന് അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ അത് അവകാശപ്പെടുത്തി കൊടുക്കുന്നു. പര്യവസാനം ധര്‍മ്മനിഷ്ഠ പാലിക്കുന്നവര്‍ക്കനുകൂലമായിരിക്കും) അഅറാഫ്-128.
ക്ഷമക്കുള്ള പ്രതിഫലം.
ക്ഷമകൈകൊള്ളുന്നവര്‍ക്ക് അല്ലാഹു മഹത്തായ പ്രതിഫലം നല്‍കുമെന്ന് വിശുദ്ധഖര്‍ആനില്‍ വാഗ്ദാനം നല്‍കുന്നുണ്ട്. അല്ലാഹു പറയുന്നു: (കുറച്ചൊക്കെ ഭയം, പട്ടിണി, ധാനനഷ്ടം, ജീവനഷ്ടം, വിഭവനഷ്ടം എന്നിവമുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക) അല്‍ബഖറ-155.
പ്രയാസങ്ങളിലും, ബുദ്ധിമുട്ടുകളിലും ക്ഷമ അവലംബിക്കുന്നവര്‍ക്ക് അല്ലാഹു മഹത്തായ പ്രതിഫലം ഒരുക്കുമെന്ന് വാഗ്ദാനം നല്‍കിയിരിക്കുന്നു. അല്ലാഹു പറയുന്നു (അവര്‍ക്കത്രേ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്നത്. അവരത്രെ സന്മാരഗ്ഗം പ്രാപിച്ചവര്‍) അല്‍ബഖറ-157.
(വിഷമതകളും, ദുരിതങ്ങളും നേരിടുമ്പോഴും, യുദ്ധരംഗത്തും ക്ഷമ കൈകൊള്ളുകയും ചെയ്തവരാരോ അവരാകുന്നു പുണ്യവാന്മാര്‍. അവരാകുന്നു സത്യം പാലിച്ചവര്‍ അവര്‍ തന്നെയാകുന്നു (ദോഷബാധയെ) സൂക്ഷിച്ചവര്‍) അല്‍ബഖറ-177.
(അല്ലാഹു ക്ഷമിക്കുന്നവരുടെ കൂടെയാകുന്നു) (അവര്‍ ക്ഷമിച്ചത് കൊണ്ട് ഇന്നിതാ അവര്‍ തന്നെയാകുന്നു. ഭാഗ്യവാന്മാര്‍) അല്‍മുഅമിനൂന്‍-111 (അത്തരക്കാര്‍ക്ക് തങ്ങള്‍ ക്ഷമിച്ചതിന്റെ പേരില്‍ (സ്വര്‍ഗ്ഗത്തില്‍) ഉന്നതമായ സ്ഥാനം പ്രതിഫലമായി നല്‍കപ്പെടുന്നതാണ്. അഭിവാദ്യത്തോടും, സമാധാനാശംസയോടും കൂടി അവര്‍ അവിടെ സ്വീകരിക്കപ്പെടുന്നതുമാണ്. അവര്‍ അതില്‍ നിത്യവാസികളായിരിക്കും. എത്ര നല്ല താവളവും, പാര്‍പ്പിടവും!) ഫുര്‍ഖാന്‍-75-76.
തങ്ങള്‍ ക്ഷമിച്ചതിന്റെ പേരില്‍ അവര്‍ക്ക് രണ്ട് പ്രാവശ്യം പ്രതിഫലം നല്‍കുമെന്നാണ് അല്ലാഹു പറയുന്നത്.
(അത്തരക്കാര്‍ക്ക് അവര്‍ ക്ഷമിച്ചതിന്റെ ഫലമായി അവരുടെ പ്രതിഫലം രണ്ടുമടങ്ങായി നല്‍കപ്പെടുന്നതാണ്. അവര്‍ നന്മകൊണ്ട് തിന്മയെ തടുക്കുകയും നാം അവര്‍ക്ക് നല്‍കിയിട്ടുള്ളതില്‍ നിന്ന് ചെലവഴിക്കുകയും ചെയ്യും) ഖസസ്-54.
അബീമാലിക് അല്‍ ഹാരിധിബ്നു ആസ്വിമില്‍ അശ്ഹരി(റ)വില്‍ നിന്ന് പ്രവാചകന്‍(സ) പറഞ്ഞു, "ശുദ്ധി വിശ്വാസത്തിന്റെ ഭാഗമാകുന്നു, 'അല്‍ഹംദുലില്ലാഹ്' എന്നത് തുലാസ് നിറക്കുന്നതാകുന്നു, 'സുബ്ഹാനല്ലാഹ്', അല്‍ഹംദുലില്ലാഹ്' ആകാശഭൂമികള്‍ക്കിടയിലുള്ളതിനെ നിറക്കുന്നതാകുന്നു, നമസ്കാരം പ്രകാശവും, ദാനധര്‍മ്മങ്ങള്‍ തെളിവും, ക്ഷമ വെളിച്ചവും, ഖുര്‍ആന്‍ നിനക്ക് അനുകൂലമായോ, പ്രതികൂലമായോ തെളിവുമാകുന്നു, എല്ലാവരും പ്രഭാതത്തില്‍ ജീവിതമാരംഭിക്കുകയും സ്വന്തത്തെ സ്വയംതന്നെ വില്‍ക്കുകയും ചെയ്യുന്നു. ചിലരതിനെ മോചിപ്പിക്കുന്നു. മറ്റുചിലരതിനെ നാശത്തിലാക്കുകയും ചെയ്യുന്നു'” മുസ് ലീം.
ബുദ്ധിമുട്ടുകളില്‍ ക്ഷമിക്കുക
ബുദ്ധിമുട്ടുകളിലും, പ്രയാസങ്ങളിലും, പരീക്ഷണങ്ങളിലും ക്ഷമ കൈകൊള്ളുക. അങ്ങിനെ ചെയ്യുന്നവര്‍ക്ക് അല്ലാഹു അളവറ്റ പ്രതിഫലം വാഗ്ദാനം നല്‍കുന്നു.
കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവനഷ്ടം, വിഭവ നഷ്ടം എന്നിവമുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത അറിയിക്കുക അല്‍ബഖറ-155.
(എത്രയെത്ര പ്രവാചകന്മാരോടൊപ്പം അനേകം ദൈവദാസന്മാര്‍ യുദ്ധം ചെയ്തിട്ടുണ്ട്! എന്നിട്ട് അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ തങ്ങള്‍ക്ക് നേരിട്ട യാതൊന്നു കൊണ്ടും അവര്‍ തളര്‍ന്നില്ല. അവര്‍ ദൗര്‍ബല്യം കാണിക്കുകയോ ഒതുങ്ങികൂടുകയോ ചെയ്തില്ല. അത്തരം ക്ഷമാശീലരെ അല്ലാഹു സ്നേഹിക്കുന്നു) ആലു ഇംറാന്‍-146.
അല്ലാഹു എന്ത് കല്പിച്ചുവോ അത് എന്ത് തന്നെയാണെങ്കിലും മനസാ വാചാ കര്‍മണാ നടപ്പില്‍ വരുത്തുകയെന്നതാണ് ഒരു മുസ്ലീമിന്റെ ബാധ്യത. അതാണ് അല്ലാഹുവിന്റെ ഖലീലായ ഇബ്രാഹീം, ഇസ്മാഈല്‍(അ) എന്നീ പ്രവാചകന്മാരില്‍ നിന്ന് നമുക്ക് മാതൃക ഉള്‍കൊള്ളുവാനുള്ളത്. അല്ലാഹു പറയുന്നു. (എന്നിട്ട് ആ ബാലന്‍ അദ്ദേഹത്തോടൊപ്പം പ്രയത്നിക്കുവാനുള്ള പ്രായമെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു, എന്റെ കുഞ്ഞുമകനെ! ഞാന്‍ നിന്നെ അറുക്കണമെന്ന് ഞാന്‍ സ്വപ്നത്തില്‍ കാണുന്നു. അതുകൊണ്ട് നോക്കൂ നീ എന്താണ് അഭിപ്രായപ്പെടുന്നത്? അവന്‍ പറഞ്ഞു, എന്റെ പിതാവെ, കല്പിക്കപ്പെടുന്നതെന്തോ അത് താങ്കള്‍ ചെയ്ത് കൊള്ളുക. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം ക്ഷമാ ശീലരുടെ കൂട്ടത്തില്‍ താങ്കള്‍ എന്നെ കണ്ടെത്തുന്നതാണ്) സ്വാഫ്ഫാത്ത്-102.
മേല്‍ വിവരിച്ചതില്‍ നിന്നും ക്ഷമക്ക് ഇസ്ലാം നല്‍കുന്ന പ്രാധാന്യം നാം മനസ്സിലാക്കി. ആയതിനാല്‍ അല്ലാഹു കല്പിച്ച പ്രകാരം ക്ഷമ അവലംബിച്ച് കൊണ്ട് അല്ലാഹുവിന്റെ മതം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുവാനും, അത് ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുവാനും നാം ശ്രമിക്കുക. അതിന്റെ പാതയില്‍ നമുക്ക് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളില്‍ ക്ഷമയവലംബിക്കുക, അല്ലാഹു അതിന്ന് തൗഫീഖ് നല്‍കട്ടെ. ആമീന്‍
കടപ്പാട്: സയ്യിദ് സഹ്ഫര്‍ സ്വാദിഖ്
Subscribe to:
Post Comments (Atom)
No comments:
Post a Comment