01 March, 2008

കുട്ടികളുടെ വളര്‍ച്ചയുടെ വഴികളില്‍ നമുക്ക് എങ്ങനെ രംഗബോധമുള്ള മാതാപിതാക്കളാകാം? Part-2

സ്നേഹം

സ്നേഹം എന്തെന്ന് നിര്‍വചിക്കുക പ്രയാസമാണ്;നല്‍കാനും അനുഭവിക്കാനും എളുപ്പവും. കുട്ടികളുടെ സര്‍വവിധ മാനസികവൈകാരിക പ്രശ്നങ്ങള്‍ക്കുമുള്ള ഒറ്റമൂലിയാണ് സ്നേഹം. സുപ്രസിദ്ധ ശിശുമനഃശാസ്ത്രജ്ഞനായ ആന്റോയിന്‍സാന്റോക്സിന്റെ അഭിപ്രായത്തില്‍ സ്നേഹത്തിന്റെ മാസ്മരിക ശക്തിക്ക് വഴങ്ങാത്തവരായി ഭൂമുഖത്ത് ആരുമില്ല. മാതാപിതാക്കള്‍ കുട്ടികള്‍ക്ക് സ്നേഹം നല്‍കണം. ഇത് വളരെ പ്രധാനമാണ്. പക്ഷേ, ഇതില്‍ പുതുമയേതുമില്ല, അല്ലേ? പക്ഷേ ഞാന്‍ പറയട്ടെ, കറകളഞ്ഞ സ്നേഹമാണ് നാം നല്‍കേണ്ടത്, എങ്ങിനെ? നിങ്ങളുടെ കുട്ടി ശുണ്‍ഠിയെടുക്കുമ്പോള്‍, പലതും തല്ലിയുടക്കുമ്പോള്‍, നിങ്ങളെ ചവിട്ടിമെതിക്കുമ്പോള്‍, കാര്‍ക്കിച്ചുതുപ്പുമ്പോള്‍, നിങ്ങള്‍ക്കവനെ സ്നേഹിക്കാന്‍ കഴിയുമോ? അവന്‍ കുഴിമടിയനായി കിടന്നുറങ്ങുമ്പോള്‍, പരീക്ഷയില്‍ വട്ടപൂജ്യവുമായി വരുമ്പോള്‍, അറുബോറനായി വെറുപ്പിക്കുമ്പോള്‍ നിങ്ങള്‍ അവനെ സ്നേഹിക്കുമോ? എങ്കിലത് കറകളഞ്ഞ സ്നേഹമായി.

അവന്‍ നേട്ടങ്ങളുണ്ടാക്കുമ്പോള്‍, പൂച്ചക്കുഞ്ഞുങ്ങളെപ്പോലെ അനുസരിക്കുമ്പോള്‍, ശാന്തരായിരിക്കുമ്പോള്‍ "നല്ല കുട്ടി" എന്ന സര്‍ട്ടിഫിക്കറ്റും സ്നേഹവും നല്‍കുന്നതില്‍ പുതുമയില്ല. മറ്റുള്ളവര്‍ വെറുക്കുമ്പോള്‍, വെറുപ്പിക്കുന്ന സാഹചര്യം സ്വയം സൃഷ്ടിച്ച നിങ്ങളുടെ പുത്രനെ/പുത്രിയെ സ്നേഹിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കണം. നേട്ടങ്ങള്‍ക്കും കോട്ടങ്ങള്‍ക്കുമുപരി അവനെന്ന വ്യക്തിയെ സ്നേഹിക്കണം. ഇതാണ് കുട്ടികളോടുള്ള സ്നേഹം.

ഇത്തരം സ്നേഹം പല മാതാപിതാക്കളിലും സ്റ്റോക്കുണ്ടെങ്കിലും കുഞ്ഞുങ്ങള്‍ക്കത് ലഭിക്കാറില്ല. കാരണം അവര്‍ക്കത് കൊടുക്കാന്‍ അറിയില്ല. ചുരുക്കത്തില്‍ കുട്ടികളെ സ്നേഹിച്ചാല്‍ പോരാ, തങ്ങള്‍ സ്നേഹിക്കുന്നു എന്ന് അവരെ ബോധ്യപ്പെടുത്തണം. അനുഭവഭേദ്യമാക്കണം. അവരറിയെ അവരിലേക്ക് സ്നേഹം ചൊരിയണം. എങ്ങനെ? നമുക്ക് നോക്കാം. അവരെ മറ്റുള്ളവര്‍ക്കു മുമ്പില്‍ വെച്ചു പ്രശംസിക്കുകയത്രെ അതില്‍ പ്രധാനം. അവരുടെ കുസൃതിത്തരങ്ങളുടെ വിഴുപ്പുകള്‍ മറ്റുള്ളവരോട് അവരുടെ മുമ്പില്‍വെച്ച് അഴിക്കരുത്. പകരം, കൊച്ചുകൊച്ചു നേട്ടങ്ങള്‍ മാത്രം പറയുന്നതിലൂടെ അവര്‍ നിങ്ങളെ അഭിമാനപൂര്‍വ്വം സ്മരിക്കും, സ്നേഹിക്കും. എല്ലാ സമയത്തും അവര്‍ നമ്മുടെ അമൂല്യസമ്പത്താണ്, അഭിമാനമാണ് എന്ന തരത്തില്‍ പെരുമാറണം (മറ്റുള്ളവരെ ഇക്കാര്യം പറഞ്ഞു മുഷിപ്പിക്കുകയും അരുത്) പഞ്ചേന്ദ്രിയങ്ങളിലൂടെയാണ് ഒരാളില്‍നിന്ന് മറ്റൊരാളിലേക്ക് സ്നേഹം സംവാദിക്കുന്നത്. സ്നേഹത്തോടെയുള്ള വാക്കുകള്‍, നോട്ടം, തലോടല്‍ ഇവയെല്ലാം വ്യക്തികളുടെ ആന്തരിക യാഥാര്‍ഥ്യങ്ങളുടെ അകലങ്ങളിലേക്കും ആഴങ്ങളിലേക്കും ഇറങ്ങിച്ചെല്ലുവാന്‍ കെല്പുള്ളവയാണ്. വെട്ടുകത്തിയെടുത്തു മുറ്റത്തെ ചെടികള്‍ മുഴുവന്‍ വെട്ടിവീഴ്ത്തുന്ന "അസുര" വിത്തായ പുത്രനെ നോക്കി "ഉമ്മയുടെ പൊന്നു മോനല്ലേ, നമ്മുടെ ചെടി വീഴ്ത്തല്ലേ, ചെടി വെട്ടിയാല്‍ നിനക്ക് പൂവ് കിട്ടുമോ" എന്ന് ചോദിച്ചാല്‍ അവന്‍ വെട്ട് നിര്‍ത്തും. സ്നേഹം വഴിയുന്ന വാക്കുകള്‍ക്ക് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കും.

ദാര്‍ശനികര്‍ ചൂണ്ടിക്കാട്ടുന്നപോലെ കര്‍ണ്ണങ്ങളിലൂടെയും കണ്ണുകളിലൂടെയും വിനിമയം ചെയ്യപ്പെടുന്ന സ്നേഹത്തിന് അന്തരീക്ഷത്തിലൂടെ ഏറെ സ്ഞ്ചരിക്കണം. വായുവിലൂടെയുള്ള ഈ പ്രയാണം സ്നേഹത്തിന്റെ മാറ്റ് കുറച്ചെന്നു വരാം, ഊഷ്മളത ചോര്‍ന്നുപോയെന്നുവരാം. പക്ഷേ, സ്പര്‍ശനത്തിലൂടെ, ശാരീരികസമ്പര്‍ക്കത്തിലൂടെ സ്നേഹവിനിമയം ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് നേരിട്ട് സംഭവിക്കുന്നു. അപ്പോള്‍ സ്നേഹത്തിന്റെ ഊഷ്മളതയും തീവ്രതയും മാധുര്യവും ഏറെ ഉയര്‍ന്നിരിക്കും. അതിനാല്‍, കുഞ്ഞുങ്ങളെ ആലിംഗനം ചെയ്യണം. ഉമ്മവെക്കണം. അത് സ്നേഹബോധത്തോടൊപ്പം സുരക്ഷിതത്വവും അവരില്‍ വളര്‍ത്തും. ഇങ്ങനെ വിവിധ രീതികളില്‍ മാതാപിതാക്കളുട ഹൃദയങ്ങളില്‍ പതഞ്ഞുയരുന്ന സ്നേഹം കുട്ടികള്‍ക്ക് അനുഭവഭേദ്യമാകണം. എന്നാല്‍ അവര്‍ ഉയര്‍ന്ന വ്യക്തിത്വമാര്‍ജിക്കും (തുടരും)

(കേരള മുസ്ലീങ്ങളുടെ കൂട്ടായമ ഈമെയിലിലൂടെ ലഭിച്ച സന്ദേശം നിങ്ങളുമായി പങ്കുവെക്കുന്നു)

No comments: