01 March, 2008

കുട്ടികളുടെ വളര്‍ച്ചയുടെ വഴികളില്‍ നമുക്ക് എങ്ങനെ രംഗബോധമുള്ള മാതാപിതാക്കളാകാം? Part-4

4. ഒഴിഞ്ഞുമാറ്റം ഒഴിവാക്കണം

സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും പേരില്‍ മാതാപിതാക്കള്‍ കുട്ടികള്‍ക്ക് നല്‍കുന്ന സകല നിര്‍ദ്ദേശങ്ങളും ഫലത്തില്‍ അവര്‍ തന്നെ പിന്‍വലിക്കുന്നു. അഥവാ, മാതാപിതാക്കള്‍ കല്പിക്കുന്നു, ശേഷം അവര്‍ തന്നെ അനുസരിക്കുന്നു. വത്സല കുഞ്ഞിനെ കല്പനയില്‍നിന്ന് ഒഴിഞ്ഞുമാറന്‍ അനുവദിക്കുന്നു. അസ്ഥാനത്ത് പ്രകടിപ്പിക്കുന്ന ഇത്തരം വാത്സല്യവും സ്നേഹവും കുട്ടികളുടെ വ്യക്തിത്വവികസനത്തെ അപകടത്തിലാക്കുമെന്ന് കരുതിയിരിക്കുക.

കുട്ടികളെ ഒരു ജോലി ഏല്പിച്ചാല്‍ അവര്‍ തന്നെ അത് ചെയ്യുന്നു എന്ന് ഉറപ്പ് വരുത്തണം. അവര്‍ക്ക് വേണ്ടി മാതാപിതാക്കള്‍ ആ ജോലി ചെയ്യരുത്. ഒഴിഞ്ഞുമാറാന്‍ അനുവദിക്കരുത് എന്നുവെച്ചാല്‍ കുട്ടികളുടെ താല്പര്യങ്ങള്‍ നിഷേധിച്ചു കര്‍ക്കശക്കാരാവുക എന്നല്ല അര്‍ഥം. അവര്‍ക്ക് ആവശ്യമുള്ളത് നിഷേധിക്കാതെ, കോട്ടംതട്ടാതെ സൗകര്യപ്രദമായ സമയത്ത്, നിര്‍ദ്ദേശിക്കുന്ന കാര്യങ്ങള്‍ ചെയ്യിക്കുക തന്നെ വേണം.

5. അനുസരണം ആദ്യം, വിവരണം പുറകെ

തങ്ങള്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ അപ്പടി അനുസരിക്കാന്‍ കുട്ടികളെ പരിശീലിപ്പിക്കണം. വിശദീകരണം ആവശ്യമില്ല. ആദ്യം അനുസരിക്കുക, പിന്നെ പ്രതിഷേധിക്കാം. പട്ടാളനിയമം പോലെ അച്ചടക്കം പരിശീലിക്കുവാനും ചിന്താകുഴപ്പങ്ങളൊഴിവാക്കുവാനും അതരിവാര്യമാണ്.

6. ഉപദേശം

മാതാപിതാക്കള്‍ കുട്ടികളെ ധര്‍മവും നീതിയും നന്മയുമെല്ലാം ഉപദേശിക്കുന്നു. ദൈവിക ഗ്രന്ഥങ്ങളിലെ വിവരണങ്ങള്‍ വെച്ച ചരിത്രപുരുഷന്മാരുടെ കഥകള്‍ പറഞ്ഞു അവരുടെ മനസ്സിനെ നന്മയുടെ പാതയില്‍ സഞ്ചരിക്കാന്‍ സന്നദ്ധനാക്കുന്നു. എന്നാല്‍ കുഞ്ഞുമായി നിങ്ങള്‍ റോഡില്‍ ഇറങ്ങി "നോ പാര്‍ക്കിംഗ് ഏരിയ"യിലാണ് കാര്‍ നിര്‍ത്തുന്നത് എന്നു കരുതുക. അല്ലെങ്കില്‍ റെഡ് ലൈറ്റ് സിഗ്നലിനെ മറികടന്നെന്ന് കരുതുക. ഇതെല്ലാം കുട്ടി മനസ്സിലാക്കുന്നു. എങ്കില്‍ അവനില്‍ സ്വയം ബോധ്യപ്പെടുന്നതെന്തെന്നോ, നിയമങ്ങളും ഉപദേശങ്ങളുമെല്ലാം മറ്റുള്ളവര്‍ക്ക് വേണ്ടിയാണ്. സ്വന്തം കാര്യലാഭത്തിന് ഏത് നിയമവും ലംഘിക്കാം എന്ന ബോധമാണ്. ഈ കുട്ടി നിയമനിഷേധിയാകുമ്പോള്‍ അതിന് ഉത്തരവാദി ആരാണ്?

7. നുണ പറയുന്ന ശീലം

വാതോരാതെ ഓമന മക്കളെ നാം ഉപദേശിക്കുന്നു. "മക്കളെ ഒരിക്കലും നുണ പറയരുത്. നരകത്തില്‍ പോകും" പക്ഷേ, ഒരിക്കല്‍ ഗേറ്റ് കടന്നു വരുന്ന ഒരു സ്ത്രീയെ നോക്കി അമ്മ പറയുന്നു, "മോനേ, അവര്‍ ചോദിച്ചാല്‍ ഞാനിവിടെ ഇല്ല എന്ന് പറഞ്ഞേക്ക്." ഇത് എന്തായിരിക്കും മോനില്‍ ഉണര്‍ത്തുന്ന ബോധം എന്നറിയുമോ? നുണ പറയരുത്, പക്ഷേ, ആവശ്യമുള്ളപ്പോള്‍ എന്തുമാവാം എന്നല്ലേ? ഇവിടെ കുറ്റക്കാരന ആരാണ്?

8. മോഷണ പ്രവണത

മറ്റുള്ളവര്‍ക്ക് അവകാശപ്പെട്ട വസ്തുക്കള്‍ അവരുടെ അറിവും അനുവാദവും കൂടാതെ സ്വന്തമാക്കുന്നതാണല്ലോ മോഷണം. കുട്ടികളെ മോഷണത്തിലേക്ക് നയിക്കുന്ന ചുറ്റുപാടുകള്‍ ഒഴിവാക്കുകയാണ് ഇത് ഇല്ലാതാക്കാന്‍ ആദ്യമായി ചെയ്യേണ്ടത്.

ഒരു കുട്ടി ചെറിയ മോഷണം നടത്തിയാല്‍ അത് മറച്ചുവെക്കാനും എന്തോ അബദ്ധം പറ്റിയതായി ചിത്രീകരിക്കാനും മുതിരരുത്. എന്നുവെച്ചാല്‍ "കള്ളന്‍" എന്ന് വിളിച്ചു കൂവി കുട്ടിയെ അവഹേളിക്കണമെന്നല്ല. മോഷണം മോഷണമായിത്തന്നെ കുട്ടിക്ക് ബോധ്യപ്പെടുത്തിക്കൊടുക്കണം. അവനെക്കൊണ്ടു തന്നെ വസ്തു ഉടമക്ക് തിരിച്ചേല്പിക്കണം. "കുട്ടിയല്ലേ, സാരമില്ലന്നെ" എന്ന ഭാവം കാണിക്കയുമരുത്. ആവര്‍ത്തിച്ചാലുള്ള ഭവിഷ്യത്ത് പറഞ്ഞ് മുളയിലേ ഈ പ്രവണത നുള്ളിക്കളയണം. (തുടരും)

(ഈ സന്ദേശം കേരള മുസ്ലീം കൂട്ടായ്മയുടെ ഈമൈയില്‍ വഴി ലഭിച്ചതാണ് അത് നിങ്ങളുമായി പങ്കുവെക്കുന്നു)

No comments: