04 November, 2007

നിങ്ങള്‍ ഈ ഗ്രന്ഥം വായിച്ചിട്ടുണ്ടോ

ആദ്യം ആട്ടിടയനും പിന്നെ കച്ചവടക്കാരനുമായിരുന്ന ഒരു മനുഷ്യന്‍ അയാള്‍ക്ക് എഴുത്തും വായനയും സിദ്ധിച്ചിട്ടില്ല. നാല്‍പത് വയസ്സുവരെ യാതൊരു സാഹിത്യാഭിരുചിയും അദ്ദേഹം പ്രകടിപ്പിച്ചിട്ടില്ല. അദ്ദേഹം നാല്‍പത് വയസ്സായപ്പോള്‍ സുന്ദരമായ പദങ്ങള്‍ പറയുന്നു. ഗദ്യവും പദ്യവുമല്ലാത്ത ശൈലിയില്‍ ആരെയും വിസ്മയിപ്പിക്കുന്ന സന്ദേശങ്ങള്‍ മൊഴിയുന്നു. അതുവരെ നിയമഗ്രന്ഥങ്ങള്‍ കണ്ടിട്ടില്ലാത്ത അദ്ദേഹത്തിന്റെ മൊഴികളില്‍ അതുല്ല്യമായ നിയമനിര്‍ദേശങ്ങളുണ്ട്. വേദം പഠിച്ചിട്ടില്ലാത്ത അദ്ദേഹത്തിന്റെ പദങ്ങളില്‍ ധാര്‍മിക നിയമങ്ങളുണ്ട്. ചരിത്രം മനസ്സിലാക്കിയിട്ടില്ലാത്ത അദ്ദേഹത്തിന്റെ വാക്കുകളില്‍ മുന്‍കാല ചരിത്രങ്ങളുണ്ട്.
നമ്മെളെന്തു മനസ്സിലാക്കണം. ഈ ഗ്രന്ഥം അദ്ദേഹത്തിന്റെ സൃഷ്ടിയാണോ? അതല്ല സാഹിത്യവും ശാസ്ത്രവും നിയമവും ചരിത്രവുമെല്ലാം അറിയുന്ന മറ്റാരോ എഴുതി കൊടുത്തതാണെന്നോ. ഗ്രന്ഥവുമായി നമ്മുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ട വ്യക്തി പറയുന്നു: ഇത് ഞാനെഴുതിയതല്ല; എല്ലാവിധ വിജ്ഞാനീയങ്ങളിലും അസാധ്യമായ ജ്ഞാനമുള്ള ഒരുവന്‍ എനിക്ക് തന്നതാണ്.
ആ മനുഷ്യന്‍ ഇതുവരെ കളവ് പറഞ്ഞതായി ആരും കേട്ടിട്ടില്ല. പിന്നെ നമുക്ക് ഈ പദങ്ങള്‍ വിശ്വസിച്ചുകൂടെ? നമ്മുടെയെല്ലാം അന്തരംഗം മന്ത്രിക്കുന്നു 'തീര്‍ച്ചയായും നമുക്ക് അദ്ദേഹത്തിന്റെ പദങ്ങള്‍ വിശ്വസിക്കാം'. ഇനി നമുക്ക് ചോദിക്കാം. ഏതാണീ ഗ്രന്ഥം? ആരാണ് അത് ലോകത്തനു മുമ്പില്‍ അവതരിപ്പിച്ചത്? അത് ആരുടേതാണെന്നാണ് അദ്ദേഹം പറഞ്ഞത്?
ആ ഗ്രന്ഥം ഖുര്‍ആനാകുന്നു. മുഹമ്മദ് നബി (സ്വ. അ.) യാണ് അത് ലോകത്തിനുമുമ്പില്‍ ഓതികേള്‍പ്പിച്ചത്. അത് അവതരിപ്പിച്ചത് സര്‍വ്വ ശക്തനായ സര്‍വ്വലോക സ്രഷ്ടാവാകുന്നു.
ഖുര്‍ആന്‍ ദൈവിക ഗ്രന്ഥമാണെന്ന അവകാശവാദത്തിന് എന്താണ് തെളിവ്?
വേദഗ്രന്ഥം
ഇന്നു നിലനില്‍ക്കുന്ന ഗ്രന്ഥങ്ങളില്‍ ഖുര്‍ആന്‍ മാത്രമാണ് സ്വയം ദൈവിക ഗ്രന്ഥമെന്ന് അവകാശപ്പെടുന്നത്. ഖുര്‍ആന്‍ സ്വയം പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്:
"നിശ്ചയം ഇത് ലോകരക്ഷിതാവ് അവതരിപ്പിച്ചതു തന്നെ. വിശ്വസ്താത്മാവ് നിന്റെ ഹൃദയത്തില്‍ അതുംകൊണ്ട് ഇറങ്ങിയിരിക്കുന്നു. നീ താക്കീത് നല്‍കുന്നവരുടെ കൂടെയാവുന്നതിനുവേണ്ടി (ഖുര്‍ആന്‍ 26:192-194).
അവതരിപ്പിക്കപ്പെട്ട രൂപത്തില്‍ ഇന്നും നിലനില്‍ക്കുന്ന ഏകവേദഗ്രന്ഥം ഖുര്‍ആനാണ്. തുകല്‍, കല്ല്, എല്ല് തുടങ്ങിയ വസ്തുക്കളിന്മേല്‍ മുഹമ്മദി (സ്വ.അ.) ന്റെ കാലത്തുതന്നെ അത് പൂര്‍ണ്ണമായി എഴുതിവെച്ചിരിക്കുന്നു. രണ്ടു ചട്ടകള്‍ക്കുള്ളില്‍ അവ ക്രോഡീകരിക്കപ്പെട്ടത് ഒന്നാം ഖലീഫ അബൂബക്കറി (റ.അ.) ന്റെ കാലത്താണ്. മൂന്നാം ഖലീഫ ഉസ്മാന്‍ (റ.അ.) അതിന്റെ കോപ്പികളെടുത്ത് ഇസ് ലാമിക രാഷ് ട്രത്തിന്റെ പ്രവിശ്യാ തലസ്ഥാനങ്ങളിലേക്കെല്ലാം എത്തിച്ചു കൊടുത്തു. അതിന്റെ കോപ്പികള്‍ ഇന്നും ലഭ്യമാണ്. ഖുര്‍ആന്‍ അതിന്റെ ഒറിജനല്‍ രൂപത്തില്‍ തന്നെ ലോകവസാനം വരെ നില്‍നില്‍ക്കും തീര്‍ച്ച. അങ്ങിനെ നില നിര്‍ത്തുമെന്ന സര്‍വ്വ ശക്തന്റെ പ്രഖ്യാപനം കാണുക:
"തീര്‍ച്ചയായും നാമാണ് ആ ഉത്ബോധനം അവതരിപ്പിച്ചത് തീര്‍ച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ് (ഖുര്‍ആന്‍ 15:9).
വൈരുദ്ധ്യങ്ങളില്ല
വളരെ ബൃഹത്തും വിപുലവുമായ വിഷയങ്ങളാണ് ഖുര്‍ആന്‍ കൈകാര്യം ചെയ്യുന്നത്. സുദീര്‍ഘമായ ഇരുപത്തിമൂന്നു വര്‍ഷങ്ങള്‍ക്കിടയില്‍ വിഭിന്നങ്ങളായ പരിത:സ്മികളില്‍ വെച്ചാണ് ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടുകൊണ്ടിരുന്നത്. എന്നിട്ടും അതില്‍ വൈരുദ്ധ്യങ്ങളൊന്നും തന്നെയില്ല. ഖുര്‍ആന്‍ ദൈവിക ഗ്രന്ഥമാണെന്നതിനുള്ള മതിയായ തെളിവാണിത്. ഇക്കാര്യം ഖുര്‍ആന്‍ തന്നെ വ്യക്തമാക്കുന്നുണ്ട്:
"അവര്‍ ഖുര്‍ആനിനെപറ്റി ചിന്തിക്കുന്നില്ലേ? അത് അല്ലാഹുവല്ലാത്തവരുടെ പക്കല്‍ നിന്നുള്ളതായിരുന്നുവെങ്കില്‍ അവരതില്‍ ധാരാളം വൈരുദ്ധ്യം കണ്ടെത്തുമായിരുന്നു. (ഖുര്‍ആന്‍ 4:52).
ധാര്‍മിക നിയമങ്ങള്‍
ഖുര്‍ആനിലുള്ള ധാര്‍മിക നിയമങ്ങള്‍ ഏതൊരു സമൂഹത്തിലും പ്രയോഗിക്കുവാന്‍ പറ്റുന്നതും അതു വിഭാവനം ചെയ്യുന്ന സന്മാര്‍ഗിക സംവിധാനം കിടയറ്റതുമാണ്. വ്യക്തിജീവിതത്തിലോ കുടുംബജീവിതത്തിലോ സാമൂഹികജീവിതത്തിലോ രഷ് ട്രീയ ജീവിതത്തിലോ ഏതിലായിരുന്നാലും ഖുര്‍ ആന്‍ മുന്നോട്ടുവെക്കുന്ന വിധിവിലക്കുകള്‍ അനുസരിക്കുന്നത് നന്മക്കും പുരോഗതിക്കും മാത്രമേ നിമിത്തമാകൂ. സൂക്ഷ്മജ്ഞര്‍ക്ക് മാര്‍ഗദര്‍ശനമാകുന്ന ഗ്രന്ഥമായിട്ടാണ് ഖുര്‍ആന്‍ സ്വയം പരിചയപ്പെടുത്തുന്നത്.
'ഇതാണ് ഗ്രന്ഥം അതില്‍ സംശയമേതുമില്ല. സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് നേര്‍വഴി കാണിക്കുന്നതത്രേ അത് (വി.ഖു. 4:82).
പ്രായോഗികത
ഖുര്‍ആനിന്റെ അവതരണത്തിന് മുമ്പും പിമ്പുമുണ്ടായിരുന്ന അറേബ്യന്‍ സമൂഹത്തെക്കുറിച്ച് പഠിച്ചാല്‍ തന്നെ ഖുര്‍ആന്‍ എത്രത്തോളം പ്രായോഗികമാണെന്നും അത് സൃഷ്ട്ടിച്ച വിപ്ലവം എത്രത്തോളം മഹത്തരമാണെന്നും നമുക്ക് മനസ്സിലാവും. രാഷ് ട്രീയവും സൈനികവുമായി അസംഘടിതരായിരുന്ന. കൃഷിസൗകര്യങ്ങളൊന്നുമില്ലാത്തതിനാല്‍ കാര്‍ഷികമായി പിന്നോക്കം നിന്നിരുന്ന്. വിദ്യാഭ്യാസരംഗത്ത് വട്ടപൂജ്യമായിരുന്ന. ചികില്‍സാരംഗത്ത് ഒന്നുമില്ലായിരുന്ന, അന്ധവിശ്വാസങ്ങള്‍ സൃഷ്ടിച്ച അധമത്വം പേറികൊണ്ടിരുന്ന, മദ്യത്തിലും, മദിരാക്ഷിയിലും മയങ്ങിക്കിടന്നിരുന്ന. ഗോത്ര മഹിമയുടെ പേരില്‍ ചോരക്കളം തന്നെ പടക്കാന്‍ തയ്യാറായ ഒരു സമൂഹം ഇതാണ് ഖുര്‍ആനിനു മുമ്പുള്ള അറേബ്യയുടെ ചരിത്രം. ഖുര്‍ആനിന്റെ അവതരണത്തിനു ശേഷമുള്ള അറേബ്യയുടെ ചരിത്രം. ഖുര്‍ആനിന്റെ അവതരണത്തിനു ശേഷമുള്ള അറേബ്യയുടെ ചരിത്രം ഇതില്‍നിന്നും വ്യത്യസ്തമാണ്. സംസകാരങ്ങളെ വെല്ലുന്ന ഒരു പുതിയ സംസകാരത്തിന്റെ വാഹകരെയാണ് നമുക്ക് അവിടെ കാണാന്‍ കഴിയുന്നത്. ശാസ് ത്ര സങ്കേതിക രംഗങ്ങളില്‍ അന്നത്തെ അതികായന്മാരായ ഗ്രീക്കുകാരേക്കാള്‍ ആ രംഗത്ത് ഉയര്‍ന്നുനില്‍കാനവര്‍ക്ക് കഴിഞ്ഞു. അലക്സാണ്ട്രീയേക്കാള്‍ വലിയ സാംസകാരിക കേന്ദ്രമായി അറേബ്യയെ മാറ്റിയെടുക്കാനവര്‍ക്കു സാധിച്ചു. നൂറ്റാണ്ടുകളുടെ രഷ് ട്രീയ നായകത്വമുണ്ടായിരുന്ന റോമിനേയും പേര്‍ഷ്യയേയും അവര്‍ വിറപ്പിച്ചു. ഗോത്ര കലഹങ്ങങ്ങളില്‍ തമ്മില്‍ തല്ലി തകര്‍ന്നിരുന്ന അവര്‍ ഐക്യത്തിന്റെ പതാക വാഹകരായി മാറി. ധര്‍മവും അധര്‍മവും എന്താണെന്നറിയാതിരുന്ന അവര്‍ ധാര്‍മിക തത്വങ്ങളുടെ പ്രചാരകരായി മാറി. ഇതായിരുന്നു ഖുര്‍ആന്‍ സ്രഷ് ടിച്ച മഹത്തായ വിപ്ലവം. സാംസ്കാരിക രംഗത്ത് വട്ടപൂജ്യമായിരുന്ന ഒരു ജനതയെ വെറും ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ക്കോണ്ട് സംസ്കാരത്തിന്റെ പരമോനത ശീര്‍ഷത്തിലെത്തിക്കാന്‍ കഴിഞ്ഞ് ഖുര്‍ആനിന് തുല്യമായി ലോകത്തെ പരിവര്‍ത്തിപ്പിക്കാന്‍ സാധിച്ച മറ്റൊരു ഗ്രന്ഥം മാനവ ചരിത്രത്തിലെവിടെയെങ്കിലുമുണ്ടായിട്ടുണ്ടോ?
ഇല്ലെയെന്നാണുത്തരം. ഖുര്‍ആനിനേക്കാള്‍ പ്രായോഗികമായ മറ്റൊരു ഗ്രന്ഥവുമില്ലെന്നാണ് വാസ് തവം.
സാഹിത്യം
കേള്‍ക്കുന്നവന്റെ ബുദ്ധിക്ക് തൃപ്തിയും മനസ്സിന് സമാധാനവും ലഭ്യമാവുന്നതോടൊപ്പം അവന്റെ ഹൃദയത്തില്‍ മാറ്റങ്ങള്‍ സൃഷ് ടിക്കുക കൂടി ചെയ്യുന്നതാണ് യഥാര്‍ത്ത സാഹിത്യം. ഈ അര്‍ഥത്തില്‍ ഖുര്‍ആന്‍ ഒരു കുറ്റമറ്റ സാഹിത്യ കൃതിയാണെന്ന് പറയാം. ഖുര്‍ആന്‍ എത്രത്തോളം മനുഷ്യമനസ്സുകളെ സ്വാധീനിച്ചിരുന്നുവെന്നതിന് ഒരു ഉദാഹരണം: മുഹമ്മദ് (സ്വ. അ.) ഒരിക്കല്‍ കഅബയുടെ സമീപം വെച്ച് ഖുര്‍ആന്‍ ഓതുകയാണ്. ശ്രോതാക്കളില്‍ മുസ് ലീമുകളും അമുസ് ലീമുകളുംമെല്ലാം ഉണ്ട് സൂറത്തുന്നജ് മിലെ സാഷ് ടാഗത്തിന്റെ സൂക്തം ഓതികൊണ്ടിരിക്കെ അല്ലാഹുവിന്റെ കല്പന പ്രകാരം നബി(സ്വ.അ.) സാഷ് ടാംഗം നമിച്ചു. അപ്പോള്‍ അബൂജഹല്‍ എന്ന അഹങ്കാരി ഒഴികെ മറ്റെല്ലാവരും-മുസ് ലീകളും അമുസ് ലീകളുംമെല്ലാം - സാഷ് ടാംഗം നമിച്ചുപോയി. അതാണ് ഖുര്‍ആനിന്റെ സ്വാധീന ശക്തി. കഠിന വിരോധികള്‍ പോലും അതിന്റെ കല്‍ പന അനുസരിച്ചു തല്‍ കുനിക്കുന്ന അവസ്ഥയുണ്ടാവുക! മനുഷ്യ മനസ്സിന്റെ സ്വാധീനിക്കുവാന്‍ ദിവ്യവചനങ്ങള്‍ക്കുള്ള കഴിവ്.
പ്രവചനങ്ങള്‍
ഖുര്‍ആന്‍ നടത്തിയ പ്രവചനങ്ങളെല്ലാം അക്ഷരംപ്രതി പുലര്‍ന്നിട്ടുണ്ട്. ഒരു ഉദാഹരണം. മുഹമ്മദി(സ്വ.അ.)ന്റെ കാലത്ത്. അറേബ്യന്‍ അര്‍ദ്ധദ്വീപിന്റെ ചില ഭാഗങ്ങളില്‍ റോമക്കാരും പേര്‍ഷ്യക്കാരും തമ്മില്‍ ആധിപത്യത്തിനു വേണ്ടിയുള്ള പോരാട്ടം നടക്കുകയായിരുന്നു. ഹിജ്റ അഞ്ചാം വര്‍ഷത്തില്‍ നടന്ന അതിഘോരമായ യുദ്ധത്തില്‍ റോമക്കാര്‍ പരാജയപ്പെട്ടു. ഇനിയൊരു തിരിച്ചുവരവ് അസാധ്യമാണെന്ന് തോന്നിപ്പിക്കുമാറ് അതിദയനീയമായിരുന്നു തോല്‍വി. ഈ അവസരത്തില്‍ ഖുര്‍ആന്‍ ഇങ്ങിനെ പ്രവചിച്ചു.
"അടുത്ത നാട്ടില്‍വെച്ച് റോമക്കാര്‍ തോല്‍ പ്പിക്കപ്പെട്ടിരിക്കുന്നു. തങ്ങളുടെ പരാചയത്തിനുശേഷം ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ അവര്‍ വിജയം നേടുന്നതാണ്. (30:2-4).
ഈ പ്രവചനം തെറ്റിയില്ല. ആറു വര്‍ഷങ്ങള്‍ തികയുന്നതിനുമുമ്പ് റോമക്കാര്‍ പേര്‍ഷ്യകാരെ പരാജയപ്പെടുത്തി. ഇങ്ങനെ എത്രയെത്ര പ്രവചനങ്ങള്‍!. ഖുര്‍ആനിന്റെ പൂര്‍ത്തീകരിക്കപ്പെട്ട പ്രവചനങ്ങള്‍ അത് സര്‍വകാലജ്ഞാനിയായ പടച്ചതംമ്പുരാന്റേതാണെന്ന വസ്തുത വെളിപ്പെടുത്തുന്നു.
ശാസ് ത്രീയത
വാനശാസ് ത്രത്തിലോ ഭൂമിശാസ് ത്രത്തിലോ സമുദ്രശാസ് ത്രത്തിലോ ഒന്നും അടിസ്ഥാന ജ്ഞാനം പോലുമില്ലാതിരുന്ന കാലത്ത് അവതരിപ്പിക്കപ്പെട്ട ഖുര്‍ആനിലെ വചനങ്ങള്‍ പ്രസ് തുത ശസ്ത്ര ശാഖയിലെ പുതിയ കണ്ടുപിടുത്തങ്ങളുമായി പൂര്‍ണ്ണമായും യോജിക്കുന്നുവെന്ന വസ്തുത അത് ദൈവിക ഗ്രന്ഥമാണെന്ന് ഒരിക്കല്‍കൂടി വ്യക്തമാക്കുന്നു.
ഭ്രൂണ പരിണാമത്തെക്കുറിച്ചുള്ള ഖുര്‍ആനിക പരാമര്‍ശങ്ങള്‍ ഉദാഹരണമായെടുക്കുക. താഴെ പറയുന്ന വസ്തുതകള്‍ ശ്രദ്ധിക്കുക.
സ്രവിക്കപ്പെടുന്ന ശുക്ലത്തിലെ ലക്ഷക്കണക്കിന് ബീജങ്ങളില്‍ ഒരെണ്ണം മാത്രമാണ് അണഡവുമായി ചേര്‍ന്ന് ഭൂണമായി തീരുന്നത് ഇന്ന് നമുക്കറിയാം. മൈക്രോസ് കോപ്പിന്റെ കണ്ടുപിടുത്തത്തിന് മുമ്പ് ശുക്ലസ്രാവം മൊത്തമായി ഘനീബവിച്ചാണ് കുഞ്ഞുണ്ടാകുന്നതെന്നായിരുന്നു പൊതുവായ വിശ്വാസം. എന്നാല്‍ ശുക്ല സ്രാവത്തിലെ ചെറിയ ഒരു അംശത്തില്‍ നിന്നാണ് മനുഷ്യ സൃഷ് ടിയുടെ പ്രാരംഭമെന്ന വസ് തുത പതിനാലു നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അവതരിച്ച ഖുര്‍ആന്‍ സൂക് തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. "അവന്‍ സ്രവിക്കപ്പെടുന്ന ശുക്ലത്തില്‍ നിന്നുള്ള ഒരുകണമായിരുന്നില്ലേ? (വി.ഖു. 75:37) പുരുഷബീജം അണ്ഡവുമായി കൂടിച്ചേരുമ്പോഴാണ് ഭൂണം ഉണ്ടാവുന്നതെന്ന് നമുക്കറിയാം. എന്നാല്‍ പുര്‍ഷ ബീജത്തിനകത്ത് ഒരു കൊച്ചുകുഞ്ഞ് ഒളിഞ്ഞിരിപ്പുണ്ടെന്നും അമ്മയുടെ ഗര്‍ഭാശയം ആ കുഞ്ഞിന്‍ വളരാനുള്ള ഇടമൊരുക്കുക മാത്രമേ ചെയ്യുന്നുള്ളൂവെന്നുമായിരുന്നു പതിനെട്ടാം നൂറ്റാണ്ടു വരെ നിലനിന്നിരുന്ന വിശ്വാസം. ഇതില്‍നിന്ന് വിത്യസ് തമായി കൂടിച്ചേര്‍ന്നുണ്ടായ ബീജത്തില്‍നിന്നാണ് മനുഷ്യസൃഷ് ടി നടക്കുന്നതെന്നാണ് ഖുര്‍ആന്‍ വ്യക്തമാക്കുന്നത്. "കൂടിച്ചേര്‍ന്നുണ്ടായ ഒരു ബീജത്തില്‍നിന്ന് തീര്‍ച്ചയായും നാം മനുഷ്യനെ സൃഷ് ടിച്ചിരിക്കുന്നു". (വി.ഖു. 78:2).
ഭൂണത്തിന്റെ വിത്യസ്ത ഘട്ടങ്ങളെക്കുറിക്കുന്ന ഖുര്‍ആന്‍ വാക്യത്തിന്റെ സാരം ഇങ്ങനെയാണ്.
"തീര്‍ച്ചയായും മനുഷ്യനെ നാം കളിമണ്ണിന്റെ സത്തയില്‍നിന്ന് സൃഷ് ടിച്ചിരിക്കുന്നു. പിന്നീട് ഒരു ബീജമായി കൊണ്ട് അവനെ നാം ഭദ്രമായ ഒരു സ്ഥനത്തുവെച്ചു. പിന്നീട് ആ ബീജത്തെ നാം "അലഖ"യായി രൂപപ്പെടുത്തി. എന്നിട്ട് ആ "അലഖ"യെ "മുദ്അ"യായി രൂപപ്പെടുത്തി. എന്നിട്ട് ആ "മുദ്അ"യെ അസ്ഥികൂടമായി രൂപപ്പെടുത്തി. എന്നിട്ട് ആ അസ്ഥികൂടത്തെ മാംസം കൊണ്ട് പൊതിഞ്ഞു. പിന്നീട് മറ്റൊരു സൃഷ് ടിയായി നാം അവനെ വളര്‍ത്തിയെടുത്തു. അപ്പോള്‍ ഏറ്റവുംനല്ല സൃഷ് ടി കര്‍ത്താവായ അല്ലാഹു അനുഗ്രപൂര്‍ണനായിരിക്കുന്നു. (വി.ഖു. 23:12-14).
ഭ്രൂണത്തിന്റെ ഘട്ടങ്ങളായി ഖുര്‍ആനില്‍ വിവരിക്കപ്പെട്ടിരിക്കുന്ന എല്ലാ അവസ്ഥകളും മനുഷ്യഭ്രൂണത്തിന്റെ വളര്‍ച്ചയില്‍ കഴിഞ്ഞുപോകുന്നുവെന്നാണ് ആധുനിക പഠനങ്ങള്‍ വ്യക് തമാക്കുന്നത്.
1. അലഖ്
ഈ പദത്തിന് എന്തെങ്കിലും ഒട്ടിപ്പിടിക്കുകയോ പറ്റിച്ചേരുകയോ ചെയ്യുന്നത് എന്നാണ് അര്‍ത്ഥം. ഗര്‍ഭാശയത്തിലെ ഭൂണത്തിന്റെ ആദ്യത്തെ അവസ്ഥയെ കുറിക്കുന്ന പദമാണിത്. ബീജസങ്കലനം നടന്ന് ഏഴാമത്തെ ദിവസം ഭൂണം ഗര്‍ഭാശയത്തിന്റെ ആന്തരപാളിയായ എന്‍ട്രേമെട്രിയത്തില്‍ പറ്റിപ്പിടിക്കും. ഇങ്ങനെ പറ്റിപ്പിടിച്ച് വളരാനാരംഭിക്കുന്ന ഭ്രൂണത്തെ കണ്ടാല്‍ പറ്റിപ്പിടിച്ച ഒരു അട്ടയാണെന്ന് തോന്നും. അലഖ എന്ന പദത്തിന് നീരട്ടയെന്നും അര്‍ത്ഥമുണ്ട്. (പറ്റിപ്പിടിക്കുന്ന നീരട്ടയുടെ സ്വഭാവത്തില്‍നിന്നാണ് ഈ പേര് ലഭിച്ചിരിക്കുന്നത്) ഭ്രൂണത്തിന്റെ ആദ്യാവസ്ഥയെ കുറിക്കാന്‍ ഖുര്‍ആന്‍ ഉഭയോഗിച്ച പദം (അലഖ) കൃത്യമാണെന്നര്‍ത്ഥം
2. മുദ്അ
"ചവച്ചരക്കപ്പെട്ടത്" എന്നാണ് ഈ പദത്തിനര്‍ത്ഥം. ഇരുപത്തിയേഴു ദിവസം പ്രായമായ ഭ്രൂണത്തെ കണ്ടാല്‍ അത് ചവച്ചു തുപ്പിയ ഒരു മാംസക്കഷ് ണമാണെന്നേ തോന്നൂ. ചവച്ചുതുപ്പിയതുപോലെ പല്ലടയാളങ്ങള്‍ പോലും അതിന്മേല്‍ ഉണ്ടായിരിക്കും. "അലഖ"യില്‍നിന്നും "മുദ്അ" യായി രൂപപ്പെടുത്തിയെന്ന ഖുര്‍ആനിക പരാമര്‍ശം സത്യസന്തമാണെന്ന വസ് തുത ഇവിടെ അനാവൃതമാകുന്നു.
3. അസ്ഥി.
ചവച്ചരക്കപ്പെട്ട മാംസപിണഡം പോലെ തോന്നിച്ചിരുന്ന ഭ്രൂണത്തില്‍ നിന്ന് അഞ്ച് ആഴ്ച് പ്രായമായാല്‍ അസ്ഥികള്‍ രൂപപ്പെടാനാരംഭിക്കും. "മുദ്അ"യില്‍ നിന്ന് അസ്ഥികൂടം രൂപപ്പെടുത്തിയെന്ന ഖുര്‍ആന്‍ വചനം എത്ര ശരി.
4. പേശികള്‍
അസ്ഥികള്‍ രൂപപ്പെട്ട് അതില്‍ മാംസപേശികള്‍ പൊതിയുന്നതോടെയാണ് രൂപം തെളിഞ്ഞ ശിശുവായിതീരുന്നത്. "എന്നിട്ട് അസ്ഥികൂടത്തെ മാംസംകൊണ്ട് പൊതിഞ്ഞു. പിന്നീട് മറ്റൊരു സൃഷ് ടിയായി നാം അവനെ വളര്‍ത്തിയെടുത്തു" വെന്ന ഖുര്‍ആനിക പരാമര്‍ശത്തിന്റെ സത്യത ഇവിടെ നമുക്ക് ബോധ്യമാവുന്നു.
ഭ്രൂണത്തിന്റെ വളര്‍ച്ച നടക്കുന്നത് ഗര്‍ഭാശത്തിനകത്ത് വെച്ചാണല്ലോ. മൂന്ന് ആവരണങ്ങളാണ് അമ്മയുടെ വയറിനുള്ളത്. ഒന്ന് അടിവയറിന്റെ ഭിത്തി. രണ്ട്, ഗര്‍ഭാശയ ഭിത്തി. മൂന്ന്, ഗര്‍ഭാശയത്തിനകത്തെ ആംനിയോണ്‍ കോറിയോണ്‍ പാട. ഭൂണത്തെ വെളിച്ചത്തില്‍ നിന്ന് സംരക്ഷിക്കുകയെന്ന മര്‍മപ്രധാനമായ ധര്‍മം നിര്‍വഹിക്കുന്ന ഈ ആവരണങ്ങളെ ഇരുട്ടുകള്‍ എന്ന് വിളിക്കുന്നതില്‍ യാതൊരു അസാംഗത്യവുമില്ല. മൂന്ന് ഇരുട്ടുകള്‍ക്കകത്തുവെച്ചാണ് ഭ്രൂണവളര്‍ച്ച നടക്കുന്നതെന്ന വസ് തുത ഖുര്‍ ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. നിങ്ങളുടെ മാതാക്കളുടെ വയറുകളില്‍ മൂന്ന് തരം ഇരുട്ടുകള്‍ക്കുള്ളിലായി സൃഷ് ടിയുടെ ഒരു ഘട്ടത്തിനു ശേഷം മറ്റൊരു ഘട്ടമായി കൊണ്ട് നിങ്ങളെ അവന്‍ സൃഷ് ടിക്കുന്നു. (വി.ഖു 39:6) ഇതുപോലെ തന്നെ ഭൂമിയേയുമെല്ലാം കുറിച്ച് ഒട്ടനവധി ഖുര്‍ആനിക പ്രസ്താവനകളുണ്ട്. ആധുനിക ശാസ്ത്രീയനിഗമനങ്ങള്‍ ഈ പ്രസ്താവനകള്‍ നൂറു ശതമാനം സത്യസന്ധമാണെന്നതിന് സാക്ഷ്യം നില്‍ക്കുന്നു. ഇത് വ്യക്തമാക്കുന്നതെന്താണ്? ത്രിലോക ജ്ഞാനിയായ സര്‍വ്വ ശക്തനാണ് വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിച്ചതെന്ന യഥാര്‍ഥ്യമല്ലാതെ മറ്റൊന്നുമല്ല.
വെല്ലുവിളി
അറബി സാഹിത്യത്തിലെ അതികായകന്മാരായിരുന്ന ആളുകളുടെ ഇടയിലേക്കാണ് ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടത്. കവികളില്‍ പലരും ഇസ് ലാമിന്റെ ശത്രുപക്ഷത്തായിരുന്നു. ഖുര്‍ആനിന്റെ ദിവ്യത്വത്തില്‍ സംശയം പ്രകടിപ്പിച്ചവരോട് അത് ഒരു വെല്ലുവിളി നടത്തി. അതിങ്ങനെയാണ്. "നമ്മുടെ ദാസന് നാം അവതരിപ്പിച്ചു കൊടുത്തതിനെപ്പറ്റി നിങ്ങള്‍ സംശയാലുക്കളാണെങ്കില്‍ അതിന്റേതുപോലെയുള്ള ഒരു അധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരിക. അല്ലാഹുവിനു പുറമെ നിങ്ങള്‍ക്കുള്ള സഹായികളേയും വിളിച്ചുകൊള്ളൂക. നിങ്ങള്‍ സത്യവാന്മാണെങ്കില്‍" (ഖുര്‍ആന്‍ 2:23).
ഖുര്‍ആനിലെ ചെറിയൊരു അധ്യായത്തിനു തുല്ല്യമായ ഒരു അധ്യായം കൊണ്ടുവന്ന് അതിന്റെ വെല്ലുവിളിക്ക് മറുപടി നല്‍കാന്‍ അന്നത്തെ സാഹിത്യ തമ്പുരാക്കന്മാര്‍ക്കൊന്നും കഴിഞ്ഞിട്ടില്ല. ഇന്നും ആ വെല്ലുവിളി നില്‍നില്‍ക്കുന്നു. ഖുര്‍ആനിലെ ചൈതന്യവത്തും ആശയ സമ്പുഷ് ടവും ജ്ഞാന നിബിഡവുമായ ഒരധ്യായത്തിന് തുല്ല്യമായ ഒരു രചന കൊണ്ടുവരാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോയെന്ന വെല്ലുവിളി. അതിന് ഉത്തരം നല്‍കാന്‍ മനുഷ്യര്‍ക്ക് കഴിയില്ലെന്ന് ഇന്ന് നമുക്കറിയാം. മനുഷ്യന്റെ അറിവിനും കഴിവിനും പരിമിതികളുണ്ടെന്ന വസ് തുതയുടെ വെളിച്ചത്തില്‍ ത്രികാല ജ്ഞാനിയായ തമ്പുരാന് മാത്രമേ ഖുര്‍ആനിനു തുല്ല്യമായ ഒരു രചന അവതരിപ്പിക്കാന്‍ കഴിയൂവെന്ന് നാം മനസ്സിലാക്കുന്നു. സ്ഥലകാലങ്ങള്‍ക്ക് അതീതനായവനു മത്രമേ ഖുര്‍ആനിലുള്ളതിന് തുല്ല്യമായ ഒരു അദ്ധ്യായം പോലും കൊണ്ടുവരാനാകൂ. തീര്‍ച്ച!
സുഹൃത്തേ,
താങ്കള്‍ ഖുര്‍ആന്‍ വായിച്ചുവൊ? ഖുര്‍ആനിന്റെ സാഹിത്യ ഭംഗിയും ആശയ ഗാംഭീര്യവും മനസ്സിലാക്കണമെങ്കില്‍ അറബിഭാഷയിലൂടെ തന്നെ അത് മനസ്സിലാക്കണം. എങ്കിലും അത് പഠിപ്പിക്കുന്ന ആദര്‍ശങ്ങളേയും പ്രദാനം ചെയ്യുന്ന സാന്മാര്‍ഗിക സംവിധാനത്തേയും കുറിച്ചു മനസ്സിലാക്കുവാന്‍ ഖുര്‍ആന്‍ പരിഭാഷകളില്‍നിന്നു സാധിക്കും. ഒരുവിധം എല്ലാ ഭാഷകളിലും ഖുര്‍ആന്‍ പരിഭാഷകളുണ്ട്. നിങ്ങള്‍ക്ക് അത് വായിക്കാന്‍ അവസരം ലഭിച്ചിട്ടില്ലെങ്കില്‍ ഇന്നുതന്നെ അതിനു തയാറാവുക സര്‍വ്വശക്തന്‍ നമ്മുടെ മോചനത്തിനുവേണ്ടി അവതരിപ്പിച്ച ഗ്രന്ഥവുമായി അടുക്കുവാന്‍ ശ്രമിക്കുക. ഖുര്‍ആന്‍ പഠിക്കുക, പിന്‍പറ്റുക പടച്ചതംമ്പുരാന്‍ നമ്മെ അനുഗ്രഹിക്കട്ടെ. ആമീന്‍.

കടപ്പാട്: എം. എം. അക് ബര്‍

1 comment:

Jayakeralam said...

nice writing. regards,
...................................
ജയകേരളം.കോം ....മലയാളം കഥകള്‍, കവിതകള്‍, ലേഖനങ്ങള്‍, കാര്‍ട്ടൂണുകള്‍ and many more... Please send us your suggestions...
http://www.jayakeralam.com