07 November, 2007

ജ്യോത്സവും ജ്യോതിശാസ്ത്രവും

ജ്യോതിശാസ്ത്രം ഒരു ശാസ്ത്രമാണ്. എന്നാല്‍ അതുതന്നെയാണ് ജ്യോത്സ്യവും എന്ന വിശ്വാസമാണ് വിദ്യഭാസ സമ്പന്നരായ പലരുടേയും ധാരണ. നമ്മുടെ വിദ്യഭ്യാസത്തില്‍ പത്താംതരംവരെ ജ്യോതിശാസ്ത്ര പഠനത്തിന് വേണ്ടത്ര സ്ഥനമില്ലാത്തതും ഈ ധാരണക്ക് ഒരു പ്രധാന കാരണമാണ്. ഹൈസ്കൂള്‍ പഠനകാലത്ത് ജ്യോതിശാസ്ത്രം പഠിപ്പിക്കുന്നത് അതി കേവലധാരണപോലും ഇല്ലാത്തവരാണ് എന്നതും ഒരു പ്രധാന കാരണമാണ്. ചരിത്രം പഠിച്ചവരാണ് ജ്യോഗ്രഫി പഠിപ്പിക്കുന്നത്!

മറ്റൊന്ന് ഇവയുടെ ക്രമം പറയുന്നതിലാണ്. രണ്ടിലും കാണുന്നത് നവഗ്രഹമാണ്. എന്നാല്‍ ജ്യോത്സ്യത്തിലെ നവഗ്രഹങ്ങളില്‍ സൂര്യന്‍, ചന്ദ്രന്‍, രാഹു, കേതു എന്നിവ ഗ്രഹങ്ങളല്ല. ബാക്കി അഞ്ചെണ്ണം മാത്രമെ ഗ്രഹമായിട്ടുള്ളു. സൂര്യന്‍ ഒരു ഗ്രഹമല്ല, നക്ഷത്രമാണെന്ന് രണ്ടാംതരത്തിലെ കുട്ടിക്ക് പോലുമറിയാം. ചന്ദ്രന്‍ ഉപഗ്രഹമാണെന്ന് നാലാംതരം മുതലും പഠിപ്പിക്കപ്പെടുന്നു. രാഹുവും കേതുവുമാകട്ടെ ഒരു സങ്കല്പവും.

ഹൈസ്കൂള്‍തലത്തിലെങ്കിലും ഒരു താരതമ്യപഠന് അവസരം കിട്ടുകയാണെങ്കില്‍ കുറെയൊക്കെ മാറ്റങ്ങള്‍ കാണും. യുറാനസും നെപ് ട്യൂണും പ്ലൂട്ടോയും ജ്യോത്സ്യത്തില്‍ കടന്നുവരാത്തത് അക്കാലത്ത് ഇവയെക്കുറിച്ച് ധാരണയില്ലാത്തതുകൊണ്ടാണ്.

ജ്യോതിശാസ്ത്രത്തിന്റെ മറവില്‍ ഉടലെടുത്ത ഏറ്റവും വലിയ തട്ടിപ്പ് ജ്യോത്സ്യം തന്നെ. കൈനോട്ടം, പല്ലിചൊല്ലല്‍, കിളീജ്യോത്സ്യം, സാമുദ്രികലക്ഷണം,പ്ലാഞ്ചെറ്റ്, അകവും പുറവും നോക്കല്‍, ശകുനം, മുഹൂര്‍ത്തം, ഗുളികകാലം, രാഹുകാലം നോക്കല്‍ തുടങ്ങി എണ്ണത്തില്‍ ഒടുങ്ങാത്ത തട്ടിപ്പുകള്‍ക്കെല്ലാം പിന്നില്‍ ശാസ്ത്രം എന്ന് ചേര്‍ത്തപ്പോള്‍ വിശ്വാസികളും കൂടി.

അതു കൊണ്ട് തന്നെ ഈ വിശ്വാസം ഉറച്ച ഒരാള്‍ക്ക് മാറിച്ചിന്തിക്കാന്‍ കഴിയില്ല. പത്തില്‍ പത്ത് പൊരുത്തവും ചേര്‍ന്ന് കല്യണംകഴിച്ച് ഒരാഴ്ച കഴിഞ്ഞ് ഇണകളില്‍ ഒരാള്‍ മരിച്ചാലും വിശ്വാസിക്ക് വിശ്വാസത്തിലുള്ള വിശ്വാസം മറുകയില്ല. നൂറിലൊന്ന് ഒത്താല്‍ അവന്‍ അത് പാടി നടക്കുകയും ചെയ്യും.

പാരമ്പര്യമായി കിട്ടുന്ന വിശ്വാസം അവന്‍ മുറുകെ പിടിക്കും. തെറ്റണെന്ന് 99 ശതമാനം വിശ്വാസമുണ്ടെങ്കിലും മറ്റുള്ളവര്‍ എന്ത് പറയും എന്ന പേടി അവനെ വേട്ടയാടും. ജ്യോത്സ്യപ്രകാരം ക്രിയകള്‍ ചെയ്തിട്ട് എന്ത് ദോഷം വന്നാലും പ്രശ് നമില്ല ചെയ്യാതെ വല്ലതും സംഭവിച്ചാല്‍ അവന്റെ സമൂഹം അവനെ എന്നും കുറ്റപ്പെടുത്തും. ഈ പേടി അവനെ അന്ധവിശ്വാസങ്ങളിലേക്ക് നയിക്കും. അതുകൊണ്ടാണ് ജ്യോതിശാസ്ത്രത്തിന്റെ ഏറ്റവും ഉയര്‍ന്ന പഠിതാക്കള്‍പോലും ഇതിന് കഴുത്ത് നീട്ടിക്കൊടുക്കുന്നത്. മറ്റു ഗ്രഹങ്ങളിലേക്കുള്ള പ്രയാണത്തിലും തേങ്ങ ഉടച്ചും നിര്‍ വിഗ്ന സമാപ്തിക്ക് ഗണിപതിപൂജ നടത്തിയും യാത്രയയ്ക്കും അവ ശാന്തസമുദ്രത്തിന്റെ അഗാധതയില്‍ കൂപ്പ് കുത്തിയാല്‍ അവ ഭൂമിയില്‍ വീണ് നാശമുണ്ടാക്കാത്തത് ആ പ്രതിക്രിയയുടെ ശക്തിയാണ് എന്ന വ്യഖ്യാനിക്കുമ്പോള്‍ നമ്മള്‍ തലയാട്ടുന്നു.

ഇതാണ് നൊസ് ട്രാഡമസ് മുതല്‍ ഉണ്ണികൃഷ്ണപ്പണിക്കര്‍ വരെയുള്ളവരുടെ 99 ശതമാനം പ്രവചനങ്ങളുടെയും കഥ. യാദൃച്ഛികമായി ഏതെങ്കിലുമൊന്ന് ഒത്താല്‍ അത് ഒരു വാര്‍ത്തയാക്കും, പണിക്കര്‍, 2006 വരെ വാജ് പേയി ഭരിക്കും എന്നുപറഞ്ഞു. തോറ്റപ്പോള്‍ അത് വാര്‍ത്തയായില്ല ജയലളിദ പണ്ട് ജയിച്ചത് വല്യ വാര്‍ത്തയായിരുന്നു. സോണിയയോ, വാജ് പേയിയോ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ ജ്യോത്സ്യന്മാരുടെ അവകാശവാദംകൊണ്ട് പുറത്തിറങ്ങാന്‍ പറ്റില്ലായിരുന്നു. ഇവര്‍ക്ക് ആര്‍ക്കും മന്‍ മോഹന്‍സിംഗ് പ്രധാനമന്ത്രിയാവും എന്ന് പറയാന്‍ കഴിയാതിരുന്നതും അത് വാര്‍ത്തായാവാത്തതും ഇതുകൊണ്ട് തന്നെ.

ഇതില്‍ ഏറെ രസകരം രാഹുകാലം നോക്കലാണ്. ദിവസവും ഒന്നരമണിക്കൂര്‍ രാഹുകാലമാണ്. അമൃതം കുടിക്കാന്‍ ബ്രാഹ്മണവേഷത്തില്‍ ഒരസുരന്‍ വന്നു. ആ അസുരനെ വിഷ് ണുചക്രമെറിഞ്ഞ് കൊന്ന് രണ്ട് കഷണമാക്കി. അവ ചേര്‍ന്ന് പാമ്പായി. തലയുള്ള കഷണം രാഹു, മറ്റേത് കേതു-എന്നാണ് പുരാണത്തില്‍ പറയുന്നത്. ഈ വിശ്വാസമാണ് ഗ്രഹണ സമയത്ത് പുറത്തിറങ്ങരുത്, ഭക്ഷണം കഴിക്കരുത്, ഈ സമയങ്ങളില്‍ യാത്ര പോകരുത് എന്നെല്ലാം പറയുന്നതിനു പിന്നില്‍.

രണ്ടാംലോക മഹായുദ്ധത്തില്‍ ഹിരോഷമയില്‍ മരിച്ചവരെല്ലാം ഒരേ നക്ഷത്രത്തില്‍ പിറന്നവരായിരുന്നോ? നാഗസാക്കിയില്‍ മരിച്ചവരെല്ലാം ഒരേ ജാതകക്കാരും ബംഗ്ലാദേശില്‍ ചുഴലിക്കാറ്റില്‍ മരണമടഞ്ഞവരെല്ലാം ഒരേ ശാന്തിമുഹൂര്‍ത്തത്തില്‍ ബന്ധപ്പെട്ട് ഒരേ മെന്‍സസ് ദിനക്രമം പാലിച്ച് ഒരേ ദിവസം ഇവരുടെ അണ്ഡം പുറത്തു വന്ന് നാഴിക-വിനാഴിക തെറ്റാതെ ഒരേസമയത്ത് യോജിച്ച് പ്രസവിച്ച് വളര്‍ന്ന് ഒരേ പ്രായമായവരായിരുന്നെങ്കില്‍, അല്ലെങ്കില്‍ അവര്‍ക്കെല്ലാം ഒരേ നാളെങ്കിലുമായിരുന്നെങ്കില്‍ നമുക്ക് വിശ്വസിക്കാമായിരുന്നു.

കടപ്പാട്: ബാലകൃഷണന്‍ പുല്‍പാറ, മലപ്പുറം

No comments: