06 November, 2007

പലിശ എന്ന വിനാശം

"പലിശ തിന്നുന്നവനെയും അത് തീറ്റുന്നവനെയും അതിന്റെ ഇരു സാക്ഷികളെയും അതിന്റെ എഴുത്തുകാരെയും നബി(സ്വ.അ.) ശപിച്ചിരിക്കുന്നു. അവരെല്ലാം സമമാണെന്നും അവിടുന്ന് പറഞ്ഞിരിക്കുന്നു. [മുസ് ലീം തിര്‍മിദി]

പലിശ പുതിയൊരു ചൂഷണ മാര്‍ഗമല്ല. പണ്ടേ അതുണ്ട്. എന്നാല്‍ വര്‍ത്തമാന കാലലോകം പലിശയുടെ നീരാളിപ്പിടിത്തത്തില്‍ ഞെരിഞ്ഞമര്‍ന്നുകൊണ്ടിരിക്കുകയാണ്. അതിഭീകരമായ ഒരു ഭീഷണിയാണതിന്ന്; വ്യക്തികള്‍ക്കും രാജ്യങ്ങള്‍ക്കുമെല്ലാം. അതിന്റെ കെണിയില്‍ പെട്ടവര്‍ അതില്‍നിന്നും രക്ഷനേടാന്‍ കഴിയാതെ കുടുങ്ങിക്കിടക്കുന്നു.
ഇസ് ലാം പലിശയെ നിഷിദ്ധമാക്കിയ മതമാണ്. വിനാശകരമായ ഏഴു മഹാപാപങ്ങളില്‍ ഒന്നായി നബി(സ്വ.അ.) പലിശയെ എണ്ണിയിട്ടുണ്ട്. ബുദ്ധിമുട്ടുന്നവന്റെ ദയനീയാവസ്ഥയെ ചൂഷണം ചെയ്ത് തടിച്ചു കൊഴുക്കുന്നവരാണ് പലിശക്കാര്‍.
"പലിശ തിന്നുന്നവര്‍ പിശാച് ബാധ നിമിത്തം മറിഞ്ഞുവീഴുന്നവന്‍ എഴുന്നേല്‍ക്കുന്നത് പോലെയല്ലാതെ എഴുന്നേല്‍ക്കുകയില്ല. കച്ചവടവും പലിശ പോലെത്തന്നെയാണ് എന്ന് അവര്‍ പറഞ്ഞതിന്റെ ഫലമത്രെ അത്. എന്നാല്‍ കച്ചവടം അല്ലാഹു അനുവദിക്കുകയും പലിശ നിഷിദ്ധമാക്കുകയുമാണ് ചെയ്തിട്ടുള്ളത്. അതിനാല്‍ അല്ലാഹുവിന്റെ ഉപദേശം വന്നുകിട്ടിയിട്ട് (അതനുസരിച്ച്) വല്ലവനും (പലിശയില്‍ നിന്ന്) വിരമിച്ചാല്‍ അവന്‍ മുമ്പ് വാങ്ങിയത് അവന്നുള്ളത് തന്നെ. അവന്റെ കാര്യം അല്ലാഹുവിന്റെ തീരുമാനത്തിന്ന് വിധേയമായിരിക്കുകയും ചെയ്യും. ഇനി ആരെങ്കിലും (പലിശയിടപാടുകളിലേക്ക് തന്നെ) മടങ്ങുകയാണെങ്കില്‍ അവരത്രെ നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും" (2:275).
'മുതല്‍ മുടക്കി ആദായം എടുക്കലാണ് പലിശ. അത് തെറ്റാണെങ്കില്‍ കച്ചവടവും തെറ്റല്ലേ? അതും ആദായമെടുക്കല്‍ തന്നെയാണല്ലോ. എന്നിരിക്കെ പലിശവാങ്ങല്‍ തെറ്റും കച്ചവടം ചെയ്യല്‍ തെറ്റില്ലാത്തതുമാകുന്നതെങ്ങനെ?' എന്നൊക്കെയുള്ള ചോദ്യങ്ങള്‍ അന്നും ഇന്നും പലിശക്കാരില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്, ഉയരുന്നുണ്ട്.പലിശ വാങ്ങുക എന്ന അക്രമത്തിനു പുറമെ അതിനെ ന്യായീകരിക്കുക എന്ന അക്രമമാണീ ചോദ്യങ്ങള്‍ എന്നാല്‍ അല്ലാഹു വ്യക്തമാക്കി: 'കച്ചവടം അല്ലാഹു അനുവദിക്കുകയും പലിശ നിഷിദ്ധമാക്കുകയുമാണ് ചെയ്തിട്ടുള്ളത്.
പലിശ നിഷിദ്ധമാക്കിക്കൊണ്ടുള്ള കല്‍പന വരുന്നതിനു മുമ്പ് നടത്തിയിട്ടുള്ള പലിശയിടപാടുകളില്‍ നിശ്ചയ പ്രകാരം ബാക്കി കിട്ടാനുള്ളതൊന്നും മേലില്‍ വസൂലാക്കരുതെന്നും അത് മുഴുവന്‍ ഉപേക്ഷിക്കുക തന്നെ വേണമെന്നും ഖുര്‍ആന്‍ കല്‍ പിക്കുന്നു. ഇസ് ലാമിലേക്ക് കടന്നു വരുന്ന വ്യക്തികളും അന്നുവരെ പലിശ വാങ്ങുന്നവരായിരുന്നുവെങ്കില്‍ ശേഷം കിട്ടാനുള്ളത് വര്‍ജിക്കേണ്ടതാണ്.
"സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, പലിശവകയില്‍ ബാക്കി കിട്ടാനുള്ളത് വിട്ടുകളയുകയും ചെയ്യേണ്ടതാണ്. നിങ്ങള്‍ (യഥാര്‍ത്ഥ) വിശ്വാസികളാണെങ്കില്‍. നിങ്ങള്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ അല്ലാഹുവിന്റെയും റസൂലിന്റെയും പക്ഷത്തു നിന്ന് (നിങ്ങള്‍ക്കെതിരിലുള്ള) സമര പ്രഖ്യാപനത്തെപ്പറ്റി അറിഞ്ഞുകൊള്ളുക. നിങ്ങള്‍ പശ്ചാത്തപിച്ചു മടങ്ങുകയാണെങ്കില്‍ നിങ്ങളുടെ മൂലധനം നിങ്ങള്‍ക്കു തന്നെ കിട്ടുന്നതാണ്. നിങ്ങള്‍ അക്രമം ചെയ്യരുത്. നിങ്ങള്‍ അക്രമിക്കപ്പെടുകയും അരുത്" (2:278).
"സത്യവിശ്വാസികളേ, നിങ്ങള്‍ ഇരട്ടിയിരട്ടിയായി പലിശ തിന്നാതിരിക്കുകയും അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. നിങ്ങള്‍ വിജയികളായേക്കാം" (3:130).
"അല്ലാഹു പലിശയെ ക്ഷയിപ്പിക്കുകയും ദാനധര്‍മങ്ങളെ പോഷിപ്പികുകയും ചെയ്യും. യാതൊരു നന്ദികെട്ട ദുര്‍വൃത്തനെയും അല്ലാഹു ഇഷടപ്പെടുന്നതല്ല" (2:276).
സുഖത്തോടും സംതൃപ്തിയോടുമുള്ള ജീവിതം, സമൂഹത്തില്‍ മാന്യതയും അന്തസ്സും ഉണ്ടായിരിക്കുക, ജനങ്ങളുടെ സ്നേഹാദരവുകള്‍ ലഭിക്കുക മുതലായ കാര്യങ്ങളൊക്കെ ധനം മൂലം ഇഹലോകത്തില്‍ ലഭിക്കാനിടയുള്ള നേട്ടങ്ങളാണ്. പലിശക്കാര്‍ക്കാകട്ടെ ഇതൊന്നും ലഭിക്കാനിടയില്ല. ധനം വര്‍ധിക്കുന്തോറും പിശുക്കും ആര്‍ത്തിയും സമാധാനക്കുറവും വര്‍ധിക്കും. ഒപ്പം ജനങ്ങളുടെ വെറുപ്പും ശത്രുതയും കൂടിക്കൊണ്ടുമിരിക്കും. പരലോകത്തിലാകട്ടെ പലിശാക്കാര്‍ക്ക് ആ ധനം കൊണ്ട് യാതൊരു ഉപകാരവും ലഭിക്കുകയില്ല. നല്ല കാര്യങ്ങളില്‍ ചെലവഴിച്ചാലും അത് നിഷദ്ധമായ സമ്പാദ്യം കൊണ്ടായതിനാല്‍ അതിന് പുണ്യം ലഭിക്കില്ല. നിഷിദ്ധമായ ധനം കൊണ്ട് ചെയ്യുന്ന കാര്യങ്ങള്‍ ദോഷകരമായി ഭവിക്കുകയും ചെയ്യും.
എന്നാല്‍ ധര്‍മിഷ്ഠന്റെ ചെലവഴിക്കല്‍ അല്ലാഹുവിങ്കല്‍ വമ്പിച്ച പ്രതിഫലം ലഭിക്കുന്ന ഒരു പുണ്യകര്‍മമായിരിക്കും അവന്റെ ധര്‍മങ്ങളെ അല്ലാഹു വളര്‍ത്തി വലുതാക്കും. ധനം കുറഞ്ഞുപോയാലും ഉള്ളതില്‍ സംതൃപ്തിയും സമാധാനവും അവനുണ്ടായിരിക്കും. ജനങ്ങള്‍ക്കാകട്ടെ അയാളോട് സ്നേഹവും ബഹുമാനവും വര്‍ധിച്ചുകൊണ്ടേയിരിക്കുകയും ചെയ്യും. വിശുദ്ധ ഖുര്‍ ആന്‍ പറയുന്നു:
"പറയുക: നല്ലതും ദുഷിച്ചതും സമമാവുകയില്ല - ദുഷിച്ചതിന്റെ ആധിക്യം നിന്നെ അത്ഭുതപ്പെടുത്തിയാലും ശരി" (5:103).
"ആരെങ്കിലും ഒരു നല്ല കാര്യം ചെയ്തുവെച്ചാല്‍ അതില്‍ അവന് നാം നന്മ വര്‍ധിപ്പിച്ചുകൊടുക്കുന്നതാണ്" (42:23).

No comments: